| Saturday, 2nd September 2023, 11:32 am

ഏതെങ്കിലും മൂലക്ക് ഇരിക്കേണ്ടി വരും; ഓഡിയോ ലോഞ്ചുകളില്‍ പങ്കെടുക്കാത്തതിനെ പറ്റി നയന്‍താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓഡിയോ ലോഞ്ചുകള്‍ക്ക് പങ്കെടുക്കാത്തതിന് പിന്നിലുള്ള കാരണം പറയുകയാണ് നടി നയന്‍താര. ഓഡിയോ ലോഞ്ചുകളില്‍ നായികമാര്‍ക്ക് പ്രാധാന്യം ലഭിക്കില്ലെന്നും ഏതെങ്കിലും മൂലക്കിരിക്കേണ്ടി വരുമെന്നും നയന്‍താര പറഞ്ഞു. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ പറ്റിയും നയന്‍താര സംസാരിച്ചു. ഗലാട്ട തമിഴിന് താരം മുമ്പ് കൊടുത്ത അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘എന്റെ തുടക്ക സമയത്ത് സ്ത്രീകള്‍ക്ക് സിനിമയില്‍ അത്ര പ്രാധാന്യം ഇല്ലായിരുന്നു. നായികമാര്‍ക്ക് മാത്രം എന്തുകൊണ്ട് പ്രാധാന്യം ഇല്ല എന്ന് അന്ന് ആലോചിച്ചിട്ടുണ്ട്. ഒരു ഓഡിയോ ഫങ്ഷനില്‍ പോയാല്‍ തന്നെ ഏതെങ്കിലും മൂലക്ക് പോയി ഇരിക്കണം. ഇടക്ക് നമ്മളെ പറ്റി എന്തെങ്കിലുമൊക്കെ പറയും, വലിയ പ്രാധാന്യമൊന്നും കാണില്ല. ഓഡിയോ ലോഞ്ചുകള്‍ക്ക് പോകാത്തതിലുള്ള കാരണമിതാണ്. വലിയൊരു സ്ഥാനത്ത് എത്തിയിട്ട് പോകാമെന്നാണ് വിചാരിച്ചത്. അങ്ങനെ വിചാരിച്ചെങ്കിലും പിന്നീടും അത് ചെയ്തിട്ടില്ല. അതിന് വേറെ കാരണമുണ്ട്.

സ്ത്രീകള്‍ക്കും പ്രധാന്യം വേണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്, ഒരു അളവ് വരെയെങ്കിലും. ഇപ്പോള്‍ ഒരുപാട് സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വരുന്നുണ്ട്. അത്തരം സിനിമകള്‍ നിര്‍മിക്കാന്‍ തയാറാകുന്ന ഒരുപാട് നിര്‍മാതാക്കളുണ്ട്. അതൊരു നല്ല കാര്യമാണ്. ഇപ്പോള്‍ വന്നിരിക്കുന്നത് ഒരു വലിയ മാറ്റമാണ്. 20 നായകനടന്മാരുടെ സിനിമ ഉണ്ടെങ്കില്‍ അതേസമയം തന്നെ അഞ്ചെണ്ണമെങ്കിലും സ്ത്രീകള്‍ നായികമാരായി ഇറങ്ങുന്നുണ്ട്.

ഞാന്‍ തുടങ്ങുന്ന സമയത്ത് സ്ത്രീകേന്ദ്രീകൃത സിനിമകള്‍ നിര്‍മിക്കാന്‍ ആരും തയാറായിരുന്നില്ല. വളരെ അപൂര്‍വമായിരുന്നു. അങ്ങനെയുള്ള സിനിമ വര്‍ക്കാവുമോ, തിയേറ്ററില്‍ ആള് വരുമോ എന്നായിരുന്നു ആശങ്കകള്‍. നിര്‍മാതാക്കള്‍ക്ക് നഷ്ടം വരാന്‍ പാടില്ലല്ലോ.

സ്ത്രീകള്‍ ലീഡ് ചെയ്ത് ഇപ്പോള്‍ വരുന്ന സിനിമകള്‍ക്ക് ഒരു നിശ്ചിത ബജറ്റ് ഉണ്ട്. അത് ഞാന്‍ ചെയ്യുന്നതാണെങ്കിലും മറ്റ് നായികമാര്‍ ചെയ്യുന്നതാണെങ്കിലും. ആ ബജറ്റില്‍ കൂടാന്‍ പാടില്ല എന്നൊരു സിസ്റ്റമാണുള്ളത്. എന്തിനാണ് അങ്ങനെയൊരു സിസ്റ്റം. ലാര്‍ജര്‍ സ്‌കെയ്‌ലില്‍ ഞങ്ങള്‍ക്ക് സിനിമകള്‍ ചെയ്യാന്‍ പറ്റില്ലേ.

ചെറിയ സിനിമകളും ഞങ്ങള്‍ ചെയ്യും, വലിയ സിനിമകളും ഞങ്ങളെ കൊണ്ട് ചെയ്യാന്‍ പറ്റും. അങ്ങനെയാവാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നായക നടന്മാരുടെ സിനിമകള്‍ കോടികള്‍ വാരുന്നു എന്ന് പറയുമ്പോഴും ഒരു ലാര്‍ജര്‍ സ്‌കെയിലില്‍ ഞങ്ങളെ വെച്ച് സിനിമ ചെയ്താല്‍ നിര്‍മാതാക്കള്‍ക്ക് അതൊരു വലിയ ഗെയിമായിരിക്കും. ഇന്‍ഡസ്ട്രി എല്ലായിടത്തേക്കും എത്തുന്ന സ്‌റ്റേജിലാണ് ഇപ്പോള്‍,’ നയന്‍താര പറഞ്ഞു.

Content Highlight: Actress Nayanthara reveals the reason behind not attending audio launches

We use cookies to give you the best possible experience. Learn more