സല്മാന് ഖാന്‍ നായകനാകുന്ന ‘കിസി കാ ഭായി കിസി കി ജാന്‍’ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുകയാണ്. ഫര്‍ഹദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 21നാണ് റിലീസ് ചെയ്യുന്നത്. നടി ശ്വേത തിവാരിയുടെ മകള്‍ പലക് തിവാരിയാണ് സിനിമയില്‍ നായികയാകുന്നത്. പലക്കിന്റെ ആദ്യത്തെ സിനിമയാണിത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പലക് തിവാരി നല്‍കിയ ഒരു അഭിമുഖം ചര്‍ച്ചയാവുകയാണിപ്പോള്‍. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അവര്‍ നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
സല്‍മാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് 2021ല്‍ പുറത്തിറങ്ങിയ ‘അന്തിം; ദ ഫൈനല്‍ ട്രൂത്ത്’ എന്ന ചിത്രത്തില്‍ പാലക് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സല്‍മാന്റെ സെറ്റില്‍ സ്ത്രീകള്‍ക്ക് ഇറക്കം കൂടിയ കഴുത്തുള്ള വസ്ത്രം ധരിക്കാന്‍ അനുവാദമില്ലെന്ന് തുറന്ന് പറയുകയാണ് പലക്. എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്ന് സല്‍മാന് നിര്‍ബന്ധമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പലര്‍ക്കും ഇതെക്കുറിച്ച് അറിയുമെന്ന് തോന്നില്ല. സല്‍മാന്‍ ഖാന്റെ സെറ്റില്‍ സ്ത്രീകളുടെ വസ്ത്രത്തിന്റെ കഴുത്ത് ഇവിടെയായിരിക്കണം (നെഞ്ചിന് മുകള്‍ഭാഗത്ത് കൈവച്ച് പാലക് പറയുന്നു). തന്റെ സെറ്റിലെ എല്ലാ പെണ്‍കുട്ടികളും ശരീരം മറച്ച് നല്ല പെണ്‍കുട്ടികളായിരിക്കണമെന്നാണ് സല്‍മാന്റെ അഭിപ്രായം.
സെറ്റിലേക്ക് ഞാന്‍ ടീഷര്‍ട്ടും ജോഗറും ധരിച്ച് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മ ചോദിച്ചു, എവിടേക്കാണ് പോകുന്നതെന്ന്. നന്നായി വസ്ത്രം ധരിച്ചിട്ടുണ്ടല്ലോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു അത് സല്‍മാന്‍ സാറിന്റെ സെറ്റിലെ നിയമമാണെന്ന്. വൗ, വളരെ നല്ലത് എന്നാണ് അമ്മ പറഞ്ഞത്,’ പലക് പറഞ്ഞു.
അതെന്താണ് അങ്ങനെയെന്ന അവതാരകന്റെ ചോദ്യത്തിനും പലക് മറുപടി പറഞ്ഞു.
‘അദ്ദേഹം പാരമ്പര്യത്തെ മുറുകിപ്പിടിക്കുന്ന വ്യക്തിയാണ്. ശരിയാണ് ആര്‍ക്ക് എന്ത് വേണമെങ്കിലും ധരിക്കാം. പക്ഷേ തന്റെ സെറ്റിലെ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടണം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ്. പ്രത്യേകിച്ച് അപരിചിതരായ പുരുഷന്‍മാരെ സെറ്റിലുണ്ടാകുമ്പോള്‍,’ പലക് പറഞ്ഞു.
പാലകിന്റെ അഭിമുഖം ചര്‍ച്ചയായകുമ്പോള്‍ സല്‍മാന്‍ ഖാനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ശക്തമാവുകയാണ്. സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും അതിനെ സംരക്ഷണം എന്ന് പറഞ്ഞ് ന്യായീകരിക്കാനാകില്ലെന്നും അഭിപ്രായം ഉയരുന്നു.
content highlight: actress palak tiwari about salman khan