കൊച്ചി: ബീഫ് വിഷയവുമായി ബന്ധപ്പെട്ട് താന്‍ മുന്‍പ് പറഞ്ഞ നിലപാട് വൈറലാകുന്നതിന് പിന്നില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യമാണെന്ന് നടി നിഖില വിമല്‍. ബീഫ് കഴിക്കരുത് എന്നുള്ള ഒരു ചര്‍ച്ച നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തന്റെ അന്നത്തെ പരാമര്‍ശവും വിവാദമായതെന്ന് നിഖില വിമല്‍ പറഞ്ഞു.
ബീഫ് കഴിക്കുമെന്ന് പറഞ്ഞപ്പോള്‍ പലരുടേയും പ്രശ്‌നം താന്‍ പോര്‍ക്ക് കഴിക്കുമോ എന്നതായിരുന്നു. എന്നാല്‍ ഞാന്‍ പറയുന്നു, ഞാന്‍ അതും കഴിക്കും, റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഖില വിമല്‍ പറഞ്ഞു.
കാര്യങ്ങള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ ഇതുവരെ തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ബീഫ് ഇന്റവ്യു വന്ന ശേഷമാണ് ചിലരൊക്കെ അത് ചര്‍ച്ചയാക്കിയതെന്നും അതിന് മുന്‍പ് ആരും തന്റെ രാഷ്ട്രീയം എന്താണെന്ന് ചോദിച്ചിട്ടില്ലെന്നും നിഖില പറഞ്ഞു.
അന്ന് ഞാന്‍ പറഞ്ഞത് നന്നായി, അങ്ങനെ പറയേണ്ടതില്ലായിരുന്നു എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ വന്നു എന്നല്ലാതെ അതിന്റെ പേരില്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കി.
അന്ന് അതൊരു ഗെയിമിന്റെ ഭാഗമായിട്ട് പറഞ്ഞതാണ്. മീനിനേയും കോഴിയേയും കൊല്ലുകയാണെങ്കില്‍ പശുവിനേയും കൊല്ലാമെന്നാണ് പറഞ്ഞത്. കൊല്ലുകയാണെങ്കില്‍ എല്ലാത്തിനേയും കൊല്ലണമെന്ന് പറഞ്ഞു.
ചിക്കന്‍ കഴിക്കും, ബീഫ് കഴിക്കില്ലെന്ന് ചിലര്‍ പറയും. അത് അവരുടെ ചോയ്‌സ് ആണ്. കൊല്ലരുത് എന്ന് പറയുന്നതിന്റെ ലോജിക്ക് മനസിലായിട്ടില്ല എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ബീഫ് കഴിക്കും. അപ്പോള്‍ എല്ലാരും ചോദിച്ചത് പോര്‍ക്ക് കഴിക്കുമോ എന്നായിരുന്നു. ഞാന്‍ അതും കഴിക്കും. അത് പറയുന്നതിലും എനിക്ക് ഒരു മടിയുമില്ല. ഇതൊക്കെ പണ്ടേ എന്റെ വീട്ടില്‍ അച്ഛന്‍ കഴിക്കാനായി വാങ്ങിക്കുന്ന സാധനങ്ങളാണ്. സിംഹത്തിനെ കഴിക്കുമോ പുലിയെ കഴിക്കുമോ എന്നൊക്കെ ചോദിച്ചാല്‍ അതൊന്നും ഞാന്‍ കഴിക്കില്ല, നിഖില വിമല്‍ പറഞ്ഞു.
തല്ലുമാല ഒ.ടി.ടിയില്‍ റിലീസ് ചെയ്തപ്പോള്‍ ബീഫ് എന്നത് കന്നടയില്‍ മട്ടന്‍ ആയി. ബീഫ് എന്ന വാക്കുണ്ടെങ്കില്‍ ഒ.ടി.ടിയില്‍ ബിസിനസ് നടക്കുന്നില്ല. ഇതിനെ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് ഇന്നത്തെ സാഹചര്യത്തില്‍ ഉണ്ടാകുന്ന ചില മാറ്റങ്ങളാണ് ഇതൊക്കെയെന്നായിരുന്നു നിഖിലയുടെ മറുപടി.
ഇതിലൊക്കെ മാറ്റം വരുത്തണമെന്ന് നമ്മളൊക്കെ തന്നെ ചിന്തിക്കണം. അവര്‍ ആരും ആ സിനിമയില്‍ അത് പറയാതിരുന്നിട്ടില്ല. അവര്‍ ചെയ്യേണ്ടത് ചെയ്തിട്ടുണ്ട്. വേണ്ടാന്ന് വെക്കുകയോ ഒഴിവാക്കപ്പെടുമെന്ന് വിചാരിച്ച് അവരുടെ സിനിമയില്‍ നിന്ന് ആ ഡയലോഗ് മാറ്റുകയോ ചെയ്തിട്ടില്ല. അവര്‍ അത് ചെയ്തു. എല്ലാം ഓരോ മൂവ്‌മെന്റ് അല്ലേ. ചിലപ്പോള്‍ ഇത് നാളെ മാറുമായിരിക്കും. ഇങ്ങനെയുള്ള ചിന്താഗതികള്‍ വെച്ചല്ലല്ലോ നമ്മള്‍ ജീവിക്കേണ്ടത്. ഇതൊന്നുമല്ല ചര്‍ച്ചയാവേണ്ടത്. ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതായ ഒരുപാട് കാര്യങ്ങള്‍ വേറെ ഉണ്ട്.
എന്റെ അന്നത്തെ അഭിമുഖം പോലും വൈറല്‍ ആകേണ്ട ആവശ്യമില്ല. ഇപ്പോഴത്തെ സാഹചര്യത്തിലാണ് അത് വൈറലാകുന്നത്. ഇവിടെ അത് കഴിക്കരുത് എന്നുള്ള ഒരു കാര്യമുണ്ടല്ലോ. നമുക്ക് ആരോടും ഒന്നും കഴിക്കരുതെന്നോ കഴിക്കണമെന്നോ പറയാനുള്ള അവകാശമില്ല. ഞാന്‍ എന്തായാലും ആരോടും അങ്ങനെ പറയാറില്ല, നിഖില വിമല്‍ പറഞ്ഞു.
Content Highlight: Actress Nikhila Vimal on Thallumala Movie Beef Dialogue