|

ദേ നിക്കുന്നു എന്റെ ഭര്‍ത്താവും അവന്റെ ബോയ്ഫ്രണ്ടും; ആസിഫിന്റെ പോസ്റ്റിന് നിഖിലയുടെ കിടിലന്‍ കമന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയും നിഖില വിമലും റോഷന്‍ മാത്യുവും ഒന്നിച്ചെത്തിയിരിക്കുന്ന പുതിയ ചിത്രമാണ് കൊത്ത്. സിബി മലയില്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്.

ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്ന ഷാനുവും റോഷന്‍ മാത്യുവിന്റെ സുമേഷും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപരിസരം. സിനിമയുടെ റിലീസിന് പിന്നാലെ ഇരു അഭിനേതാക്കളും തമ്മിലുള്ള കെമിസ്ട്രി മികച്ചതാണെന്ന അഭിപ്രായങ്ങളും വന്നിട്ടുണ്ട്.

സിനിമയിലെ ഈ സൗഹൃദം വെളിവാക്കുന്ന, റോഷനൊപ്പമുള്ള ഒരു ഫോട്ടോ ആസിഫ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘മറ്റൊരു ഡൈമന്‍ഷനില്‍ ഷാനുവും സുമേഷും’ എന്ന ക്യാപ്ഷനോടെയായിരുന്നു റോഷനെ ചുമലിലേറ്റിയ ഫോട്ടോ ആസിഫ് ഷെയര്‍ ചെയ്തത്.

ഈ ഫോട്ടോക്ക് സിനിമയിലെ ഇവരുടെ സഹതാരമായ നിഖില വിമല്‍ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കമന്റാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ഷാനുവിന്റെ ഭാര്യയുടെ വേഷത്തിലാണ് നിഖില എത്തുന്നത്.

‘ദാ എന്റെ ഭര്‍ത്താവും അവന്റെ ബോയ്ഫ്രണ്ടും മറ്റൊരു ലോകത്ത്’ എന്നാണ് ഇതിന് നിഖില നല്‍കിയ കമന്റ്. തൊട്ടുപിന്നാലെ ‘നിങ്ങള്‍ ഈ ഫോട്ടോ ഇട്ടോ ആള്‍റെഡി, ജസ്റ്റ് മിസ്’ എന്ന കമന്റുമായി റോഷനുമെത്തി.

റോഷന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് സിനിമയുടെ റീലിസിന് മുന്‍പ് തനിക്ക് കേള്‍ക്കേണ്ടി വന്ന രസകരമായ ഒരു ചോദ്യത്തെ കുറിച്ച് നേരത്തെ ആസിഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
റോഷന്റെ കഥാപാത്രത്തോട് തനിക്ക് തോന്നിയ കണക്ഷനെ കുറിച്ചും നടന്‍ സംസാരിച്ചിരുന്നു.

‘കുറേനാള്‍ കൂടി ഭയങ്കര എക്സൈറ്റഡായി ഒരുപാട് പേര്‍ വിളിച്ച റിലീസ് ഡേ ആയിരുന്നു ഇന്നലെ. അതില്‍ എനിക്ക് കൂടുതല്‍ കുസൃതി തോന്നിയ ഒരു ചോദ്യം എന്റെടുത്ത് ചോദിച്ചത് നീ റോഷനുമായി പ്രണയത്തിലായിരുന്നോ? എന്നാണ്. കാര്യം നിഖിലയോടുണ്ടായിരുന്ന കെമിസ്ട്രിയേക്കാള്‍ നല്ല കെമിസ്ട്രിയായിരുന്നു റോഷനോട് ഉണ്ടായിരുന്നത്.

സിനിമയിലെ ക്ലൈമാക്സിലുള്ള ഒരു സീനുണ്ട്, ഞാനും റോഷനും കൂടെ ബൈക്കില്‍ വരുന്നത്. ആ സീനിന്റെ സ്‌ക്രിപ്റ്റ് വായിച്ചതാണ്, അത് ഷൂട്ട് ചെയ്തതാണ്, ഡബ്ബ് ചെയ്തതാണ്, എന്നിട്ടും ആ സിനിമ കണ്ടപ്പോള്‍ റോഷന്റെ കൈ എന്നെ പുറകില്‍ നിന്ന് കെട്ടിപ്പിടിക്കുന്ന സീനില്‍ തിയേറ്ററിലിരുന്ന് എന്റെ കണ്ണ് നിറഞ്ഞു. എനിക്ക് അത്രയും കണക്റ്റായി അത്.

വളരെ ജെനുവിനായിട്ടുള്ള റിലേഷനാണ് സിനിമയിലെ കഥാപാത്രങ്ങളായ സുമേഷും ഷാനും തമ്മിലുള്ളത്. ഒരാളെ ജീവതത്തില്‍ എന്നെങ്കിലും ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ സിനിമ കണ്ട് കഴിഞ്ഞാല്‍ ആ ഇമോഷനിലേക്ക് നമ്മള്‍ എത്തും,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Actress Nikhila Vima’s funny comment on Asif Ali’s photo with Roshan Mathew

Latest Stories

Video Stories