ഭര്‍ത്താവിന് ഒ.സി.ഡിയാണെന്ന് അറിയാതെയാണ് വിവാഹം കഴിച്ചത്; എല്ലാം എളുപ്പമായിരിക്കുമെന്ന് കരുതി, പക്ഷെ പണിപാളി: നിത്യ ദാസ്
Entertainment news
ഭര്‍ത്താവിന് ഒ.സി.ഡിയാണെന്ന് അറിയാതെയാണ് വിവാഹം കഴിച്ചത്; എല്ലാം എളുപ്പമായിരിക്കുമെന്ന് കരുതി, പക്ഷെ പണിപാളി: നിത്യ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th March 2023, 4:14 pm

പാര്‍ട്ണര്‍ക്ക് ഒ.സി.ഡിയാണെന്ന് കല്യാണത്തിന് മുമ്പ് തനിക്കറിയില്ലായിരുന്നുവെന്ന് നടി നിത്യദാസ്. പാര്‍ട്ണറിന് എല്ലാം വൃത്തിയായി സൂക്ഷിക്കണമെന്നത് നിര്‍ബന്ധമാണെന്നും അതൊക്കെ ചെയ്യുന്നത് കണ്ടിട്ടാണ് താന്‍ വിവാഹം കഴിച്ചതെന്നും നിത്യ ദാസ് പറഞ്ഞു. എന്നാല്‍ ഒ.സി.ഡിയാണെന്ന് വിവാഹം കഴിഞ്ഞാണ് തനിക്ക് മനസിലായതെന്നും നിത്യ പറഞ്ഞു.

ഇപ്പോള്‍ പാര്‍ട്ണറുടെ കൂടെ കൂടി താനും മാറിയെന്നും വൃത്തിയായിട്ട് സൂക്ഷിക്കുന്ന വ്യക്തിയെ വിവാഹം കഴിച്ചാല്‍ പണി കുറയുമെന്ന് താന്‍ കരുതിയിരുന്നുവെന്നും നിത്യ പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ദാസ് ഇക്കാര്യം പറഞ്ഞത്.

”ഇന്റര്‍വ്യൂയില്‍ തുറന്ന് പറയുന്നത് കൊണ്ട് വീട്ടില്‍ നിന്നും നല്ല ചീത്ത കേള്‍ക്കാറുണ്ട്. എല്ലാവരുടെയും വിചാരം ഹസ്ബന്‍ഡിനെക്കുറിച്ച് ഞാന്‍ വളരെ മോശമായിട്ടാണ് പറയുന്നതെന്നാണ്. അങ്ങനെയല്ല. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതൊക്കെ സത്യമാണ്. ഞാന്‍ നല്ലതാണ് പറയുന്നത്. പക്ഷെ ആളുകള്‍ എടുക്കുന്ന രീതി വേറെയാണ്.

ഏതോരു ഇന്റര്‍വ്യൂയില്‍ എന്റെ ഹസ്ബന്‍ഡ് എല്ലാം ക്ലീന്‍ ആയിട്ട് വെക്കുമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ജയറാമേട്ടന്‍ ഭാര്യ വരുന്നത് അറിഞ്ഞിട്ട് ഏതൊരു സിനിമയില്‍ പണിക്കാരെ വെച്ച് വീട് ക്ലീന്‍ ചെയ്യുന്ന ട്രോള്‍ ഒക്കെ എന്നെ കളിയാക്കിയിട്ടുള്ളത് കണ്ടു. ഞാന്‍ പറഞ്ഞത് സത്യമാണ്. അദ്ദേഹത്തെ അറിയുന്നവര്‍ക്കെല്ലാം അറിയാം. അദ്ദേഹത്തിന്റെ ഒരു ക്വാളിറ്റിയാണ് ഞാന്‍ പറഞ്ഞത്.

ഭയങ്കര വൃത്തിയാണ്. ഒ.സി.ഡിയാണെന്നൊക്കെ പറയാം. അദ്ദേഹത്തിന്റെ കൂടെ കൂടി ഞാനും മാറി. ഇപ്പോള്‍ വീട് ക്ലീന്‍ ആയിട്ട് ഇരുന്നില്ലേല്‍ എനിക്കും ഭയങ്കര ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന് ഒ.സി.ഡിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു.

എന്തുകൊണ്ടാണ് ഒരു മലയാളിയെ കല്യാണം കഴിക്കാതെ പുറത്ത് നിന്ന് കഴിച്ചതെന്ന് എല്ലാവരും എന്നോട് ചോദിച്ചിരുന്നു. എന്റെ വീട്ടില്‍ എന്റെ അച്ഛനേക്കാളും എല്ലാം അടക്കിവെക്കുന്നത് അമ്മയാണ്. അച്ഛന്‍ ഓരോ തവണ കഴിച്ചിട്ട് അതേപോലെ വെച്ച് പോകും. ഞാന്‍ കണ്ട ഇവിടെ ഉള്ളവരൊക്കെ ഇതുപോലെയാണ്.

പക്ഷെ എന്റെ ഹസ്ബന്‍ഡിന് എല്ലാം വൃത്തിയായും ചിട്ടയായിട്ടും നില്‍ക്കണം. അപ്പോള്‍ ഞാന്‍ വിചാരിച്ചു കല്യാണം കഴിച്ചാല്‍ എല്ലാം എളുപ്പമായിരിക്കുമെന്ന്. കാരണം നമുക്ക് പണിയൊക്കെ കുറഞ്ഞ് കിട്ടുമല്ലോ. പക്ഷെ ഇത് ഒ.സി.ഡിയാണെന്ന് ഞാന്‍ അറിഞ്ഞില്ലാലോ. പിന്നെയാണ് മനസിലായത് പണിപാളിയെന്ന്. പിന്നെ ഇത് നമുക്ക് ഒരു പണിയായി,” നിത്യ ദാസ് പറഞ്ഞു.

content highlight: actress nithya das about her husband