Malayalam Cinema
എന്റെ നിറത്തില്‍ ഞാന്‍ കംഫര്‍ട്ടിബിള്‍ ആണ്; വിമര്‍ശകര്‍ക്ക് നൈസ് ആയി മറുപടി കൊടുക്കാന്‍ അറിയാം: നിമിഷ സജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 20, 10:07 am
Tuesday, 20th April 2021, 3:37 pm

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടംനേടിയെടുത്ത താരമാണ് നിമിഷ സജയന്‍. വളരെ ബോള്‍ഡായ ഒരു നായികയായിട്ടാണ് നിമിഷയെ പലരും കാണുന്നത്. നിമിഷ ചെയ്ത കഥാപാത്രങ്ങളാവാം ഒരുപക്ഷേ അതിന് കാരണം. എങ്കിലും ശക്തമായ കഥാപാത്രങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന നടിയായി നിമിഷ ഇതിനകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്.

സ്വന്തം സ്വഭാവം ഒരിക്കലും സ്‌ക്രീനില്‍ കാണിക്കാറില്ലെന്നും ചെയ്ത ഒരു കഥാപാത്രവും നിമിഷയാണ് എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നുമാണ് താരം പറയുന്നത്.

താനവതരിപ്പിച്ച കഥാപാത്രങ്ങളോ കടന്നുപോയ സാഹചര്യങ്ങളോ ഒന്നും തനിക്ക് ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും താനായിരുന്നു അതിലൂടെ കടന്നുപോകുന്നതെങ്കില്‍ ആ കഥാപാത്രങ്ങള്‍ പ്രതികരിച്ചതിലും ശക്തമായി പ്രതികരിച്ചേനെയെന്നും നിമിഷ പറയുന്നു.

‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലേതുപോലുള്ള അവസ്ഥയൊന്നും എനിക്ക് വീട്ടില്‍ പരിചയമേയില്ല. പക്ഷേ ചുറ്റുവട്ടത്ത് ഒരുപാട് പേരുടെ ജീവിതം കാണുന്നുണ്ടെന്നും’ നിമിഷ  വനിതയ്ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഇരുണ്ട നിറക്കാരെ വേര്‍തിരിവോടെ കാണുന്ന അനുഭവം സിനിമയിലോ ജീവിതത്തിലോ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് നിറത്തെ കുറിച്ചുള്ള കമന്റുകള്‍ മനസിനെ ബാധിക്കുന്നവരുണ്ടാകാമെന്നും എന്നാല്‍ താന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ലെന്നുമായിരുന്നു നിമിഷയുടെ മറുപടി.

അതുകൊണ്ട് തനിക്ക് വേര്‍തിരിവ് തോന്നിയിട്ടില്ലെന്നും തന്റെ നിറത്തിലും ചര്‍മത്തിലും താന്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്നും ആരെന്ത് പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ലെന്നും നിമിഷ പറഞ്ഞു.

ഷോര്‍ട്‌സ് ഇട്ടാല്‍ വിമര്‍ശിക്കുന്നവരെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അനാവശ്യ വിമര്‍ശനങ്ങള്‍ മൈന്‍ഡ് ചെയ്യാറില്ല എന്നായിരുന്നു നിമിഷയുടെ മറുപടി. ‘അവര്‍ അവരുടെ തോന്നല്‍ പറയുന്നു. അത് കാര്യമായിട്ട് എടുക്കണോ വേണ്ടയോ എന്നത് എന്റെ തീരുമാനമല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാല്‍ ‘നൈസ്’ ആയിട്ട് മറുപടി കൊടുക്കാന്‍ എനിക്കറിയാം,’ നിമിഷ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Gighlight: Actress Nimisha Sajan About Critics