കോഴിക്കോട്: നടി നസ്രിയ നസീമിനെതിരെ സോഷ്യല്‍ മീഡിയയിലെ സദാചാര പൊലീസിന്റെ അതിക്രമം. താരത്തിന്റെ പുതിയതായി പുറത്തിറക്കിയ സൂക്ഷ്മ ദര്‍ശിനി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങള്‍ക്കും പ്രൊമോഷനുകള്‍ക്കും ഇടയിലാണ് അതിക്രമം തുടരുന്നത്.
താരത്തിന്റെ ഭാഷ, സംസാര രീതി, വസ്ത്രധാരണം തുടങ്ങി ഒരു മനുഷ്യന്റെ വ്യക്തിപരമായ എല്ലാ ഇടങ്ങളിലേക്കും അതിക്രമിച്ചു കടന്നുകൊണ്ടാണ് സൈബര്‍ ലോകത്തിന്റെ വിമര്‍ശനങ്ങള്‍. രൂക്ഷമായ അധിക്ഷേപങ്ങളാണ് നസ്രിയക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
‘എല്ലാം മനഃപൂര്‍വം കാണിക്കുന്നത് പോലെയുണ്ട്, ഒരിഷ്ടം ഉണ്ടായിരുന്നു.. കുഞ്ഞിലെ ഡ്രസ് ഇട്ടുകൊണ്ട് ഇറങ്ങിയിരിക്കുന്നു, പാന്റ് ഇടാന്‍ മറന്നുവോ’ ഇത്തരത്തില്‍ അധിക്ഷേപിക്കും വിധത്തിലുള്ള നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നത്.
നസ്രിയയെ അമ്മച്ചി, തള്ളച്ചി, കിളവത്തി എന്ന് വിളിച്ചുകൊണ്ടുള്ള കമന്റുകളും അഭിമുഖങ്ങള്‍ക്കടിയില്‍ വരുന്നുണ്ട്.
എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ തള്ളി സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പ്രതികരിക്കുന്നുമുണ്ട്. ‘നാട്ടുകാരുടെ ഇഷ്ടത്തിന് വേഷം ധരിക്കാനും അവര്‍ പറയുന്നത് പോലെ നടക്കാനും വേണ്ടിയാണെങ്കില്‍ എ.ഐ റോബോട്ടിനെ വാങ്ങി വെക്കണം വീട്ടില്‍,’ മിസ്റ്റര്‍. നല്ലവനായ ഉണ്ണി എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം യൂസര്‍ പ്രതികരിച്ചു.
മനുഷ്യരായാല്‍ പ്രായമാകും, എന്നുകരുതി വ്യക്തിത്വം കടം കൊടുക്കണമോ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. നസ്രിയ മികച്ച ഒരു അഭിനേത്രിയും അവതാരികയും വ്യക്തിയുമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അവനവന്റെ ജീവിതം നോക്കി ജീവിച്ചാല്‍ പോരേയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.
‘ഇത് എന്തൊരു കഷ്ടമാണ്. ഒന്ന് ചിരിക്കാന്‍, സ്വന്തം സ്വഭാവത്തില്‍ നില്‍ക്കാന്‍ എല്ലാം ഈ സമൂഹ പൊലീസിന്റെ സമ്മതപത്രം വേണോ,’ മറുപകുതി എന്ന ഇന്‍സ്റ്റഗ്രാം പേജ് ഉള്‍പ്പെടെയുള്ള യൂസേഴ്‌സ് ചോദിച്ചു.
നടനും സംവിധായകനുമായ ബേസില്‍ ജോസഫാണ് നസ്രിയയുടെ അവസാനമായി പുറത്തിറക്കിയ സിനിമയിലെ നായകന്‍. ബേസിലിനോടൊപ്പമുള്ള അഭിമുഖത്തിനെതിരെയാണ് സമൂഹ-സദാചാര പൊലീസ് ആക്രോശിക്കുന്നത്. അതേസമയം ഇരുവരുടെയും അഭിമുഖങ്ങളെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Actress Nazriya Nazim was attacked by moral police on social media