| Thursday, 4th August 2022, 8:29 pm

ഒരുപാട് സംസാരിക്കുന്ന ആളല്ല, മനസ് നിറയെ സിനിമയുള്ള നല്ലൊരു മനുഷ്യനാണ് അദ്ദേഹം: നില്‍ജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ സജിമോന്‍ പ്രഭാകരന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ മലയന്‍കുഞ്ഞ് മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

മണ്ണിടിച്ചിലിന്റെ ഭീകരത കാണിച്ചു തന്ന ചിത്രം വേറിട്ട ഒരു കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്.

ചിത്രത്തില്‍ ഫഹദ് ഫാസിലിനോടൊപ്പം മറ്റൊരു പ്രധാനകഥാപാത്രത്തെ അഭിനയിച്ചത് കണ്ണൂര്‍ സ്വദേശിനിയായ നില്‍ജ കെ. ബേബിയായിരുന്നു. കപ്പേള, ചുഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ നില്‍ജ നേരത്തെ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ മലയന്‍കുഞ്ഞിനെക്കുറിച്ചും ചിത്രത്തിന്റെ സംവിധായകനെക്കുറിച്ചും സംസാരിക്കുകയാണ് ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നില്‍ജ.

അധികം കാര്യങ്ങളൊന്നും സജിമോനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വ്യക്തിയാണെന്നുമാണ് നില്‍ജയുടെ പ്രതികരണം.

‘സത്യം പറഞ്ഞാല്‍ എനിക്കും അറിയില്ല. സജിമോന്‍ പ്രഭാകരന്‍ എന്നാണ് പേര്. വയനാട് ആണ് സ്വദേശം. ഒരുപാട് കാലമായിട്ട് സിനിമയില്‍ എ.ഡിയായിട്ടുണ്ട്. ഒരുപാട് നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട്.

അധികം സംസാരിക്കുകയോ അധികം ക്യാമറയ്ക്ക് മുന്നിലേക്ക് വരുകയോ ചെയ്യുന്ന ഒരാളല്ല. ഷൂട്ട് കഴിഞ്ഞ് ഒരു സക്‌സസ് സെലിബ്രേഷന്‍ ഉണ്ടായിരുന്നു. അന്നത്തെ ദിവസം പോലും സജി ചേട്ടന്‍ അധികം സംസാരിച്ചിട്ടില്ല. സജി ചേട്ടന്‍ വര്‍ക്ക് ചെയ്യാനുള്ളത് ചെയ്ത് വെച്ചിട്ടുണ്ട്. അത്രേയുള്ളൂ.

ഒരുപാട് സംസാരിക്കുന്ന ആളൊന്നും അല്ല. കാര്യങ്ങള്‍ കാര്യമായി പറയും. മനസ് നിറയെ സിനിമയുള്ള പാഷനുള്ള നല്ലൊരു മനുഷ്യനാണ്. സെറ്റിലൊക്കെ നല്ല ഉറച്ച ശബ്ദത്തില്‍ അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ വളരെ ഉറച്ച ശബ്ദത്തില്‍ പറയുന്ന ആളാണ്. നല്ല കമാന്‍ഡിങ് പവറുള്ള മനുഷ്യനാണ്,’ നില്‍ജ പറയുന്നു.

ഒരിടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഫഹദിന്റെ മലയാളം ചിത്രം, എ.ആര്‍. റഹ്‌മാന്റെ മ്യൂസിക്, സര്‍വൈവല്‍ ത്രില്ലര്‍ എന്നീ നിലകളിലെല്ലാം ചിത്രം റിലീസിന് മുമ്പേ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്‌മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

Content Highlight: Actress Nilja k baby speaks about director sajimon prabhakaran

We use cookies to give you the best possible experience. Learn more