|

ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത്, ഇന്നും ആ സിനിമ കാണുമ്പോള്‍ അറിയാതെ കണ്ണുനിറയും: നിമിഷ സജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങുന്ന താരമായി മാറിക്കൊണ്ടിരിക്കുകയാണ് നിമിഷ സജയന്‍. മൂന്ന് വര്‍ഷത്തിനിടെ ശക്തമായ ഒട്ടേറെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നിമിഷയ്ക്കായി.

ഇതിനിടെ 2018 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നിമിഷയെ തേടിയെത്തി. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു നിമിഷയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

ചെറിയ കാലംകൊണ്ട് അഭിനയിച്ചുതീര്‍ത്ത കഥാപാത്രങ്ങളില്‍ തനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നിമിഷ സജയന്‍.

‘ റിലീസ് ചെയ്ത സിനിമകളില്‍ എന്റെ പ്രിയ കഥാപാത്രം ഈടയിലെ അമ്മുവാണ്. അത്രയും വൈകാരിക തലങ്ങളിലൂടെ സഞ്ചരിച്ച കഥാപാത്രമായിരുന്നത്. ഇന്നും ആ സിനിമ കാണുമ്പോള്‍ അറിയാതെ കണ്ണ് നിറയും. അതിനേക്കാള്‍ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ റിലീസിനൊരുങ്ങുന്ന സിനിമകളിലുണ്ട്’, നിമിഷ പറയുന്നു.

ഒരു സിനിമ കഴിഞ്ഞ് അതിലെ നായികമാര്‍ അപ്രത്യക്ഷമാകുന്ന കാലത്ത് തുടര്‍ച്ചയായി അഭിനയിക്കാന്‍ കഴിയുന്നതിന്റെ രഹസ്യമെന്താണെന്ന ചോദ്യത്തിന് ‘ അയ്യോ കണ്ണുവെക്കല്ലേ, നമ്മള്‍ അതിന് വേണ്ടി ഒന്നും ചെയ്യുന്നില്ല’ എന്നായിരുന്നു നിമിഷയുടെ രസകരമായ മറുപടി. എല്ലാം സംഭവിക്കുകയാണെന്നും താന്‍ അങ്ങോട്ട് പോകാതെ പുതുമയാര്‍ന്ന കഥാപാത്രവുമായി സംവിധായകര്‍ തന്നെ തേടിവരികയാണെന്നും നിമിഷ പറയുന്നു.

തൊണ്ടിമുതലില്‍ ഞാന്‍ അഭിനയിച്ച ശ്രീജ എന്ന കഥാപാത്രവും ഈടയിലെ അമ്മവുമാണ് എനിക്ക് ഇത്രയും അവസരം വരാന്‍ കാരണമാക്കിയത്. കഥ കേട്ടിട്ട് എനിക്ക് സിനിമ സെലക്ട് ചെയ്യേണ്ടി വന്നിട്ടില്ല. സംവിധായകരാണ് എന്നെ സെലക്ട് ചെയ്തത്.

മറ്റു ഭാഷകളില്‍ നിന്നെല്ലാം ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും ഇപ്പോള്‍ അത് വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും നിമിഷ പറയുന്നു.

മലയാള സിനിമയില്‍ നിന്ന് ആഗ്രഹത്തിനൊത്ത നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ട്. ആ സൗഭാഗ്യം നന്നായി ഉപയോഗപ്പെടുത്തിയതിന് ശേഷമാകാം മറ്റ് ഭാഷകളിലെ ഭാഗ്യപരീക്ഷണം, നിമിഷ പറഞ്ഞു.

മുംബൈയില്‍ ജനിച്ചുവളര്‍ന്നതിനാല്‍ മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നെന്നും രണ്ട് വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ആ പരിമിതി താന്‍ മറികടന്നതെന്നും നിമിഷ പറയുന്നു.

തുറമുഖം എന്ന സിനിമയ്ക്ക് വേണ്ടി മട്ടാഞ്ചേരി ഭാഷയും മാലിക്കിനായി തിരുവനന്തപുരം ഭാഷയും പഠിച്ചെടുക്കേണ്ടി വന്നിട്ടുണ്ട്. ഇതൊക്കെ സിനിമയ്ക്ക് വേണ്ടിയുള്ള നമ്മുടെ വാശിയേറിയ ഹോം വര്‍ക്കുകളാണ് , നിമിഷ പറയുന്നു.

Content Highlight: Actress Nimisha Sajayan On Her Favourite Character