Entertainment news
കല്യാണത്തിനുള്ള പുടവ എടുക്കാന്‍ ചെറുക്കന്റെ വീട്ടുകാര്‍ മറന്നു, കുങ്കുമം ചോദിച്ചപ്പോള്‍ അതും മറന്നു: നിത്യ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 08, 02:29 am
Friday, 8th September 2023, 7:59 am

തന്റെ കല്യാണത്തിനുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി നിത്യ ദാസ്. പുടവ മാറുന്ന ചടങ്ങ് തങ്ങളുടെ രീതിയാണെന്നും എന്നാല്‍ ചെറുക്കന്റെ വീട്ടുകാര്‍ക്ക് അത് അറിയില്ലായിരുന്നുവെന്നും നിത്യ പറഞ്ഞു. കുങ്കുമം എടുക്കാനും അവര്‍ മറന്നുപോയെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ നിത്യ പറഞ്ഞു.

‘കല്യാണത്തെ പറ്റി നമുക്കൊരു സങ്കല്‍പമുണ്ടല്ലോ. പെട്ടെന്നായിരുന്നു കല്യാണം നടന്നത്. ഗുരുവായൂര്‍ വെച്ചായിരുന്നു. പുടമുറി കല്യാണം എന്നാണ് പറയുക. പുടവ തന്നിട്ടാണ് കല്യാണം.

കല്യാണത്തിന് അവരോട് പുടവ ചോദിച്ചപ്പോള്‍ അവരത് മറന്നുപോയിരുന്നു. അവര്‍ക്കത് അറിയില്ല. അവരുടെ രീതികള്‍ വേറെ ആയിരുന്നു. എങ്കില്‍ കുങ്കുമം എടുക്കാന്‍ പറഞ്ഞു. അപ്പോള്‍ അതും മറന്നുപോയിരിക്കുകയാണ്. അവസാനം ലിപ്സ്റ്റിക് വെച്ചാണ് കുങ്കുമം തൊട്ടത്. ഒരു ഹറിബറി കല്യാണമായിരുന്നു,’ നിത്യ പറഞ്ഞു.

പള്ളിമണിയാണ് ഒടുവില്‍ പുറത്തുവന്ന നിത്യ ദാസിന്റെ ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്തത്. 14 വര്‍ഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായികയായ ചിത്രം കൂടിയായിരുന്നു പള്ളിമണി. അനില്‍ കുമ്പഴ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്വേത മേനോന്‍, കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അഴതരിപ്പിച്ചിരുന്നത്.

എല്‍.എ. മേനോന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Actress Nithya Das is sharing her fun wedding experiences