സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിലിറങ്ങിയ പാപ്പന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജോഷിയുടെ ഒരു മികച്ച ചിത്രമായി തന്നെയാണ് പാപ്പന്‍ വിലയിരുത്തപ്പെടുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം തന്നെ സ്‌ക്രീനില്‍ കയ്യടി നേടിയ താരമാണ് നിത പിള്ള. സുരേഷ് ഗോപിയുടെ മകളായിട്ടാണ് താരം എത്തുന്നത്. ജോഷി തന്നെയാണ് നിതയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. ആദ്യമായിട്ടാണ് ജോഷിയുടെ ഒരു ചിത്രത്തില്‍ നിത അഭിനയിക്കുന്നത്.
തന്നെ സംബന്ധിച്ച് ഏറ്റവും ചലഞ്ചിങ് ആയ കഥാപാത്രമായിരുന്നു പാപ്പനിലേതെന്നും സ്‌ക്രിപ്റ്റ് വായിച്ചു നോക്കി കോണ്‍ഫിഡന്റാണെങ്കില്‍ മാത്രമേ ഈ സിനിമയിലേക്ക് വരാവൂ എന്ന് ജോഷി സാര്‍ പറഞ്ഞിരുന്നെന്നുമാണ് നിത പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ജോഷിയെ കുറിച്ച് താരം സംസാരിച്ചത്. തന്റെ അച്ഛന്റെ സ്ഥാനത്താണ് ജോഷി സാറിനെ കണ്ടെതെന്നാണ് നിത പറയുന്നത്.
ജോഷി സാറാണ് ഈ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്. സ്‌ക്രിപ്റ്റ് വായിച്ച് കോണ്‍ഫിഡന്റാണെങ്കില്‍ മാത്രം ചെയ്താല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത്യാവശ്യം പെര്‍ഫോം ചെയ്യാനുള്ള കാര്യങ്ങളുണ്ട്. ഇത്തിരിയെങ്കിലും പേടിയുണ്ടെങ്കില്‍ ചെയ്യരുത് എന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പ്രതീക്ഷിക്കുന്ന പെര്‍ഫോമന്‍സ് കൊടുക്കണം എന്നെനിക്കുണ്ടായിരുന്നു.
ഒരു അച്ഛന്റെ സ്ഥാനത്ത് നിന്നാണ് അദ്ദേഹം എല്ലാം പറഞ്ഞുതന്നത്. അതുകൊണ്ട് തന്നെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ അദ്ദേഹത്തെ വിഷമിപ്പിക്കരുത് എന്നുണ്ടായിരുന്നു. അദ്ദേഹം എനിക്കൊരു ഫാദര്‍ലി ഫിഗറാണ്. ഒരു ഡയരക്ടറുടെ കൂടെ വര്‍ക്ക് ചെയ്യുകയാണ് എന്ന് തോന്നുന്നത് ആകെ ക്യാമറ വെക്കുന്ന ആ സമയത്ത് മാത്രമാണ്.
അല്ലാത്തപ്പോഴൊക്കെ അദ്ദേഹം എനിക്ക് ഒരച്ഛനെപ്പോലെ എല്ലാം പറഞ്ഞുതരും. ബ്രീഫ് ചെയ്യും. ഇപ്പോള്‍ സുരേഷ് സാര്‍ ഒരു ഷോട്ടിന് വരുമ്പോള്‍ അവര്‍ക്ക് കമ്യൂണിക്കേഷന്റെ ആവശ്യമില്ല. അവര്‍ക്ക് കാര്യങ്ങള്‍ പരസ്പരം മനസിലാകും. എന്നാല്‍ എനിക്ക് അങ്ങനെയല്ല. അത് എക്‌സ്പീരിയന്‍സിന്റെ കുറവാണ്. ഞാന്‍ മുന്‍പ് ജോഷി സാറിന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യാത്തതുകൊണ്ട് കൂടിയാണ്.
സാര്‍ എനിക്ക് ഒരു ആക്ഷന്റെ സ്വീകന്‍സ് ആണെങ്കില്‍ പോലും എണീറ്റുവന്ന് കാണിച്ചുതരും. അത് എനിക്ക് വലിയ സപ്പോര്‍ട്ട് ആയിരുന്നു. സാറിന് വേണമെങ്കില്‍ ഞാന്‍ അത് തന്നെത്താനെ ചെയ്യേട്ടെയെന്ന് വിചാരിക്കാമായിരുന്നു. തെറ്റിച്ചാലും അദ്ദേഹം പിന്നെയും വന്ന് പറഞ്ഞു തരും. അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെ അച്ഛന്റെയടുത്തൊക്കെ പെരുമാറുന്നതുപോലെയായിരുന്നു എനിക്ക്, നിത പറഞ്ഞു.
ഏതെങ്കിലും സമയത്ത് ചീത്ത കേട്ടിരുന്നോ എന്ന ചോദ്യത്തിന് വഴക്ക് കേട്ടിട്ടില്ലെന്നും ഏതെങ്കിലും ഷോട്ട് എടുക്കുമ്പോള്‍ നടക്കുന്ന രീതിയൊക്കെ ഒന്ന് ലൂസായിപ്പോയാല്‍ അത് പറയുമെന്നും അല്ലാതെ ചീത്തപറഞ്ഞിട്ടൊന്നുമില്ലെന്നായിരുന്നു നിതയുടെ മറുപടി. സാറിന്റെ മുഖം മറിയാല്‍ തന്നെ തനിക്ക് വിഷമം വരുമെന്നും താന്‍ തെറ്റിച്ചതുകൊണ്ടാണല്ലോ അതെന്ന് തോന്നുമെന്നുമായിരുന്നു നിത പറഞ്ഞത്.
തന്നെക്കൊണ്ട് പറ്റുന്നതുപോലെ കഥാപാത്രത്തെ ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. റിയല്‍ ലൈഫിലെ പല പൊലീസുകാരേയും കണ്ട് അവരുടെ രീതികള്‍ താന്‍ പഠിച്ചിരുന്നെന്നും നിത അഭിമുഖത്തില്‍ പറഞ്ഞു.
പത്ത് വര്‍ഷത്തിന് ശേഷമാണ് സുരേഷ് ഗോപി ഒരു പൊലീസ് കഥാപാത്രമായി ഒരു ചിത്രത്തിലെത്തുന്നത്. എന്നാല്‍ പതിവ് ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ സിനിമകളില്‍ കണ്ടുപഴകിയ കഥാപാത്രമല്ല പാപ്പനിലെ എബ്രഹാം മാത്യു മാത്തന്‍.
Content Highlight: Actress Neetha Pillai about Director joshiy and share pappan movie experiance