പാപ്പനിലെ റൊമാന്റിക് സീനില്‍ നൈലയെ എടുത്തുപൊക്കുന്നുണ്ട്, കട്ട് പറഞ്ഞ ശേഷം എന്റെടുത്ത് വന്ന് ആര്‍ യു ഓക്കെ എന്ന് ചോദിച്ചു, പോടി പുല്ലേ എന്നായിരുന്നു എന്റെ മറുപടി: സുരേഷ് ഗോപി
Movie Day
പാപ്പനിലെ റൊമാന്റിക് സീനില്‍ നൈലയെ എടുത്തുപൊക്കുന്നുണ്ട്, കട്ട് പറഞ്ഞ ശേഷം എന്റെടുത്ത് വന്ന് ആര്‍ യു ഓക്കെ എന്ന് ചോദിച്ചു, പോടി പുല്ലേ എന്നായിരുന്നു എന്റെ മറുപടി: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th July 2022, 2:38 pm

പാപ്പന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ജോഷി ചിത്രത്തിലൂടെയുള്ള സുരേഷ് ഗോപിയുടെ ഈ തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കുകയാണ്.

മാസ് മസാലകള്‍ ഇല്ലാതെ തന്നെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ മികച്ച പ്രകടനം നടത്താന്‍ ചിത്രത്തില്‍ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയുടെ ചില റൊമാന്റിക് രംഗങ്ങളൊക്കെ സിനിമയില്‍ വരുന്നത്.

പാപ്പനില്‍ നൈല ഉഷയാണ് സുരേഷ് ഗോപിയുടെ ഭാര്യയായി വരുന്നത്. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളെ കുറിച്ച് വളരെ രസകരമായാണ് സുരേഷ് ഗോപിയും നൈലയും സംസാരിക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളെ കുറിച്ച് സംസാരിച്ചത്.

കുറേ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി ഓണ്‍സ്‌ക്രീന്‍ റൊമാന്‍സ് ചെയ്യുന്നത്. തന്റെ റൊമാന്‍സ് എന്ന് പറഞ്ഞാല്‍ കെട്ടിപ്പിടിക്കലും എടുത്തുപൊക്കലുമൊക്കെയാണ് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. എങ്ങനെയുണ്ടായിരുന്നു സുരേഷേട്ടനൊപ്പമുള്ള റൊമാന്‍സ് എന്ന ചോദ്യത്തിന് അതൊക്കെ ചുമ്മാ പറയുകയാണെന്നും അദ്ദേഹത്തിന് നടുവേദനയാണെന്നും അങ്ങനെ എടുത്തുപൊക്കാനൊന്നും പറ്റില്ലെന്നുമായിരുന്നു നൈലയുടെ മറുപടി. (ചിരി). ഞാന്‍ വേണമെങ്കില്‍ ഇപ്പോള്‍ കാണിക്കട്ടെ എന്നായിരുന്നു ഇതോടെ സുരേഷ് ഗോപിയുടെ ചോദ്യം.

‘ ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ റൊമാന്‍സ് ചെയ്യുന്നത്. പൊറിഞ്ചു മറിയം ജോസില്‍ റൊമാന്‍സ് ഉണ്ടെങ്കിലും ഞാന്‍ അങ്ങനെ റൊമാന്റിക് ആയി അഭിനയിച്ചിട്ടില്ലല്ലോ. ആദ്യമായിട്ടാണ് ഇങ്ങനെ ഓണ്‍ സ്‌ക്രീനില്‍ റൊമാന്‍സ് ചെയ്യുന്നത്. സുരേഷേട്ടന്‍ പടിയിറങ്ങി വന്ന് എന്നെ എടുത്ത് കൊണ്ടുപോകുന്ന രംഗമുണ്ട്. സുരേഷേട്ടന്‍ വന്ന് അങ്ങ് എടുക്കുകയാണ്, ഞാന്‍ ഇങ്ങനെ പറന്നുപോയി. അപ്പോള്‍ എന്റെ മുഖത്ത് വന്ന ചിരി തന്നെയാണ് ശരിക്കും പറഞ്ഞാല്‍ ആ ഷോട്ടില്‍ എടുത്തത്,’ നൈല പറഞ്ഞു.

ഇവിടെ ഇപ്പോള്‍ പ്രകടിപ്പിച്ച ആ ആകാംക്ഷ അവിടേയും പ്രകടിപ്പിച്ചിരുന്നെന്നായിരുന്നു ഇതോടെ സുരേഷ് ഗോപി പറഞ്ഞത്. ഷോട്ട് കഴിഞ്ഞ് ജോഷിയേട്ടന്‍ കട്ട് പറഞ്ഞതും എന്റെ അടുത്ത് വന്ന് എന്റെ നടുവില്‍ കൈ വെച്ച് ആര്‍ യു ഓക്കെ ആര്‍ യൂ ഓക്കെ വിത്ത് യുവര്‍ ബാക്ക് എന്ന് നൈല ചോദിച്ചു. പോടി പുല്ലേ എന്നായിരുന്നു ഞാന്‍ പറഞ്ഞത് (ചിരി), സുരേഷ് ഗോപി പറഞ്ഞു.

സുരേഷേട്ടന്റെ പഴയ സിനിമകളിലെ റൊമാന്‍സൊക്കെ താന്‍ ഏറെ ആസ്വദിച്ചിട്ടുണ്ടെന്നും ശോഭന ചേച്ചിയുമായുള്ള റൊമാന്‍സൊക്കെ ഭയങ്കര ഇഷ്ടമാണെന്നും നൈല ഉഷ പറഞ്ഞു.

ഫൈറ്റ് ചെയ്യുമ്പോള്‍ വേറൊരു സുരേഷേട്ടനാണ്. പാപ്പനായ സുരേഷേട്ടനെയാണ് ഇഷ്ടം. സുരേഷേട്ടന്റെ ബോഡി ലാംഗ്വേജൊക്കെ കണ്ടപ്പോള്‍ എനിക്ക് പഴയ സിനിമയൊക്കെ ഓര്‍മവന്നു, നൈല പറഞ്ഞു.

പത്ത് വര്‍ഷത്തിന് ശേഷമാണ് സുരേഷ് ഗോപി ഒരു പൊലീസ് കഥാപാത്രമായി എത്തുന്നത്. എന്നാല്‍ പതിവ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ സിനിമകളില്‍ കണ്ടുപഴകിയ കഥാപാത്രമല്ല പാപ്പനിലെ എബ്രഹാം മാത്യു മാത്തന്‍. ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Actress Nyla Usha and actor Suresh Gopi about Romantic scenes on Paappan movie