തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് നേഹ സക്‌സേന. മമ്മൂട്ടി നായകനായ കസബയിലൂടെ താരം മലയാളത്തിലുമെത്തി. ഇപ്പോഴിതാ സിനിമയിലേക്കെത്തിയതിനെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നേഹയുടെ തുറന്നുപറച്ചില്‍. തന്റെ കുട്ടിക്കാലം വളരെ കഷ്ടതയുള്ളതായിരുന്നെന്നും ഒമ്പത് ദിവസം വരെ പട്ടിണികിടക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു. വെള്ളം മാത്രം കുടിച്ചാണ് ആ ദിവസങ്ങള്‍ തള്ളിനീക്കിയതെന്ന് നേഹ പറഞ്ഞു.
‘അമ്മ എന്നെ ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. കാറപകടത്തില്‍. അതറിഞ്ഞ അമ്മ കുറേനാള്‍ കോമ സ്റ്റേജിലായിരുന്നു. ഒന്നര വര്‍ഷത്തോളം അമ്മ ആശുപത്രിയില്‍ കിടന്നു.’, നേഹ പറഞ്ഞു.
താന്‍ സിനിമ നടിയാകുന്നതിനോട് അമ്മയ്ക്ക് താല്‍പ്പര്യമില്ലായിരുന്നെന്നും മോഡലിങ്ങിന് പോയത് അമ്മയോട് പറയാതെയാണെന്നും നേഹ പറഞ്ഞു. ജീവിതത്തില്‍ വിജയം നേടാന്‍ കുറുക്കുവഴികള്‍ ഒന്നുമില്ലെന്നും താനെന്നും ശരിയായ വഴിയിലൂടെ സഞ്ചരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും നേഹ കൂട്ടിച്ചേര്‍ത്തു.
‘അമ്മയ്ക്കിഷ്ടം ഞാന്‍ എയര്‍ഹോസ്റ്റസ് ആവുന്നതായിരുന്നു. ലോണും സ്‌കോളര്‍ഷിപ്പുമൊക്കെയായി പഠിച്ചു. പക്ഷേ, ഉള്ളില്‍ ഒരു നടിയാവണം, അവാര്‍ഡുകള്‍ വാങ്ങണം എന്ന ആഗ്രഹമായിരുന്നു. ഒരുപാട് കഷ്ടപാടുകള്‍ സഹിച്ചാണ് ഇന്ന് ഇങ്ങനെയൊക്കെ ആയത്’, നേഹ കൂട്ടിച്ചേര്‍ത്തു.