|

വീട്ടുകാര്‍ക്കൊക്കെ എന്റെ അഭിമുഖങ്ങള്‍ പേടിയാണ്; പലപ്പോഴും നല്ല ചീത്ത കേട്ടിട്ടുണ്ട്: നിത്യ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നയാളാണ് താനെന്ന് നടി നിത്യ ദാസ്. അങ്ങനെ തുറന്ന് പറയുന്നത് കൊണ്ട് തന്നെ തന്റെ അഭിമുഖങ്ങള്‍ കാണുന്നത് കുടുംബത്തിന് പേടിയാണെന്നും ചിന്തിച്ച് വേണം കാര്യങ്ങള്‍ പറയാനെന്ന് അവര്‍ ഉപദേശിക്കുമെന്നും താരം പറഞ്ഞു.

പണ്ടൊക്കെ സിനിമയുടെ ഷൂട്ട് കഴിഞ്ഞാല്‍ വീട്ടില്‍പോയി കിടന്നുറങ്ങിയാല്‍ മതിയായിരുന്നുവെന്നും എന്നാല്‍ ഇന്ന് അത് നടക്കില്ലെന്നും നിത്യ പറഞ്ഞു. സിനിമക്ക് പ്രൊമോഷന്‍ നല്‍കുക എന്നത് അത്യാവശ്യ ഘടകമാണെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘സിനിമക്ക് പ്രൊമോഷന്‍ കൊടുക്കുന്ന രീതിയൊന്നും അന്നില്ലല്ലോ. നമ്മള്‍ അഭിനയിക്കുന്നു പിന്നെ വീട്ടില്‍ പോയി കിടന്നുറങ്ങുന്നു, അങ്ങനെയൊരു രീതിയായിരുന്നല്ലോ അന്നുണ്ടായിരുന്നത്. ഇപ്പോഴാണെങ്കില്‍ അങ്ങനെയല്ല. പൊതുവെ എനിക്ക് അഭിമുഖങ്ങള്‍ കൊടുക്കാന്‍ താല്‍പര്യമില്ല.

എന്റെ വീട്ടുകാര്‍ക്കൊക്കെ ഞാന്‍ പങ്കെടുക്കുന്ന അഭിമുഖങ്ങള്‍ കാണാന്‍ ഭയങ്കര പേടിയാണ്. കാരണം എല്ലാം തുറന്ന് പറയും. എന്നോട് എപ്പോഴും അവര്‍ പറയും ആലോചിച്ചും ചിന്തിച്ചുമൊക്കെ കാര്യങ്ങള്‍ പറയണമെന്ന്. പക്ഷെ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിന്തിക്കാനുള്ള സമയം എനിക്ക് കിട്ടുന്നില്ല.

അതുകൊണ്ട് തന്നെ അഭിമുഖങ്ങള്‍ നല്‍കുക എന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ നമ്മുടെ സിനിമയെ സംബന്ധിച്ചിടത്തോളം പ്രൊമോഷന്‍ എന്നുപറയുന്നത് ഒരു അത്യാവശ്യ ഘടകമാണ്. ഞാന്‍ ഭയക്കുന്ന ഒരു കാര്യമാണെങ്കില്‍ പോലും നമുക്ക് ഇന്റര്‍വ്യു കൊടുക്കാതിരിക്കാന്‍ കഴിയില്ല.

ഇങ്ങനെ പലതും തുറന്ന് പറഞ്ഞതിന് വീട്ടില്‍ നിന്നൊക്കെ നല്ല ചീത്ത കേട്ടിട്ടുണ്ട്. എന്റെ ഭര്‍ത്താവിനെ കുറിച്ച് ഞാന്‍ ഭയങ്കര മോശമായിട്ടാണ് പറയുന്നത് എന്നാണ് എല്ലാവരും കരുതുന്നത്. പക്ഷെ ഒരിക്കലും അങ്ങനെയല്ല. ഞാന്‍ പറയുന്നതെല്ലാം സത്യമാണ്. ഞാന്‍ പറയുന്നതൊക്കെ നല്ല കാര്യങ്ങളാണ് പക്ഷെ ആള്‍ക്കാര്‍ എടുക്കുന്ന രീതി വ്യത്യാസമുണ്ട്.

ഏതോ ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു, എന്റെ ഭര്‍ത്താവ് വീട് ഭയങ്കര വൃത്തിയായി വെക്കുമെന്ന്. അത് കേട്ടപ്പോള്‍ ജയറാമേട്ടന്റെ പഴയ ഏതോ സിനിമയില്‍ ഭാര്യ വരുന്നതിന് മുമ്പ് പണിക്കാരെ വെച്ച് എല്ലാം ശരിയാക്കുന്ന സീനൊക്കെ വെച്ചുള്ള ട്രോളൊക്കെ ഞാന്‍ കണ്ടിരുന്നു. എന്റെ ഭര്‍ത്താവിനെ അറിയുന്നവര്‍ക്കറിയാം ഞാന്‍ പറഞ്ഞത് സത്യമാണെന്ന്. ആളുടെ ഒരു ഗുണമാണ് ശരിക്കും ഞാന്‍ പറഞ്ഞത്,’ നിത്യ ദാസ് പറഞ്ഞു.

content highlight: actress nithya das about film promotion

Latest Stories