| Thursday, 30th June 2022, 2:44 pm

ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട് എനിക്കുമുണ്ട്; പശുവിനെ വെട്ടുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോ ആന്‍ഡ് ജോ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പശു കശാപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമായിരുന്നു നടി നിഖില വിമലിനെതിരെ ഉയര്‍ന്നത്.

പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന നിഖിലയുടെ പരാമര്‍ശമായിരുന്നു വിവാദമായത്. നിഖിലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തിയപ്പോള്‍ നിഖിലയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ തന്നെ നിലപാടിനെ കുറിച്ച് സംസാരിക്കുകയാണ് നിഖില വിമല്‍. അസാധാരണമായ ഒരു ചോദ്യം വന്നതുകൊണ്ടാണ് അത്തരമൊരു മറുപടിയും വന്നതെന്നും ചോദ്യം ചോദിച്ച പയ്യന്‍ പ്രത്യേക അജണ്ട വെച്ച് ചോദിച്ചതാണെന്നൊന്നും താന്‍ കരുതുന്നില്ലെന്നുമാണ് നിഖില വിമല്‍ പറഞ്ഞത്.

തന്റെ ആ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകളുണ്ടായി. അത്തരം ചര്‍ച്ചകളുണ്ടാകുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് നല്ലതാണെന്നാണ് കരുതുന്നതെന്നും ഓരോരുത്തര്‍ക്കും അവരവരുടേതായ രാഷ്ട്രീയമുള്ളതുപോലെ തനിക്കും രാഷ്ട്രീയമുണ്ടെന്നും നിഖില വിമല്‍ പറഞ്ഞു.

‘ജോ ആന്‍ഡ് ജോയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖമാണത്. സിനിമ കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തണം എന്നതിനപ്പുറം ഞാന്‍ പറയുന്ന മറുപടി ഇത് വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല. അസാധാരണമായ ചോദ്യം വന്നതു കൊണ്ടാണ് അത്തരമൊരു മറുപടിയും വന്നത്.

ആ പയ്യന്‍ കൃത്യമായൊരു അജണ്ട വച്ചാണ് ചോദ്യം ചോദിച്ചതെന്ന് എനിക്ക് തോന്നുന്നില്ല. അവരെ സംബന്ധിച്ച് ഒരു എന്റര്‍ടെയിന്‍മെന്റ് ഷോ എന്ന നിലയില്‍ ആ പരിപാടിയെ മാറ്റുക എന്നത് മാത്രമാണ് ഉദ്ദേശം. അത് മുന്നില്‍ കണ്ട് ചോദിച്ചതാകാം.

ആ അഭിമുഖം നടത്തിയ യുവാവ് കൃത്യമായൊരു രാഷ്ട്രീയം വച്ച് സംസാരിക്കുന്ന ഒരാളാണ് എന്നും തോന്നിയിട്ടില്ല. അയാളൊരു ചോദ്യം ചോദിച്ചു അതിന് ഞാന്‍ മറുപടി നല്‍കി, അതിനപ്പുറം പ്രധാന്യം കൊടുക്കേണ്ട കാര്യമില്ല. അതിനെ കുറിച്ച് ഒരുപാട് ചര്‍ച്ചകളുണ്ടായി. അത്തരം ചര്‍ച്ചകള്‍ ഉണ്ടാകുന്നത് ഒരുജനാധിപത്യ സമൂഹത്തിന് നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്.

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ കമന്റ് ചെയ്തു. എന്നാല്‍ മറ്റൊന്നും ആ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലാത്തതുകൊണ്ട് അവയ്ക്ക് ഞാന്‍ മറുപടി കൊടുത്തില്ല. ഓരോരുത്തര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. എനിക്കുമുണ്ട്. പക്ഷേ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിലേക്ക് രാഷ്ട്രീയമൊന്നും കടത്തിവിടാറില്ല,’ നിഖില വിമല്‍ പറഞ്ഞു.

ബീഫ് കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞത് തന്റെ നിലപാടാണെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നിഖില വിമല്‍ അഭിമുഖം വിവാദമായതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. അതിന്റെ പേരില്‍ നടന്ന സൈബര്‍ ആക്രമണങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അത്തരം ആക്രമണങ്ങള്‍ ഗൗനിക്കാറില്ലെന്നും നിഖില പറഞ്ഞിരുന്നു.

അങ്ങനെയൊരു ചോദ്യം വന്നപ്പോള്‍ എല്ലാവരും അവരവരുടെ നിലപാടുകള്‍ പറയുന്നതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു. എല്ലാവര്‍ക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എല്ലാവര്‍ക്കും നിലപാടുകളുണ്ട്. അത് ഉറക്കെ പറഞ്ഞത് കേട്ടതിന് സന്തോഷം. വ്യക്തിപരമായ എന്റെ നിലപാടാണ് ഞാന്‍ പറഞ്ഞത്. അത് തുറന്നു പറയാന്‍ എല്ലാവര്‍ക്കും കഴിയണം. സൈബര്‍ ആക്രമണം ഉണ്ടായതായി ഞാന്‍ പറഞ്ഞിട്ടില്ല.

മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ല. സിനിമാ മേഖലയില്‍ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചവരുണ്ട്,’ നിഖില പറഞ്ഞു.

ജോ ആന്‍ഡ് ജോ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍സ്റ്റോണ്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില പശുവിനെ പറ്റിയുള്ള പരാമര്‍ശം നടത്തിയത്. ‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല എന്നായിരുന്നു നിഖില പറഞ്ഞത്.

മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗത്തേയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടില്‍ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാത്തിനെയും വെട്ടണം,’ എന്നാണ് നിഖില പറഞ്ഞത്.

Content highlight: Actress Nikhila Vimal About her Cow Slaughtering statement and beef Issue

We use cookies to give you the best possible experience. Learn more