ലൂസിഫറിലും എമ്പുരാനിലും ഭാഗമായതിനെ കുറിച്ചും എമ്പുരാനില്‍ എന്തുകൊണ്ട് സ്‌ക്രീന്‍ സ്‌പേസ് കുറഞ്ഞു എന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി നൈല ഉഷ.
എമ്പുരാനിലേക്ക് വിളിച്ചപ്പോള്‍ പൃഥ്വി തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഒപ്പം ലൂസിഫറില്‍ ആദ്യമായി മോഹന്‍ലാലനൊപ്പം അഭിനയിച്ചതിനെ കുറിച്ചും താരം സംസാരിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഞാന്‍ ശരിക്കും 2024 ല്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തിരുന്നു. ഞാന്‍ പുറത്ത് വര്‍ക്ക് ചെയ്യുകയാണല്ലോ അതിനിടെ നാട്ടില്‍ വന്ന് സിനിമ ചെയ്യുകയാണ്.
പിന്നെ എന്നെ തേടിയെത്തുന്ന കഥാപാത്രങ്ങള്‍, വ്യത്യസ്തമായ എന്തെങ്കിലും കഥാപാത്രങ്ങങ്ങള്‍ വരട്ടെ എന്നിട്ട് ചെയ്യാമെന്ന് തോന്നി. അങ്ങനെ കേള്‍ക്കുന്ന എല്ലാ കഥാപാത്രങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല.
അങ്ങനെ നല്ലൊരു സിനിമ വരട്ടെ, അതിന് വേണ്ടി ബ്രേക്ക് എടുത്താലും കുഴപ്പമില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് എമ്പുരാന്റെ കോള്‍ വരുന്നത്.
തുടക്കത്തില്‍ തന്നെ പൃഥ്വി പറഞ്ഞിരുന്നു ഒന്നോ രണ്ടോ ദിവസത്തെ ഷൂട്ടേ കാണുള്ളൂ വളരെ ചെറിയ കഥാപാത്രമാണ്, സ്‌ക്രീന്‍ സ്‌പേസ് കുറവാണ് എന്നൊക്കെ.
പക്ഷേ അടുത്ത ഭാഗത്തിലേക്ക് ഈ കഥാപാത്രത്തെ ആവശ്യമുണ്ട്. അതുകൊണ്ട് ഈ കഥാപാത്രം തീര്‍ച്ചയായും എമ്പുരാനില്‍ ഉണ്ടാകണം എന്ന് പറഞ്ഞിരുന്നു.
പിന്നെ കൂടുതല്‍ ഒന്നും ആലോചിക്കേണ്ടതില്ല. ഡേറ്റൊക്കെ പറഞ്ഞാല്‍ മതിയെന്നും റെഡിയാണെന്നും പറഞ്ഞു. അങ്ങനെയാണ് എമ്പുരാനിലേക്ക് വരുന്നത്.
ഞാന്‍ ലൂസിഫറില്‍ അഭിനയിച്ചതില്‍ നിന്ന് കുറേ ഭാഗങ്ങള്‍ സിനിമയില്‍ വന്നിട്ടില്ല. ഇതിനകത്ത് ഞാന്‍ എന്തൊക്കെ ഷൂട്ട് ചെയ്‌തോ അതൊക്കെ സ്‌ക്രീനിലുണ്ട്.
ഒരു വലിയ സിനിമയാണ് എമ്പുരാന്‍. എനിക്ക് പരിചയമുള്ള സ്വിറ്റ്‌സര്‍ലന്റില്‍ ഉള്ള സുഹൃത്ത് എമ്പുരാന്‍ കാണാന്‍ വേണ്ടി നാട്ടിലേക്ക് വന്നിരുന്നു. ലാലേട്ടന്‍ ആരാധകരാണ്.
അത്തരത്തില്‍ ഒരു പ്രൊമോഷനും ഇല്ലെങ്കിലും എമ്പുരാന് വേണ്ടി ആള്‍ക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തു. അത്രയും വലിയ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് തന്നെ സന്തോഷമാണ്. എല്ലാ ഗ്ലോറിയും ആ സിനിമയ്ക്ക് കിട്ടുമ്പോള്‍ അതിന്റെ സന്തോഷം എനിക്കും ഉണ്ട്.
ഞാന്‍ ലാലേട്ടന്‍ ആദ്യമായി അഭിനയിക്കുന്നത് കാണുന്നത് ലൂസിഫറിലാണ്. അതിന് മുന്‍പ് അദ്ദേഹത്തെ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. ആ സിനിമയുടെ ആദ്യത്തെ ഷോട്ട് ഒക്കെ എടുക്കുമ്പോള്‍ ഞാനില്ല.
മുകളിലത്തെ ഫ്‌ളോളില്‍ ഇരുന്ന ഞാന്‍ നോക്കുകയാണ് ലാലേട്ടന്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകളൊക്കെ നമ്മുടെ മുന്നിലൂടെ വന്ന് പോകും,’ നൈല ഉഷ പറഞ്ഞു.
Content Highlight: Actress Nyla Usha about Empuraan and her Role