ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടിയാണ് നിമിഷ സജയന്‍. പിന്നീട് വന്ന ഓരോ ചിത്രങ്ങളിലും കഥാപാത്രത്തെ ഏറ്റവും സ്വാഭാവികമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് നിമിഷ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടി.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ വെള്ളിത്തിരയിലെത്തുന്നത്. 2017ലിറങ്ങിയ ഈ ചിത്രത്തിലേക്ക് ഓഡിഷനിലൂടെയാണ് നിമിഷയെ തെരഞ്ഞെടുക്കുന്നത്.
എന്നാല്‍ മലയാളം നന്നായി അറിയാത്തതുകൊണ്ട് സിനിമയ്ക്ക് വേണ്ടിയുള്ള ആദ്യ ഓഡിഷന് ശേഷം തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നിമിഷ പറയുന്നു. പിന്നീട് വീണ്ടും വിളിച്ചാണ് തനിക്ക്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലെ ശ്രീജയുടെ റോള്‍ തന്നതെന്നും നടി പറയുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിമിഷ ആദ്യ സിനിമാനുഭവത്തെ കുറിച്ച് സംസാരിച്ചത്.
മുംബൈയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. പക്ഷേ, സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. മുംബൈയില്‍ കെ. ജെ. സോമയ്യ കോളേജില്‍ മാസ് കമ്യൂണിക്കേഷനില്‍ ബിരുദത്തിന് പഠിക്കുമ്പോഴാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയ്ക്കുവേണ്ടി ഓഡിഷനുണ്ടെന്ന് അറിഞ്ഞത്.
എറണാകുളത്ത് ഓഡിഷന് വന്നപ്പോള്‍ മലയാളം ശരിക്ക് അറിയാത്തതു കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് വിട്ടു. പക്ഷേ, അടുത്ത ദിവസം വീണ്ടും വിളിപ്പിച്ചു. പക്ഷേ, അവര്‍ ഉറപ്പൊന്നും പറഞ്ഞില്ല. മൂന്നാം തവണയും വിളിപ്പിച്ചു. അപ്പോള്‍ ക്യാമറാമാന്‍ രാജീവ് രവിയും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. അപ്പോഴാണ് പറഞ്ഞത്, സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍. കഥാപാത്രത്തെയും സന്ദര്‍ഭങ്ങളെയും കുറിച്ച് ദിലീഷേട്ടനും ശ്യാമേട്ടനുമെല്ലാം നന്നായി പറഞ്ഞുതന്നതു കൊണ്ട് വലിയ ആത്മവിശ്വാസം ലഭിച്ചുവെന്ന് നിമിഷ പറയുന്നു.
ചിത്രത്തില്‍ നിമിഷയ്ക്ക് വേണ്ടി ഡബ് ചെയ്തത് നടി കൂടിയായ ശ്രിന്ദയായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് നിമിഷ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിരുന്നു.
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും നായാട്ടുമാണ് നിമിഷയുടേതായി അവസാനമിറങ്ങിയ ചിത്രങ്ങള്‍. മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തുറമുഖത്തിലും മാലികിലും സുപ്രധാന റോളില്‍ നിമിഷയെത്തുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Nimisha Sajayan about her first movie Thondimuthalum Driksakshiyum and the audition