| Saturday, 14th May 2022, 4:32 pm

എന്തുകൊണ്ടാണ് അവര്‍ ചൂഷണം ചെയ്യപ്പെടുന്നത്? അത് അവരുടെ തെരഞ്ഞെടുപ്പല്ല; മീ ടു ഡബ്ല്യു.സി.സി വിവാദത്തില്‍ പത്മപ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഡബ്ല്യു.സി.സിക്ക് ലഭിക്കുന്ന ലൈംഗികാതിക്രമ പരാതികളുടെ 99 ശതമാനവും യഥാര്‍ത്ഥ കേസുകള്‍ തന്നെയാണെന്ന് നടിയും ഡബ്ല്യു.സി.സി അംഗവുമായ പത്മപ്രിയ. എന്നാല്‍ ഇതില്‍ വെറും ഒരു ശതമാനത്തിന് മാത്രമാണ് നീതി കിട്ടുന്നതെന്നും പത്മപ്രിയ പറഞ്ഞു. ഇന്‍ന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

”ഡബ്ല്യു.സി.സി എന്നത് എപ്പോഴും എല്ലാ പ്രശ്നങ്ങളും ശേഖരിച്ച് വെച്ച്, അതിന്റെ പരിഹാരം കണ്ട് പിടിക്കുന്ന സംഘടനയല്ല. ഞങ്ങള്‍ ഒരു പ്രശ്‌നപരിഹാര ഏജന്‍സിയോ മധ്യസ്ഥ ഏജന്‍സിയോ അല്ലെന്ന് കൃത്യമായി ഞങ്ങള്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. നമ്മള്‍ ഒരു ഫെസിലിറ്റേറ്റിംഗ് ഏജന്‍സിയാണ്. എന്നാല്‍ സര്‍വൈവേഴ്സിന്റെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങള്‍ പിന്തുണ നല്‍കും.

അത് ലൈംഗികമോ അത് അല്ലാത്തതോ, എങ്ങനെയുള്ളത് ആണെങ്കിലും ഞങ്ങള്‍ കൂടെ ഉണ്ടാകും. യഥാര്‍ത്ഥത്തില്‍ ചിലരുടെ ചില കാഴ്ചപ്പാടുകള്‍ മാറ്റുകയും, ചര്‍ച്ചയുടെ ഗതി മാറ്റുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. അങ്ങനെ അത് തുല്യ ഇടമായി മാറുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

ഒരു കുട്ടി വന്ന് തനിക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറയുമ്പോള്‍ ഞങ്ങള്‍ ജഡ്ജ് ചെയ്യാന്‍ പോകുന്നില്ല. അതില്‍ സത്യമുണ്ടെങ്കില്‍, ഞങ്ങള്‍ നിയമപരമായ പിന്തുണയോ അല്ലെങ്കില്‍ കൗണ്‍സിലിംഗ് പിന്തുണയോ തരാം, എന്ന് ഞങ്ങള്‍ അവരോട് പറയാറുണ്ട്.

2017ലെ സംഭവം ഉണ്ടായപ്പോള്‍ നമ്മള്‍ ‘ഇര’ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോഴാണ് അത് സര്‍വൈവറായി മാറിയത്. ഇര എന്നത് അതിജീവിച്ച ഒരാള്‍ എന്നതിലേക്ക് മാറുകയാണെങ്കില്‍ അവരുടെ കഥയില്‍ എന്തെങ്കിലും ഒരു സത്യമുണ്ടാകും. അതാണ് നമ്മള്‍ പിന്തുണയ്ക്കുന്നത്, പത്മപ്രിയ പറഞ്ഞു.

സത്യസന്ധമായി പറയുകയാണെങ്കില്‍, ഞാന്‍ സിനിമാ മേഖലയിലേക്ക് വരുമ്പോള്‍ ഇത്തരം വഴിവിട്ട ചില കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് അത് ഗോസിപ്പുകളോ റൂമറുകളോ ആണെന്ന് വിചാരിക്കും. പിന്നെ അത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല.

