ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ ഒരു പ്രധാന വേഷത്തില്‍ നയന്താരയെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൂസിഫറില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന വേഷത്തിലാകും നയന്‍സ് എത്തുകയെന്നാണ് സൂചന.
മഞ്ജുവിന്റെ വേഷം ചെയ്യാന്‍ സുഹാസിനി, വിജയശാന്തി, ജെനീലിയ ഡിസൂസ, ഖുശ്ബു, രമ്യാ കൃഷ്ണന് തുടങ്ങി നിരവധി നടിമാരെ പരിഗണിച്ചിരുന്നു. നേരത്തെ തൃഷയായിരിക്കും പ്രിയദര്‍ശിനി രാംദാസ് ആയി എത്തുകയെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനുശേഷമാണ് ഈ വേഷം ചെയ്യാന്‍ നയന്‍താരയെ സംവിധായകന് സമീപിച്ചത്. ചിത്രത്തിന്റെ ഭാഗമാകാന്‍ നയന്‍താര സമ്മതിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 21 മുതല്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ് പൃഥ്വിരാജും കൂട്ടരും. എമ്പുരാന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും.
മലയാളം ലൂസിഫറില്‍ മോഹന്‍ലാല്‍, വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായികുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന് ഖേദേകര്, ശിവജി ഗുരുവായൂര്‍, ബാല, ശിവദ തുടങ്ങിയ വന്‍ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക