മമ്മൂക്കയെ കണ്ടപ്പോള്‍ എന്റെ കാല്‍ പോലും നിലത്ത് ഉറച്ചിരുന്നില്ല, അതിന്റെ കാരണം ഇതായിരുന്നു
Entertainment news
മമ്മൂക്കയെ കണ്ടപ്പോള്‍ എന്റെ കാല്‍ പോലും നിലത്ത് ഉറച്ചിരുന്നില്ല, അതിന്റെ കാരണം ഇതായിരുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th December 2022, 8:42 am

ഫഹദ് ഫാസിലിന്റെ വലിയൊരു ആരാധികയാണ് താനെന്ന് നടി നിലീന്‍ സാന്‍ഡ്ര. ഫഹദിന്റെ ചിരിയില്‍ പോലും വ്യത്യസ്തതയുണ്ടെന്നും ഓരോ സിനിമയിലും ഓരോ തരത്തിലുള്ള ചിരിയാണ് അദ്ദേഹം ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഫഹദിന്റെ എല്ലാ സിനിമയും എല്ലാ കഥാപാത്രങ്ങളും തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചെറുപ്പത്തില്‍ താന്‍ മമ്മൂക്ക ആരാധികയായിരുന്നുവെന്നും, ഇന്നും അദ്ദേഹത്തോട് അതേ ആരാധന തുടരുകയാണെന്നും നിലീന്‍ പറഞ്ഞു. 2018 എന്ന സിനിമയുടെ ടീസര്‍ ലോഞ്ചിങ്ങിനിടയില്‍ വെച്ച് മമ്മൂട്ടിയ കണ്ടതിന്റെ അനുഭവവും താരം പങ്കുവെച്ചു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നിലീന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഈ ഫാന്‍ ഗേള്‍ സാധനമൊക്കെ ഞാന്‍ ഒരു ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിട്ടതാണ്. പക്ഷെ എനിക്ക് ഇപ്പോള്‍ ഏറ്റവും ഇഷ്ടമുള്ള നടന്‍ ഫഹദ് ഫാസിലായിരിക്കും. അതുകൊണ്ട് തന്നെ ഫഹദ് ഫാസിലിന്റെ കൂടെ സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. നായികയായി അഭിനയിക്കണമെന്ന നിര്‍ബന്ധം ഒന്നുമില്ല. അതിപ്പോള്‍ ഏത് റോള്‍ ആണെങ്കിലും ഞാന്‍ ചെയ്യും.

ഫഹദ് ഫാസിലിനെ വെച്ച് ഒരു സ്‌ക്രിപ്റ്റ് ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. എന്നാല്‍ ആവശ്യമാണെങ്കില്‍ അതും നോക്കാം. കാരണം എന്താണെന്ന് വെച്ചാല്‍ അത്രക്കൊന്നും ഞാന്‍ ഇതുവരെ എത്തിയിട്ടില്ല. ആദ്യം കുറച്ചൊന്ന് കയറിയിട്ട് ബാക്കി പരിപാടിയൊക്കെ നോക്കാം. ഫഹദ് ഫാസിലിന്റെ എല്ലാ സിനിമയും അദ്ദേഹം ചെയ്ത എല്ലാ കഥാപാത്രങ്ങളും എനിക്ക് ഭയങ്കര ഇഷ്ടമാണ്.

അദ്ദേഹത്തിന്റെ ചിരിയാണെങ്കില്‍ പോലും വളരെ വ്യത്യസ്തമാണ്. ഓരോ സിനിമയിലും ഓരോ തരത്തിലാണ് അദ്ദേഹം ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്. എബിയുടെ അഭിനയത്തെ ഫഹദുമായി താരതമ്യപ്പെടുത്തി ഒരുപാട് ആളുകള്‍ പറയുന്നത് കേട്ടിരുന്നു. എനിക്ക് തോന്നുന്നു, കാണാന്‍ കുറച്ച് സിമിലര്‍ ആയതുകൊണ്ടാണ് എല്ലാവരും അങ്ങനെ പറയുന്നത്.

അപ്പോള്‍ അവന്‍ ചെയ്യുമ്പോള്‍ ഫഹദ് ചെയ്യുന്നതുപോലെ തോന്നും. നമ്മള്‍ വെറുതെ തമാശക്ക് കളിയാക്കാറുണ്ട് അവനെ. ആയുഷ്മാന്‍ ഖുറാനി എന്ന് വിളിച്ചായിരുന്നു ഞങ്ങള്‍ അവനെ കളിയാക്കിയിരുന്നത്. ഇനി നോക്കിക്കോ അവനെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ആയുഷ്മാന്‍ ഖുറാനിയായിട്ട് തോന്നും.

ഇതൊക്കെ പറഞ്ഞ് വരുമ്പോഴാണ്, ചെറുപ്പത്തില്‍ ഞാന്‍ മമ്മൂക്ക ഫാനായിരുന്നു. ഇപ്പോഴും ഞാന്‍ മമ്മൂക്ക ഫാന്‍ തന്നെയാണ്. ഞാന്‍ 2018ന്റെ ടീസര്‍ റിലീസിന് പോയിരുന്നു. എന്നിട്ട് മമ്മൂക്കയുടെ ബാക്കില്‍ പേടിച്ച് മാറി നില്‍ക്കുകയായിരുന്നു. അടുത്ത് ചെല്ലണോ വേണ്ടയോ എന്ന സംശയമായിരുന്നു എനിക്ക്. ശരിക്കും എനിക്ക് എണീക്കണമെന്നുണ്ടായിരുന്നു. പക്ഷെ എന്റെ കാല്‍ തറയില്‍ ഉറക്കുന്നില്ലായിരുന്നു,’ നിലീന്‍ സാന്‍ഡ്ര പറഞ്ഞു.

content highlight: actress nileen sandra talks about fahad fasil and mammootty