| Thursday, 4th August 2022, 9:56 pm

മുമ്പിലിരിക്കുന്നത് ഫഹദാണെന്ന് ചിന്തിക്കരുതെന്ന് ഞാന്‍ എന്നോട് പറഞ്ഞിരുന്നു: നില്‍ജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത മലയന്‍കുഞ്ഞ് മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ഫഹദ് ഫാസിലിന് പുറമെ ജോണ് ആന്റണി, ദീപക്പറമ്പോള്‍, രജീഷ വിജയന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, അര്‍ജുന്‍ അശോകന്‍ തുടങ്ങി നിരവധി പേരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മണ്ണിടിച്ചിലിന്റെ ഭീകരത കാണിച്ചു തന്ന ചിത്രം വേറിട്ട ഒരു കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്.

ചിത്രത്തില്‍ ഫഹദ് ഫാസിലിനോടൊപ്പം മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നില്‍ജ കെ. ബേബിയായിരുന്നു. കപ്പേള, ചുഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ നില്‍ജ നേരത്തെ അഭിനയിച്ചിട്ടുണ്ട്.

ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ ചിത്രമായ മലയന്‍കുഞ്ഞിനെക്കുറിച്ചും ഫഹദുമായി ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് നില്‍ജ.

മുമ്പിലുള്ളത് ഫഹദാണെന്ന് ഒര്‍ക്കരുതെന്ന് സ്വയം പറയാറുണ്ടെന്നാണ് നില്‍ജയുടെ പ്രതികരണം.

‘പുള്ളിക്കാരന്‍ വളരെ സീരിയസായിട്ട് അപ്രോച്ച് ചെയ്ത ഒരു സിനിമയാണിത്. അതുകൊണ്ടു തന്നെ അവര്‍ ഫുള്‍ ടൈം ഇതില്‍ തന്നെയാണ്. അങ്ങനെ കളിചിരി ഉണ്ടായിരുന്ന സെറ്റൊന്നുമല്ല.

ഞാന്‍ സത്യം പറഞ്ഞാല്‍ ഫഹദിന്റെ കൂടെ ഷൂട്ട് ചെയ്യുന്ന സമയത്ത് ഫഹദാണ് മുമ്പിലിരിക്കുന്നത് എന്ന് ചിന്തിക്കരുതെന്ന് എന്നോട് പറയുമായിരുന്നു. ഞാന്‍ അങ്ങനെയാ ചെയ്‌തേ. കാരണം അദ്ദേഹം ആ കോസറ്റിയൂമും ഇരിപ്പും, അതിനകത്തായിരുന്നു. അപ്പോ നമുക്ക് ഓട്ടോമാറ്റിക്കലി അങ്ങനെ ആ സീന്‍ വര്‍ക്ക് ഔട്ട് ആവാനാണ് തോന്നിയത്,’ നില്‍ജ കൂട്ടിച്ചേര്‍ത്തു.

ട്രെയിലര്‍ പുറത്തുവന്നത് മുതല്‍ ചിത്രം വളരെ മികച്ച പ്രതികരണങ്ങളായിരുന്നു നേടിയിരുന്നത്.

ഒരിടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഫഹദിന്റെ മലയാളം ചിത്രം, എ.ആര്‍. റഹ്‌മാന്റെ മ്യൂസിക്, സര്‍വൈവല്‍ ത്രില്ലര്‍ എന്നീ നിലകളിലെല്ലാം ചിത്രം റിലീസിന് മുമ്പേ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന വിഷയങ്ങളായിരുന്നു. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. ചിത്രം നിര്‍മിക്കുന്നത് ഫാസിലാണ്. രജിഷ വിജയനാണ് ചിത്രത്തില്‍ നായിക.

Content Highlight: Actress nilja says that she told her self that it is not fahad standing in front of her

We use cookies to give you the best possible experience. Learn more