റേഡിയോ മിര്‍ച്ചിയില്‍ ആര്‍.ജെയായിട്ടാണ് നടി നില്‍ജ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ എന്ന സിനിമയിലൂടെ നില്‍ജ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിരുന്നു. ചുഴല്‍, കപ്പേള, മലയന്‍കുഞ്ഞ് തുടങ്ങിയ സിനിമകളിലും മികച്ച വേഷങ്ങളില്‍ താരം തിളങ്ങിയിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമയിലും മികച്ച വേഷം തന്നെ അവതരിപ്പിക്കാന്‍ നില്‍ജക്ക് കഴിഞ്ഞു. സൗദി വെള്ളക്ക എന്ന സിനിമയെ കുറിച്ചും അതിലേക്ക് താന്‍ വന്നതിനെ കുറിച്ചും പറയുകയാണ് നടി നില്‍ജയിപ്പോള്‍.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് തരുണ്‍ സിനിമയെ കുറിച്ച് പറയുന്നതെന്നും തിരക്കഥ വായിച്ചപ്പോള്‍ തന്നെ സിനിമ ഹിറ്റാകുമെന്ന് അറിയാമായിരുന്നു എന്നും നില്‍ജ പറഞ്ഞു. ലുക്മാന്‍ അയല്‍വീട്ടിലെ പയ്യനെ പോലെയാണെന്നും അതിഭാവുകത്വമില്ലാതെയാണ് സിനിമയില്‍ എല്ലാവരും അഭിനയിച്ചതെന്നും അതുകൊണ്ട് തന്നെ അവര്‍ക്കൊപ്പം പിടിച്ച് നില്‍ക്കുക ഒരു ചലഞ്ചായിരുന്നു എന്നും താരം പറഞ്ഞു.
‘സൗദി വെള്ളക്ക എന്നും വലിയ സ്‌പെഷ്യലാണ്. എന്നെ നേരില്‍ കാണണമെന്ന് തരുണ്‍ മൂര്‍ത്തി ഇന്‍സ്റ്റഗ്രാമിലാണ് പറയുന്നത്. ബയന്‍ഡ് ചെയ്ത് പ്രിന്റഡ് തിരക്കഥയുമായി തരുണ്‍ വന്നു. അനുമോള്‍ എന്ന വേഷമായിരുന്നു എനിക്ക്. സ്‌ക്രിപ്റ്റ് വായിച്ചിട്ട് വിളിക്കാന്‍ തരുണ്‍ പറഞ്ഞു. മൊത്തം വായിച്ചപ്പോള്‍ സത്താറും നസിയുമൊക്കെ ആരാണ് ചെയ്യുന്നതെന്ന് അറിയാനായിരുന്നു ആഗ്രഹം.
സ്‌ക്രിപ്റ്റില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ഇത് സ്വീകരിക്കപ്പെടുമെന്ന് അന്നേ ഉറപ്പായിരുന്നു. ലുക്മാനും രമ്യയുമായിട്ടാണ് എനിക്ക് കോമ്പിനേഷന്‍ സീനുകള്‍ കൂടുതലും. അടുത്ത വീട്ടിലെ പയ്യന്‍ പെരുമാറ്റമാണ് ലുക്മാന്റേത്. ബ്രിട്ടോയായി വേഷമിട്ട് ബിനു പപ്പു ചേട്ടന്‍ അസോസിയേറ്റുമായിരുന്നു. അവസാന സീനില്‍ ആ ഉമ്മയുടെ ചിരി കണ്ടില്ലേ. അതേ ചിരിയായിരുന്നു ഐഷ റാവുത്തറായി വേഷമിട്ട 87 ദേവി വര്‍മക്ക് സെറ്റില്‍ എപ്പോഴും.
അനുമോള്‍ക്ക് സിനിമില്‍ രണ്ട് കാലഘട്ടമുണ്ട്. ഒന്ന് ഗര്‍ഭിണിയായും മറ്റേത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായും. ഗര്‍ഭിണിയായിട്ടുള്ള ഭാഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്. അതിനുവേണ്ടി ഞാന്‍ ശരീരഭാരം കൂട്ടിയിരുന്നു. 17 ദിവസത്തിന് ശേഷം സ്‌കൂള്‍ കുട്ടിയാകാന്‍ ചെല്ലുമ്പോള്‍ തരുണ്‍ ഓകെ പറയുമോ എന്നായിരുന്നു പേടി. അപ്പോഴേക്കും ശരീരഭാരം കുറയണം, മെലിയണം , സ്‌കൂള്‍ ,യൂണിഫോം ചേരണം അതൊരു ചലഞ്ചായിരുന്നു.
കഠിനമായ വ്യായാമമൊക്ക ചെയ്ത് അത് ശരിയാക്കി. അതി ഭാവുകത്വം ഒന്നുമില്ലാതെയാണ് സിനിമയിലെ എല്ലാവരും തന്നെ അഭിനയിച്ചിരിക്കുന്നത്. അവര്‍ക്കൊപ്പം പിടിച്ച് നില്‍ക്കുക എന്നതും ഒരു ചലഞ്ചായിരുന്നു,’ നില്‍ജ പറഞ്ഞു.
സൗദി വെള്ളക്കക്ക് തിയേറ്ററിലും പിന്നീട് ഒ.ടി.ടി റിലീസിന് ശേഷവും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അമിത് ചക്കാലക്കല്‍ നായകനാകുന്ന തേര് ആണ് നില്‍ജയുടെ ഏറ്റവും പുതിയ സിനിമ. എസ്.ജെ സിനുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബാബുരാജ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: actress nilja about tharu moorthy