അത് അവരുടെ ജീവിതമല്ലേ അവരുടെ ചോയ്‌സ് അല്ലേ എന്നൊക്കെയായിരുന്നു കരുതിയത്. എന്നാല്‍ ശരിക്കും അത് അവരുടെ തെരഞ്ഞെടുപ്പാണോ? അവള്‍ അങ്ങനെ എക്‌സ്‌പ്ലോയിറ്റ് ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണ്, അങ്ങനെ ഒരു സ്‌പേസ് ഇവിടെ ഉള്ളതുകൊണ്ടല്ലേ.

ഏറ്റവും ഒടുവിലുണ്ടായ സംഭവമെടുക്കാം. ചൂഷണം ചെയ്യുന്ന ആളുകള്‍ക്ക് എവിടെ നിന്നാണ് അതിനുള്ള ധൈര്യം കിട്ടിയത്.

ഇത് ഒരു ജോലി സ്ഥലമല്ലേ, ജോലി ചെയ്തിട്ട് പോയാല്‍ പോരെ. ഈ സ്പേസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പറയാന്‍ നിങ്ങള്‍ ആരാണ്? അത് അധികാര ദുര്‍വിനിയോഗമാണ്.

അത് ജോലിസ്ഥലത്തെ പീഡനമാണ്. അതാണ് ലൈംഗിക പീഡനം തടയല്‍ നിയമം. ഒരു പെണ്‍കുട്ടി വന്ന് സിനിമയില്‍ അഭിനയിക്കണം എന്ന് പറയുമ്പോള്‍, അത് മുതലെടുക്കും എന്ന് ആരെങ്കിലും പറഞ്ഞാല്‍ തന്നെ അത് തെറ്റാണ്.

ഒരു പ്രശ്‌നം വരുമ്പോള്‍ അതിന്റെ എല്ലാ കുറ്റങ്ങളും ഇരയ്ക്ക് മേല്‍ ചുമത്തുകയാണ്. ഇത് ഇന്‍ഡസ്ട്രി ഉണ്ടാക്കിയെടുത്തതാണ്.

ഞാന്‍ ഇത്തരം ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. ചിലര്‍ക്കൊപ്പം കിടക്ക പങ്കിടാത്തതുകൊണ്ട് അവസരം കുറയുന്നതെന്ന് അപ്പോള്‍ എനിക്ക് തോന്നില്ലേ. സാരമില്ല ഞാന്‍ സിനിമയ്ക്ക് വേണ്ടി വന്നതല്ലേ എന്ന് പറഞ്ഞിട്ട് ചിലപ്പോള്‍ ഞാന്‍ പോയേക്കാം. പക്ഷേ അപ്പോഴും എന്തുകൊണ്ടാണ് അവിടെ എന്റെ അവസരങ്ങള്‍ കുറയുന്നത്? പത്മപ്രിയ ചോദിച്ചു.

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ലഭിക്കുന്ന പരാതികളുടെ എണ്ണം 99 ശതമാനവും യഥാര്‍ത്ഥ കേസുകളാണ്. അതില്‍ ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് നീതി ലഭിക്കുന്നത്.

പ്രതിയെ സംരക്ഷിക്കുന്നതിനേക്കാള്‍ വളരെ പ്രധാനമാണ് അതിജീവിച്ചയാളെ സംരക്ഷിക്കുക എന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രതികള്‍ എന്ന് പറയുന്നവരുടെ ഭാഗത്ത് ശരിയുണ്ടെങ്കില്‍ സ്വാഭാവികമായും നീതി ലഭിക്കും’, പത്മപ്രിയ പറഞ്ഞു.

Content Highlight: Actress Padmapriya about mee too movement wcc women abuse

We use cookies to give you the best possible experience. Learn more