Entertainment news
കണ്ണൊന്ന് ചിമ്മിയതിന് അവര്‍ എന്നെകൊണ്ട് മുപ്പത്തിയഞ്ച് ടേക്ക് എടുപ്പിച്ചു: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 16, 11:38 am
Friday, 16th December 2022, 5:08 pm

സിനിമയെ സീരിയസായി കണ്ടിരുന്നില്ലായെന്നും, വെട്രിവേല്‍ എന്ന തമിഴ് സിനിമക്കുശേഷമാണ് താന്‍ സിനിമയെ ഗൗരവമായി സമീപിച്ചതെന്നും നടി നിഖില വിമല്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സിനിമ ചെയ്യണം എന്ന വലിയ ആഗ്രഹം കൊണ്ടൊന്നും സിനിമയില്‍ വന്നയാളല്ല ഞാന്‍. ഡിഗ്രി ഫൈനല്‍ ഇയര്‍ എക്‌സാം എഴുതാതെയാണ് ഞാന്‍ ലൗവ് 24ല്‍ അഭിനയിക്കാന്‍ പോകുന്നത്. അന്നെനിക്ക് എക്‌സാം എഴുതാന്‍ പറ്റാത്തതില്‍ ഭയങ്കര വിഷമമായിരുന്നു. അടുത്ത കൊല്ലം എന്റെ കൂടെയുള്ളവര്‍ പിജിക്ക് ചേരുമ്പോള്‍ ഞാന്‍ എന്ത് ചെയ്യുമെന്ന പേടിയായിരുന്നു.

 

പിന്നെ അടുത്ത വര്‍ഷം അവസാനം മാത്രമേ എനിക്ക് എക്‌സാം എഴുതാന്‍ പറ്റുകയുള്ളു. അങ്ങനെ ആ ഒരു ഗ്യാപ്പില്‍ എന്ത് ചെയ്യണമെന്ന് ഓര്‍ത്തിരിക്കുമ്പോളാണ് വെട്രിവേല്‍ എന്ന തമിഴ് സിനിമ വരുന്നത്. അവിടെ ചെല്ലൂന്നത് വരെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ വലിയ താല്‍പര്യമില്ലായിരുന്നു.

മലയാളത്തില്‍ ആദ്യ സിനിമ ചെയ്തപ്പോള്‍ ഒരു ടേക്ക് അല്ലെങ്കില്‍ രണ്ട് ടേക്കില്‍ ഞാന്‍ എല്ലാം ശരിയാക്കുമായിരുന്നു. എന്നാല്‍ തമിഴില്‍ പോയപ്പോള്‍ എല്ലാം മാറി. മുപ്പത് മുപ്പത്തിയഞ്ച് ടേക്ക് എടുത്തിട്ടും ഒന്നും ഓക്കെയാവുന്നില്ലായിരുന്നു. സിനിമയില്‍ എന്റെ അനിയനായി അഭിനയിക്കുന്നയാളോട് എന്തോ ചോദിക്കുന്നതായിരുന്നു സീന്‍.

ക്ലോസപ്പ് ഷോട്ടായിരുന്നു എടുത്തത്. ഷോട്ട് എടുക്കുമ്പോള്‍ എന്റെ കണ്ണ് അടഞ്ഞു പോകുന്നു എന്ന് പറഞ്ഞാണ് അത്രയും ഷോട്ട് എന്നെകൊണ്ട് എടുപ്പിച്ചത്. അവര്‍ പറയുന്നത് ഒരു സെന്റന്‍സില്‍ ഒരു തവണ മാത്രമേ കണ്ണ് ചിമ്മാന്‍ പാടുള്ളു എന്നാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ നമ്മള്‍ ഒരിക്കലും നോട്ടീസ് ചെയ്യാത്ത പല കാര്യങ്ങളും അവര്‍ കണ്ടുപിടിച്ച് തന്നു.

ആദ്യത്തെ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടില്‍ വിളിച്ച് പറഞ്ഞു, ഇതൊന്നും നടക്കുമെന്ന് തോന്നുന്നില്ല, മിക്കവാറും പറഞ്ഞുവിടുമെന്നാ തോന്നുന്നതെന്ന്. ശരിക്കും അവിടെ നിന്നുമാണ് ഞാന്‍ സിനിമ സീരിയസായി കാണാന്‍ തുടങ്ങുന്നത്,’ നിഖില വിമല്‍ പറഞ്ഞു.

content highlight: actress nikhila vimal says about her first movie