| Saturday, 8th May 2021, 1:10 pm

മരണവിവരം എല്ലാവരേയും വിളിച്ച് പറഞ്ഞ് പറഞ്ഞ് ഞാന്‍ കല്ലുപോലെയായി; ഞാനാണ് അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിതകൊളുത്തിയതും: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് കൊണ്ടുപോയ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി നിഖില വിമല്‍. അച്ഛന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇപ്പോഴും പൂര്‍ണമായും കരകയറാന്‍ നിഖിലയ്ക്കായിട്ടില്ല. കൊവിഡിന്റെ ആദ്യതരംഗത്തിലായിരുന്നു നിമിഷയ്ക്ക് അച്ഛനെ നഷ്ടമാകുന്നത്.

കൊവിഡ് ബാധിച്ച് അമ്മയും സഹോദരിയും ആശുപത്രിയില്‍ കഴിയവേയാണ് അച്ഛന്‍ പവിത്രനെ നിഖിലയ്ക്ക് നഷ്ടമാകുന്നത്. കൊവിഡ് മരണമായതുകൊണ്ട് തന്നെ വീട്ടിലേക്ക് വരാന്‍ പലരും തയ്യാറായില്ല. വീട്ടിലെ ഇളയകുട്ടിയായിട്ടും മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചതുള്‍പ്പെടെ അന്ത്യകര്‍മ്മങ്ങളെല്ലാം നിഖിലയ്ക്ക് ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. അച്ഛന്‍ മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് താന്‍ കരയാന്‍ പോലും തുടങ്ങിയതെന്ന് നിഖില വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അച്ഛന്‍ എം.ആര്‍ പവിത്രന്‍ നേതാവായിരുന്നു, ആക്ടിവിസ്റ്റായിരുന്നു. കുറച്ചുകാലം മുന്‍പ് ഒരപകടത്തിനു ശേഷം അച്ഛനു ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അച്ഛന് കൊവിഡ് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്നതാണ്.

അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അതു കഴിഞ്ഞ് അച്ഛന്. പിന്നെ ചേച്ചിക്കും കൊവിഡ് പോസിറ്റീവായി. അച്ഛന് കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ന്യുമോണിയയായി മാറിയിട്ടുണ്ട്. ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട് എന്ന്.

പക്ഷേ, ഇതിലും വലിയ വിഷമാവസ്ഥകള്‍ അച്ഛന്‍ തരണം ചെയ്തിട്ടുണ്ടല്ലോ അപ്പോള്‍ ഇതും അതിജീവിക്കും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ആര്‍ക്കും കയറി കാണാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അമ്മയും ചേച്ചിയും അപ്പോഴും പോസിറ്റീവ് തന്നെയായിരുന്നു. അച്ഛന്റേത് കൊവിഡ് മരണമായതു കൊണ്ട് എല്ലാവര്‍ക്കും പേടിയായിരുന്നു വീട്ടിലേക്ക് വരാന്‍.

മാതമല്ല, കൊവിഡിന്റെ തുടക്ക കാലമായതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളുമുണ്ടായിരുന്നു. ഞാന്‍ വീട്ടിലെ ഇളയ കുട്ടിയാണ്. അത്ര വലിയ പ്രശ്‌നങ്ങളെയൊന്നും നേരിടേണ്ടി വന്നിട്ടില്ല. ആ ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും അസ്ഥി പെറുക്കിയതും.

ചെറുപ്പത്തില്‍ വീട്ടില്‍ മരണം കണ്ടപ്പോഴെല്ലാം എല്ലാത്തിനും ഓടി നടക്കാന്‍ ഇഷ്ടം പോലെ ആളുകളെ കണ്ടിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യും. പക്ഷേ, അച്ഛനെ കൊണ്ടുവരുമ്പോള്‍ ഞാനും അച്ഛന്റെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളും മാത്രമേയുള്ളൂ വീട്ടില്‍. എല്ലാവരേയും ഞാനാണ് അച്ഛന്‍ മരിച്ച വിവരം വിളിച്ച് അറിയിച്ചത്. പറഞ്ഞ് പറഞ്ഞ് ഞാന്‍ കല്ല് പോലെയായി. അച്ഛന്‍ മരിച്ച് എട്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ കരയാന്‍ തുടങ്ങിയത്.

അച്ഛന്‍ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവര്‍ക്കാര്‍ക്കും അവസാനമായി അച്ഛനെ ഒന്ന് കാണാന്‍ കഴിഞ്ഞില്ല. ഞാനിടയ്ക്ക് ഓര്‍ക്കും, അസുഖം കുറഞ്ഞ് വീട്ടില്‍ വന്നിട്ട് അച്ഛന്‍ പോയിരുന്നെങ്കില്‍ എന്ന്,’ നിഖില പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Nikhila Vimal About Her Father Death

We use cookies to give you the best possible experience. Learn more