| Wednesday, 23rd May 2018, 12:00 am

ലിനിയുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ മുന്നില്‍ തല കുനിക്കുന്നു; അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ നഴ്‌സ് ലിനിക്ക് ആദരാഞ്ജലികളുമായി നടി പാര്‍വ്വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ നഴ്‌സ് ലിനിക്ക് ആദരാഞ്ജലികളുമായി നടി പാര്‍വ്വതി. സ്വന്തം ജീവനും സുരക്ഷയും മാറ്റി വെച്ച് രോഗബാധിതരെ ചികിത്സിച്ച് അകാലത്തില്‍ മരിച്ച പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓര്‍ക്കുന്നെന്നും അവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ മുന്നില്‍ ശിരസ്സ് നമിക്കുന്നെന്നും പാര്‍വതി പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ നഴ്‌സായിരുന്ന ലിനി വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്.

വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു. തന്റെ ജീവന് വില കല്‍പിക്കാതെ പനിപിടിച്ച് മരിക്കുന്നവരെ പരിപാലിച്ച ലിനിയുടെ മരണവും നിപ വൈറസ് മൂലമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Also Read മാലഖയെന്ന് വിളിക്കേണ്ട; മുന്‍കരുതലിനുള്ള അത്യാവശ്യം സൗകര്യങ്ങളെങ്കിലും ഒരുക്കി കൂടേ? ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത അനുഭവത്തില്‍ നിന്നാണ് ചോദ്യം


വിദേശത്തായിരുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷ് സ്ഥലത്തെത്തിയിരുന്നെങ്കിലും ദൂരെ നിന്ന് ലിനിയെ ഒരു നോക്ക് കാണാന്‍ മാത്രമേ കഴിഞ്ഞുള്ളു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് മൃതശരീരം കണ്ടത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് പനി കലശലായ ലിനിയെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം മൂര്‍ച്ഛിക്കുകയും ഇന്നലെ രാവിലെ മരിക്കുകയുമായിരുന്നു.

പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം.

നിപ വൈറസ് ബാധയെ കുറിച്ചുള്ള വാർത്തകളും ചർച്ചകളും കേരളത്തെയാകെ ഭീതിയിൽ ആഴ്ത്തിയിട്ടുണ്ട് . സ്വന്തം ജീവനും സുരക്ഷയും മാറ്റി വെച്ച് രോഗബാധിതരെ ചികിൽസിച്ചു അകാലത്തിൽ ജീവൻ വെടിഞ്ഞ പ്രിയപ്പെട്ട ലിനിയെ വേദനയോടെ ഓർക്കുന്നു. അവരുടെ നിസ്വാർത്ഥമായ സേവനത്തിന്റെ മുന്നിൽ ശിരസ്സ് നമിക്കുന്നു. ആ കുടുംബത്തിന്റെ വേദനയിലും ഇനി മുന്നോട്ടുള്ള യാത്രയിലും ഒപ്പം നിക്കാൻ അതിയായി ആഗ്രഹിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളെയും ഈ നിമിഷത്തിൽ ഓർക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

വാട്സ്ആപ് ഫേസ്ബുക് തുടങ്ങിയ സമൂഹ
മാധ്യമങ്ങളിലൂടെ പല വാർത്തകളും ശെരിയല്ലാത്ത വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ദയവായി അംഗീകൃത സംഘടനകളിൽ നിന്നും വിശ്വാസ്യതയുള്ള സ്ഥലങ്ങളിൽ നിന്നും വരുന്ന വാർത്തകളെ മാത്രം വിശ്വസിക്കൂ , മറ്റുള്ളവരുമായി പങ്കുവെക്കൂ ! നമുക്ക് ഒരുമിച്ച് നിൽക്കാം , ചെറുത്തുനിൽപ്പിന്റെ ഈ യാത്രയിൽ !

We use cookies to give you the best possible experience. Learn more