| Monday, 16th May 2022, 1:37 pm

നിനക്ക് കണ്ണുകാണില്ലല്ലോ പിന്നെ നീ എങ്ങനെ അവരെ കണ്ടു; മമ്മൂക്കയില്‍ നിന്നും കിട്ടിയ റാഗിങ്; രസകരമായ അനുഭവം പറഞ്ഞ് നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിഖില വിമല്‍, മാത്യു തോമസ്, നസ്‌ലിന്‍ കെ.ഗഫൂര്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകനായ അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമായ ‘ജോ ആന്‍ഡ് ജോ’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മലയാളത്തിലെ ഏറ്റവും സീനിയറായ മമ്മൂട്ടിയെപ്പോലുള്ള നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചവരാണ് നിഖിലയും മാത്യുവും.

അത്തരത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിഖിലയും മാത്യുവും. ജോ ആന്‍ഡ് ജോ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

മമ്മൂക്ക റാഗ് ചെയ്യുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ചെറുതായിട്ട് ചെയ്യും, എന്നാല്‍ ബുദ്ധിമുട്ടിക്കാറില്ല എന്നായിരുന്നു രണ്ട് പേരുടെയും മറുപടി.
ജോഫിന്‍ ടി. ചാക്കോയുടെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് നിഖില വിമല്‍ മമ്മൂട്ടിയുമായി അഭിനയിച്ചത്. ചിത്രത്തില്‍ മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയിരുന്നു. ദി പ്രീസ്റ്റ് സിനിമ ലോക്കേഷനില്‍ വെച്ചുണ്ടായ രസകരമായ കഥയാണ് നിഖില പങ്കുവെക്കുന്നത്.

‘റാഗിങ് എന്നൊന്നും പറയാന്‍ പറ്റില്ല. അദ്ദേഹം നമ്മളെ ബുദ്ധിമുട്ടിക്കുകയൊന്നുമില്ല. ഞാന്‍ നടക്കുമ്പോള്‍ കൂനിക്കൂടിയാണ് നടക്കുക. അപ്പോള്‍ എന്നെ നടത്തിക്കും. അവിടുന്ന് ഇങ്ങോട്ട് നടന്നു വാ എന്ന് പറയും. ഒരു പ്രാവശ്യം എന്നോട് ചോദിച്ചു കണ്ണു കാണാത്ത ഒരാളായിട്ട് നിനക്ക് അഭിനയിക്കാന്‍ റോള്‍ കിട്ടിയാല്‍ നീ എങ്ങനെയാണ് അഭിനയിക്കുക എന്ന്.

കണ്ണ് കാണാത്ത ഒരാളായിട്ട് അഭിനയിക്കും എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അവിടുന്ന് ഇങ്ങോട്ട് കണ്ണ് കാണാത്ത ഒരാള്‍ നടന്നുവരുന്നത് പോലെ നടന്ന് വരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ നടക്കാന്‍ തുടങ്ങി ഇതിനിടെ ഞാന്‍ അപ്പുറത്തുള്ള ആരെയെങ്കിലും നോക്കും. നീ എങ്ങനെയാണ് അവരെ കാണുന്നത് നിനക്ക് കണ്ണു കാണില്ലല്ലോ എന്ന് ചോദിക്കും.

ഒന്നുകൂടി പോയ് നടന്നിട്ടു വാ എന്ന് പറയും. അങ്ങനെ മൂന്നാലഞ്ചു പ്രാവശ്യം നടത്തിച്ചിട്ടുണ്ട്. അവസാനം ഞാന്‍ പറയും എന്നെ കൊണ്ട് പറ്റില്ല, ഞാന്‍ ഇരുന്നോട്ട് എന്ന് (ചിരി), നിഖില പറഞ്ഞു.

ഇത്രയും മമ്മൂക്കയുടെ കൂടെ അഭിനയിച്ചിട്ടാണോ അന്ന് പ്രസ് മീറ്റില്‍ മമ്മൂക്കയെ ഇങ്ങനെ നോക്കിയിരുന്നത് എന്ന ചോദ്യത്തിന് ഞാന്‍ എല്ലാവരേയും നോക്കുന്നുണ്ടായിരുന്നെന്നും കണ്ണുള്ളവര്‍ നോക്കുമെന്നുമായിരുന്നു നിഖിലയുടെ മറുപടി. എന്റെ തൊട്ടടുത്ത് ഇരുന്ന് ഒരാള്‍ സംസാരിക്കുകയാണെങ്കില്‍ ഞാന്‍ അവരെ നോക്കില്ലേ. സാധാരണ അങ്ങനെ നോക്കാറുണ്ട്, നിഖില വിമല്‍ പറഞ്ഞു.

വണ്‍ എന്ന ചിത്രത്തില്‍ ഒരു രംഗം ഷൂട്ട് ചെയ്യുമ്പോഴുണ്ടായ കാര്യമാണ് മാത്യു പങ്കുവെച്ചത്. ‘ഒരു സീനില്‍ ഞാന്‍ മമ്മൂക്കയുടെ പിറകിലായിട്ടാണ് നില്‍ക്കേണ്ടത്. ഞാന്‍ അങ്ങനെ പോയി നിന്നപ്പോള്‍ ‘നീ എന്തിനാ എന്റെ പിറകില്‍ വന്ന് നില്‍ക്കുന്നത്’ എന്ന് മമ്മൂക്ക ചോദിച്ചു. എന്റെ അടുത്ത് അപ്പോള്‍ ബിനു ചേട്ടന്‍ ഉണ്ടായിരുന്നു. ഞാന്‍ വേഗം അത് പുള്ളിയുടെ പുറത്തിട്ടു. പുള്ളി പറഞ്ഞിട്ടാണെന്ന് പറഞ്ഞ് എസ്‌കേപ്പായി, മാത്യു പറഞ്ഞു.

ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറിലാണ് ജോ ആന്‍ഡ് ജോ നിര്‍മിച്ചത്. അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്.

അള്‍സര്‍ ഷാ ഛായാഗ്രഹണം. ഗോവിന്ദ് വസന്താണ് സംഗീത സംവിധാനം. സഹോദരീ സഹോദരന്മാരായ ജോമോളുടെയും ജോമോന്റെയും കഥയാണ് ജോ ആന്‍ഡ് ജോ പറയുന്നത്. നിഖില വിമലും മാത്യു തോമസുമാണ് ടൈറ്റില്‍ റോളുകളിലെത്തുന്നത്. ചിത്രം മേയ് 13 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു.

Content Highlight: Actress Nikhila Vimal About mammootty Raging on priest Set

We use cookies to give you the best possible experience. Learn more