ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കസബ സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗിനെതിരെ പ്രതികരണവുമായി പ്രമുഖ നടിയും അവതാരകയുമായ നൈല ഉഷ. കസബയിലെ ആ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ല എന്നായിരുന്നു നൈല. റെഡ് എഫ്.എമ്മില്‍ ആര്‍.ജെ. മൈക്ക് അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു നൈല ഇക്കാര്യം പറഞ്ഞത്.
കുസൃതി ചോദ്യങ്ങളുടെ ഭാഗമായി അവസാനമായി കണ്ട ഒരു സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗ് ഏതെന്നായിരുന്നു അവതാരകന്റെ ചോദ്യം. അവസാനമായി കണ്ടത് എപ്പോഴാണെന്ന് ചോദിച്ചാല്‍ ഓര്‍മ്മയില്ല പക്ഷേ കസബ സിനിമയുമായി ബന്ധപ്പെട്ട് ഈ വിവാദങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ ആ ഡയലോഗ് താനും കേട്ടിരുന്നു. അത് കേട്ടപ്പോള്‍ അത് വേണ്ടിയിരുന്നില്ലെന്ന് തോന്നി. അത് ആര് പറഞ്ഞാലും, ഒരു സ്ത്രീ പറഞ്ഞാലും പുരുഷന്‍ പറഞ്ഞാലും കേള്‍ക്കാന്‍ ഒരു സുഖമില്ലാത്തൊരു ഡയലോഗ് ആണ് അതെന്നുമായിരുന്നു നൈലയുടെ മറുപടി.
കസബ എന്ന സിനിമയ്ക്ക് എത്ര റേറ്റിംഗ് കൊടുക്കുമെന്ന ചോദ്യത്തിന് താന്‍ ആ സിനിമ കണ്ടിട്ടില്ല, അത് കാണാതെ എനിക്ക് ആ സിനിമയെ വിലയിരുത്താന്‍ കഴിയില്ല. ആ സിനിമയില്‍ അത്തരത്തിലൊരു ഡയലോഗ് ഉണ്ട് എന്നത് കൊണ്ട് ആ സിനിമ മോശമാണെന്ന് ഞാന്‍ പറയില്ല. സിനിമ കണ്ടതിനു ശേഷം ഇഷ്ടപ്പെട്ടില്ലെങ്കില്‍ തീര്‍ച്ചയായും അതിനനുസരിച്ചേ താന്‍ വിലയിരുത്തുകയുള്ളുവെന്നും താരം മറുപടി നല്‍കി.