2001ല്‍ നിത്യ ദാസ് അഭിനയിച്ച ചിത്രമാണ് ഈ പറക്കും തളിക. താഹയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. നിത്യ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഈ പറക്കും തളിക.
ചിത്രത്തിലെ പുഴയില്‍ മുങ്ങി പൊങ്ങി വരുന്ന സീന്‍ ഒരുപാട് ടേക്ക് എടുക്കേണ്ടി വന്നതിനെക്കുറിച്ച് പറയുകയാണ് നടി. അതിന്റെ പേരില്‍ ചിത്രത്തിന്റെ അസോസിയേറ്റ് തന്നെ ഒരുപാട് ചീത്ത പറഞ്ഞെന്നും നിത്യ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് എൈസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ പറക്കും തളികയിലെ അനുഭവങ്ങള്‍ നടി പറഞ്ഞത്.
”ഈ പറക്കും തളിക സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഒരുപാട് വഴക്ക് കിട്ടിയിരുന്നു. ആ സിനിമയില്‍ ഞാന്‍ വെള്ളത്തില്‍ നിന്നും പൊന്തി വരുന്ന ഒരു സീനുണ്ട്. ചിത്രത്തിന്റെ ഡയറക്ടര്‍ എന്നെ ചീത്തയൊന്നും പറയില്ല. പക്ഷേ അതിന്റെ അസോസിയേറ്റായ ജോണിച്ചേട്ടന്‍ എന്നെ ഒത്തിരി ചീത്ത പറഞ്ഞിരുന്നു. കാരണം എനിക്ക് വെള്ളത്തില്‍ മുങ്ങാന്‍ അറിയില്ലായിരുന്നു.
ആദ്യമായിട്ടാണ് ഞാന്‍ പുഴയില്‍ ഇറങ്ങുന്നത്. അതില്‍ നിന്നും പൊങ്ങി വരുന്നത് റിസ്‌ക്കായിരുന്നു. ഇപ്പുറത്ത് നിന്ന് ദിലീപേട്ടന്‍ എന്നോട് പറഞ്ഞത് ശ്രദ്ധിക്കണം പേടിക്കേണ്ട കാര്യമില്ല ഒന്നോ രണ്ടോ മുതലകള്‍ മാത്രമേ ഉണ്ടാകുവെന്ന്. അത്ര ഉള്ളു പേടിക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്.
അത് കൂടെ കേട്ടപ്പോള്‍ എന്റെ മനസ് മുഴുവന്‍ മുതലകളായി. അതും കേട്ടിട്ട് എങ്ങനെയാണ് ഞാന്‍ ഉള്ളിലേക്ക് പോകുക. കുറച്ച് പൊങ്ങി ഞാന്‍ വേഗം ഉയര്‍ന്ന് വരുമായിരുന്നു. എത്ര ടേക്ക് പോകേണ്ടി വന്നെന്നോ. അതുകൊണ്ടാണ് എന്നെ ചീത്ത പറഞ്ഞത്.
ഉച്ചക്ക് രണ്ട് മണിക്ക് ഷൂട്ട് ചെയ്ത് തുടങ്ങിയിട്ട് വൈകുന്നേരം അഞ്ച് മണിവരെ ഒറ്റ ടേക്കാണ് പോയത്. കാരണം എനിക്ക് പറ്റുന്നില്ല മുങ്ങാന്‍. അവസാനം അവരെന്നോട് പറഞ്ഞു ഇനി മുങ്ങിയില്ലെങ്കില്‍ പിടിച്ചു മുക്കുമെന്ന്. അപ്പോള്‍ എനിക്ക് ഭയങ്കര പേടിയായി.
അത് വേണോ അതോ സ്വന്തം മുങ്ങുമോയെന്ന് ചോദിച്ചു. സ്വന്തം മുങ്ങാമെന്ന് പറഞ്ഞ് എടുത്ത ടേക്ക് ഓക്കെ ആയി. അതേ സിനിമയില്‍ കുടിച്ചിട്ട് ബസ് ഓടിക്കുന്ന സീനില്‍ ഞാന്‍ ശരിക്കും ബസ് ഓടിച്ചിട്ടില്ല,” നിത്യ ദാസ് പറഞ്ഞു.
ഒരു ബ്രേക്കിന് ശേഷം നിത്യ ദാസ് തിരിച്ചു വന്ന ചിത്രമാണ് പള്ളിമണി. സൈക്കോ ഹൊറര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. ശ്വേത മേനോന്‍, കൈലാഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
content highlight: actress nithya das shares ee parakkum thalika movie experience