എം.ടി വാസുദേവന്‍ നായരുടെ ചെറുകഥകളെ അടിസ്ഥാനമാക്കി എം.ടി തന്നെ നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി തിരക്കഥ എഴുതുന്ന അന്തോളജിയില്‍, അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി നില്‍ജ.കെ.ബേബി. ആന്തോളജിയില്‍ രഞ്ജിത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന കടുകെണ്ണാവെയിലാണ് താരം അഭിനയിച്ചത്.
എം.ടിയും മമ്മൂട്ടിയും രഞ്ജിത്തുമൊക്കെ ഒരുമിച്ച് വരുന്ന സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ചെറിയമ്മയായിട്ടാണ് താന്‍ അഭിനയിക്കുന്നതെന്നും നില്‍ജ പറഞ്ഞു. മുപ്പത് മിനിട്ട് മാത്രമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നും അതില്‍ കുറച്ച് ഭാഗത്ത് മാത്രമാണ് താന്‍ അഭിനയിക്കുന്നതെന്നും 24 ന്യൂസിനോട് സംസാരിക്കവെ താരം കൂട്ടിച്ചേര്‍ത്തു.
‘എം.ടി സാറിന്റെ ആ പ്രൊജക്ട് ഞാന്‍ ചെയ്ത് കഴിഞ്ഞു. ഒമ്പത് കഥകളുള്ള ആന്തോളജിയാണ് അത്. അതില്‍ രഞ്ജിത് സാര്‍ സംവിധാനം ചെയ്യുന്ന കടുകെണ്ണാവെയിലാണ് ഞാന്‍ അഭിനയിച്ചത്. മമ്മൂക്കയാണ് അതില്‍ നായകന്‍. ആ സിനിമയില്‍ മമ്മൂക്കയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തുള്ള ചെറിയമ്മയായിട്ടാണ് ഞാന്‍ പെര്‍ഫോം ചെയ്തത്.
ശരിക്കും പറഞ്ഞാല്‍ അതിലുള്ളതെല്ലാം വലിയ പേരുകളാണല്ലോ. എം.ടി സാറിന്റെ കഥ, രഞ്ജിത്ത് സാര്‍ സംവിധാനം, മമ്മൂക്ക നായകന്‍ എന്നൊക്കെ പറയുമ്പോള്‍ നമുക്ക് എന്തോ ഒരു ഫീലാണല്ലോ. കടുകെണ്ണാവെ ഒരു മുപ്പത് മിനിട്ട് മാത്രമാണുള്ളത്. അതില്‍ തന്നെ വളരെ കുറച്ച് ഭാഗത്ത് മാത്രമാണ് ഞാനുള്ളത്.
രണ്ട് കാലഘട്ടമാണ് അവിടെ കാണിക്കുന്നത്. അവിടെ മമ്മൂക്കയുടെ ചെറുപ്പം വരുന്ന ഭാഗത്താണ് ഞാന്‍ അഭിനയിക്കുന്നത്. പക്ഷെ അവരുടെയൊക്കെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചില്ല. എന്നാലും അദ്ദേഹത്തെ മീറ്റ് ചെയ്യാന്‍ സാധിച്ചു. ശരിക്കും പറഞ്ഞാല്‍ അത് വേറൊരു അനുഭവം തന്നെയായിരുന്നു,’ നില്‍ജ കെ. ബേബി പറഞ്ഞു.
content highlight: actress nilja about mammootty