| Sunday, 25th December 2022, 10:21 pm

റൊമാന്റിക് സീന്‍ ഒഴിവാക്കാമോയെന്ന് ചോദിച്ച ശബരീഷ് മെഴുകുതിരി സീനില്‍ ഞാന്‍ പറയാത്തത് കൂടി ചെയ്തു: നിലീന്‍ സാന്ദ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിക്ക് വെബ്സീരിസിലൂടെ ശ്രദ്ധേയയായ ആര്‍ട്ടിസ്റ്റും സ്‌ക്രിപ്റ്റ് റൈറ്ററുമാണ് നിലീന്‍ സാന്ദ്ര. കരിക്കിലെ സാമര്‍ത്ഥ്യ ശാസ്ത്രം എപ്പിസോഡില്‍ അഭിനയിച്ച നിലീന്‍ തന്നെയാണ് സീരിസിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്.

സാമര്‍ത്ഥ്യ ശാസ്ത്രത്തിലെ റൊമാന്റിക് സീനിനെക്കുറിച്ച് പറയുകയാണ് നിലീന്‍ സാന്ദ്ര. റൊമാന്റിക് സീനിന്റെ ആവശ്യമുണ്ടോയെന്നും ആ ഭാഗം ഒഴിവാക്കിക്കൂടെയെന്നും ശബരീഷ് തന്നോട് ചോദിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ശബരീഷ് റൊമാന്റിക് പേഴ്‌സണ്‍ അല്ലെന്നും റിയല്‍ ലൈഫില്‍ പോലും അതിനെയൊക്കെ ക്രിഞ്ച് എന്ന് വിളിക്കുന്ന വ്യക്തിയാണെന്നും തന്റെ നിര്‍ബന്ധത്തിനാണ് സീന്‍ ചെയ്തതെന്നുമാണ് നിലിന്‍ സാന്ദ്ര പറഞ്ഞത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സ്‌ക്രിപ്റ്റില്‍ വളരെ ചെറുതായിട്ട് വന്ന സീനായിരുന്നു റൊമാന്‍സ് സീന്‍. ഉദാഹരണത്തിന് സ്‌ക്രിപ്റ്റില്‍ എഴുതുമ്പോള്‍ ജൂഡ് ഡെയ്‌സിയെ നോക്കുന്നു എന്ന് മാത്രമാണ് നമ്മള്‍ എഴുതുക. അല്ലാതെ പ്രണയം നിറഞ്ഞ കണ്ണുകളിലൂടെ നോക്കുന്നു എന്നൊന്നും ഞാന്‍ എഴുതിയിട്ടില്ല.

ഇത് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. ഞങ്ങള്‍ തേക്കടിയിലാണ് ഫസ്റ്റ് ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് സ്‌ക്രിപ്റ്റിന്റെ ഫുള്‍ വായന കഴിഞ്ഞപ്പോള്‍ റൊമാന്റിക് സീനിന്റെ ആവശ്യമുണ്ടോയെന്ന് ശബരീഷ് എന്നോട് ചോദിച്ചിരുന്നു.

ശബരീഷ് ബേസിക്കലി റൊമാന്റിക് പേഴ്‌സണ്‍ ഒന്നുമല്ല. റിയല്‍ ലൈഫില്‍ പോലും അതിനെയൊക്കെ ക്രിഞ്ച് എന്ന് വിളിക്കുന്ന ആളാണ്. പക്ഷെ ചോദിച്ചത് ശരിയാണ് ഒഴിവാക്കിയാലും ഒരു രീതിയിലും അത് കഥയെ ബാധിക്കില്ല. അപ്പോള്‍ ഇതിന്റെ ആവശ്യമുണ്ടോയെന്ന് എന്നോട് ചോദിച്ചു.

വെറുതെ ചെയ്ത് നോക്കാമെന്ന് ഞാന്‍ അവനോട് പറഞ്ഞു. വര്‍ക്കായില്ലെങ്കില്‍ കട്ട് ചെയ്ത് കളയാമെന്ന് ഞാന്‍ അവനോട് പറഞ്ഞു. മെഴുകുതിരി സീനില്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ വരെ അവന്‍ ചെയ്തു. ക്ലൈമാക്‌സ് സ്‌പോയില്‍ അവാതിരിക്കാന്‍ വേണ്ടി മാത്രം ഇട്ട സീനാണ്. പക്ഷെ അത് വര്‍ക്കായി,” നിലീന്‍ സാന്ദ്ര പറഞ്ഞു.

CONTENT HIGHLIGHT: ACTRESS NILEEN SANDRA ABOUT SAMARTHYA SHASTHRAM

We use cookies to give you the best possible experience. Learn more