| Thursday, 22nd September 2022, 2:32 pm

അച്ഛന്‍ പഴയ നക്‌സലൈറ്റ് മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു; ചേച്ചി എസ്.എഫ്.ഐയും; രാഷ്ട്രീയം പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുമെന്ന ഭയമില്ല: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സിബി മലയില്‍ ഒരുക്കിയ ചിത്രമാണ് കൊത്ത്. ആസിഫ് അലി, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും സംഭവങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്.

തന്റേയും കുടുംബത്തിന്റേയും രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുകയാണ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി നിഖില വിമല്‍. രാഷ്ട്രീയം എന്നും തന്റെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടെന്നും തന്റെ അച്ഛനും ചേച്ചിയുമുള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നെന്നും നിഖില പറയുന്നുണ്ട്.

‘രാഷ്ട്രീയം സജീവമായി എന്റെ ജീവിതത്തിലുണ്ടായിരുന്നു. അച്ഛന്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നു. ചേച്ചി പഠിക്കുന്ന സമയത്തൊക്കെ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു,’ നിഖില പറഞ്ഞു.

അച്ഛന്റെ ജീവിതം സംഭവബഹുലമായിരുന്നല്ലേ, അധ്യാപന ജോലിയൊക്കെ നഷ്ടപ്പെട്ടതായി കേട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത് തന്റെ ചെറുപ്പത്തിലാണെന്നും നിഖില പറഞ്ഞു.’ അച്ഛന്‍ പഴയ നക്‌സലൈറ്റ് മൂവ്‌മെന്റിന്റെ ഭാഗമായിരുന്ന ആളാണ്. പാര്‍ട്ടിയുടെ ഭാഗമായതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട ആളല്ല, നിഖില പറഞ്ഞു.

നക്‌സലൈറ്റ് ആകുമ്പോള്‍ അന്ന് കീഴാറ്റൂര്‍ ജീവിക്കാന്‍ പറ്റുമായിരുന്നോ എന്ന ചോദ്യത്തിന് നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമൊന്നും ഉണ്ടായിട്ടില്ല എന്നായിരുന്നു നിഖിലയുടെ മറുപടി.

ആ സമയത്തുള്ള ഒരുപാട് ആള്‍ക്കാരെ എനിക്ക് ഇപ്പോഴും അറിയാം അവര്‍ ഇപ്പോഴും നാട്ടില്‍ സുഖമായി തന്നെ ജീവിക്കുന്നുണ്ട്. എന്റെ അച്ഛനും ജീവിച്ചിരുന്നിടത്തോളം കാലം നാട്ടില്‍ തന്നെയായിരുന്നു. ഞങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല.

രാഷ്ട്രീയം തുറന്ന് പറയുന്നതിന്റെ പേരില്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന ഭയമുണ്ടോയെന്ന ചോദ്യത്തിന് നമുക്ക് പറയാനുള്ളത് പറയുന്നതിന് എന്താണ് ബുദ്ധിമുട്ടെന്നായിരുന്നു നിഖിലയുടെ മറുപടി. പറയണോ വേണ്ടയോ എന്നത് ഓരോ ആള്‍ക്കാരുടെ ചോയ്‌സാണെന്നും നിഖില പറഞ്ഞു.

ഒരാള്‍ക്ക് ഒരു രാഷ്ട്രീയമുണ്ടാകുന്നത് കൊണ്ട് ആളുകള്‍ക്ക് എന്താണ് ബുദ്ധിമുട്ട് എന്നറിയില്ല. ഞാന്‍ വളരെ ഇന്‍ഫ്‌ളുവന്‍സ്ഡ് ആയിട്ട് പാര്‍ട്ടിയില്‍ ആക്ടീവ് ആയി പ്രവര്‍ത്തിക്കുന്ന ആളല്ല. ഞാന്‍ വളര്‍ന്ന നാടിന്റേയും ഞാന്‍ വളര്‍ന്ന പ്രദേശത്തിന്റേയും ഒരു സ്വഭാവമനുസരിച്ച് നമ്മള്‍ ഇന്‍ഫ്‌ളുവന്‍സ്ഡ് ആയിരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എസ്.എഫ്.ഐയിലൊക്കെ പ്രവര്‍ത്തിച്ച ആളാണ്. രാഷ്ട്രീയം പറയുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രശ്‌നമുണ്ടെന്ന് തോന്നിയിട്ടില്ല, നിഖില പറഞ്ഞു.

സിനിമയില്‍ താന്‍ ആരോടും അവസരങ്ങള്‍ ചോദിക്കാറില്ലെന്നും അത് അവര്‍ക്ക് ബാധ്യതയാകുമോ എന്ന് തോന്നുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തതെന്നും താരം പറഞ്ഞു. എന്റെ ചോദ്യം അവരെ ബുദ്ധിമുട്ടിക്കുമോ എന്ന തോന്നല്‍ ഉണ്ട്. ചോദിക്കുമ്പോള്‍ അവര്‍ക്ക് നമ്മളെ ഓര്‍മ ഉണ്ടാകും. അത് ശരിയാണ്. പക്ഷേ ഏറ്റവും അടുപ്പമുള്ള ആള്‍ക്കാരോട് പോലും ചോദിക്കാന്‍ കഴിയില്ല. നമ്മള്‍ ഒരു ഓപ്ഷനായി അവരുടെ മുന്‍പില്‍ ഉണ്ടെങ്കില്‍ നമ്മുടെ അരികിലേക്ക് ആ കഥാപാത്രം വരുമെന്നാണ് മനസിലാക്കുന്നത്.

Content Highlight: Actress Nikhila Vimal about her father Politics and her political stand

We use cookies to give you the best possible experience. Learn more