| Friday, 21st April 2023, 1:03 pm

ഞാന്‍ ആ ഫോട്ടോയില്‍ മമ്മൂക്കയെ നോക്കിയിട്ടില്ല, എന്തിനാണ് അത് വൈറലായത്: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ഫോട്ടോ നോക്കി നില്‍ക്കുന്ന തന്റെ ഒരു ഫോട്ടോ വലിയ രീതിയില്‍ വൈറലായിരുന്നെന്നും വൈറലാവാന്‍ മാത്രമൊക്കെ ആ ഫോട്ടോയില്‍ എന്താണ് ഉള്ളതെന്ന് നടി നിഖില വിമല്‍.

അതിന് മുമ്പും നിരവധി ഫോട്ടോകള്‍ വന്നിട്ടുണ്ടെന്നും വൈറലാവാന്‍ മാത്രമായി അതില്‍ എന്താണ് ഉള്ളതെന്നും നിഖില ചോദിച്ചു. ആ ഫോട്ടോയില്‍ താന്‍ മമ്മൂട്ടിയെ നോക്കിയിട്ടില്ലെന്നാണ് തോന്നുന്നതെന്നും നിഖില പറഞ്ഞു. താരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് നിഖില ഇക്കാര്യം പറഞ്ഞത്.

”സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്നതൊന്നും ഒരു ഡിസ്‌കഷന്‍ ടോപ്പിക്കാണെന്ന് തോന്നിയിട്ടില്ല. ഒരു ഇന്‍സിഡന്റിനെ കണ്ടിട്ട് വിടാന്‍ പഠിക്കേണ്ടതുണ്ട്. അതില്‍ ഇരുന്ന് ചര്‍ച്ച ചെയ്യുകയോ അതിന്റെ പേരില്‍ വേറെ നാല് ഇന്‍ര്‍വ്യൂ കൊടുക്കാനൊന്നും താല്‍പര്യമില്ല.

ഞാന്‍ മമ്മൂക്കയുടെ ഫോട്ടോ നോക്കി നില്‍ക്കുന്ന ഒരു ഫോട്ടോ ഭയങ്കര വൈറലായിരുന്നു. അതെന്തിനാണ് വൈറലായതെന്ന് എനിക്ക് തന്നെ അറിയില്ല.

അത് കഴിഞ്ഞിട്ട് അങ്ങനത്തെ ഒരു പതിനായിരം ഫോട്ടോ വന്നിട്ടുണ്ട്. അതിന് മുമ്പും ഇതേ പോലുള്ള ഫോട്ടോകള്‍ ഒരുപാട് വന്നിരുന്നു. ആ ഫോട്ടോയില്‍ ഞാന്‍ മമ്മൂക്കയെ നോക്കിയിട്ടേ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ തന്നെ ഞാന്‍ ഇങ്ങനെ തിരിഞ്ഞ് ആന്റോ ചേട്ടനെ നോക്കി നില്‍ക്കുന്ന ഫോട്ടോയും ഉണ്ട്.

ബീഫിന്റെ കാര്യം തന്നെ ആളുകള്‍ കുറേ ദിവസം ചര്‍ച്ച ചെയ്യുമ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു എന്തിനാണ് ഇത് ഇത്ര വലിയ ചര്‍ച്ചയാക്കുന്നതെന്ന്. കാരണം അത്ര വലിയ കാര്യമൊന്നുമല്ല.

ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകുന്ന ഒരാളല്ല ഞാന്‍. ഞാന്‍ പറയുന്നത് എനിക്ക് പറയാനുള്ള കാര്യങ്ങളാണ്. അതല്ലാതെ മനപൂര്‍വം പറയുന്നതോ ഇത് പറഞ്ഞാല്‍ ഇങ്ങനെയാകും എന്ന് വിചാരിച്ച് പറയുന്നതോ ആയിരിക്കില്ല.

എന്റെ വായ അങ്ങനെയാണ്. ഞാന്‍ ആ രീതിയില്‍ പറഞ്ഞു പോകുന്നതാണ്. ഞാന്‍ പറയുന്നത് ഒരു ഡിസ്‌കഷന്‍ ടോപ്പിക്കാണെന്ന് എനിക്ക് തോന്നാറില്ല. സീരിയസ് ആയിട്ട് എടുക്കേണ്ടതാണെന്നൊന്നും തോന്നിയിട്ടില്ല. പറയുന്നത് ഇങ്ങനെ ഊതിപ്പെരുപ്പിച്ച് വലിയ കാര്യമാക്കുന്നതിനോട് എനിക്ക് താത്പര്യമില്ല.,” നിഖില വിമല്‍ പറഞ്ഞു.

content highlight: actress nikhila vimal about mammootty

We use cookies to give you the best possible experience. Learn more