നവ്യാനായരുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം. ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യയുടെ സിനിമാജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. നടന്‍ പൃഥ്വിരാജ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തിയ ചിത്രം കൂടിയാണ് നന്ദനം.
നന്ദനം സിനിമയെ കുറിച്ചും പൃഥ്വിരാജുമായുള്ള സൗഹൃദത്തെ കുറിച്ചും ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ ഒരു അപകടത്തെ കുറിച്ചുമൊക്കെ ഫ്‌ളവേഴ്‌സ് ഒരുകോടി പരിപാടിയില്‍ സംസാരിക്കുകയാണ് നവ്യ.
‘നന്ദനത്തിലെ ആരും.. ആരും… കാണാതെ ചുണ്ടത്തെ എന്ന പാട്ട് ഷൂട്ട് ചെയ്യുന്ന സമയം. പറവൂരാണ് ഷൂട്ട്. ചേറ്റുവ പുഴയോ മറ്റോ ആണ്. നല്ല വെള്ളമുള്ള സമയത്താണ് പാട്ട് ഷൂട്ട് ചെയ്യാന്‍ വേണ്ടി പോകുന്നത്. അങ്ങനെ വള്ളത്തില്‍ കയറി ഏറുമാടത്തിലേക്ക് പോയി. ഏറുമാടത്തില്‍ നിന്നുള്ള രംഗം ഷൂട്ട് ചെയ്യാനാണ് പോയത്.
ആദ്യം രാജുചേട്ടന്‍ കയറി ഏറുമാടത്തില്‍ ഇരുന്നിട്ട് എനിക്ക് കൈ തന്നു. ഞാന്‍ ഏറുമാടത്തില്‍ കാലുവെക്കണം, ഒരു കാല്‍ വള്ളത്തിലും ഉണ്ട്. പക്ഷേ ഈ വള്ളത്തില്‍ ഞാന്‍ ഒരുപാട് ശക്തിയില്‍ ചവിട്ടി. അപ്പോള്‍ വള്ളം മുന്നോട്ട് നീങ്ങിപ്പോയി. രാജുചേട്ടന്‍ പിടിച്ചിട്ടും എനിക്ക് നില്‍ക്കാന്‍ പറ്റിയില്ല. ഞാന്‍ മുഴുവനായും വെള്ളത്തില്‍ മുങ്ങി. കൂടെയുള്ളവരെല്ലാം ദൂരെയാണ്. അവര്‍ എങ്ങനെയൊക്കെ ഓടി വന്ന് വെള്ളത്തില്‍ച്ചാടി രക്ഷപ്പെടുത്തി, നവ്യ പറഞ്ഞു.
നന്ദനത്തില്‍ നവ്യയാണ് സീനിയര്‍ രാജുവിന് എന്തെങ്കിലും ടിപ്‌സ് ഒക്കെ കൊടുക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള നവ്യയുടെ മറുപടി.
ഞാന്‍ ഓരോ ടിപ്‌സ് പറയും. രഞ്ജിയേട്ടന്‍ എന്തെങ്കിലും വഴക്കൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ ഇങ്ങനെ ഇരുന്ന് കാര്യങ്ങള്‍ സംസാരിക്കും. നമ്മുടെ കോമണ്‍ ശത്രു രഞ്ജിയേട്ടന്‍ ആണല്ലോ (ചിരി). ഇനിയെങ്ങനെ വഴക്കുകിട്ടാതിരിക്കാമെന്നൊക്കെയായിരിക്കും ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. രാജുചേട്ടനും വഴക്കുകിട്ടുമായിരുന്നു, നവ്യ പറഞ്ഞു.
വളരെ ഹോണസ്റ്റ് ആയി സംസാരിക്കുന്ന ആളാണ് രാജു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഭയങ്കര പാവമാണ് ആള്‍. നന്നായി പാട്ടുപാടുകയൊക്കെ ചെയ്യും. ആ സമയത്ത് ഞാന്‍ ചില ടിപ്‌സൊക്കെ അങ്ങോട്ട് പറഞ്ഞുകൊടുത്തിരുന്നു(ചിരി).
സിനിമയില്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നവ്യയുമായി അടുത്തുനില്‍ക്കുന്ന കഥാപാത്രങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് അത്തരത്തില്‍ ഇല്ലെന്നും പക്ഷേ എല്ലാത്തിലും എനിക്കറിയാവുന്ന പലരും ഉണ്ടായിരുന്നു എന്നുമായിരുന്നു നവ്യയുടെ മറുപടി.
ഞാന്‍ ഒരുപാട് ആളുകളെ ഒബ്‌സേര്‍വ് ചെയ്യുന്ന ആളാണ്. ആളുകളുടെ വര്‍ത്തമാനം കേട്ടിരിക്കാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. സംസാരിക്കുമ്പോഴുള്ള അവരുടെ മാനറിസവും കൈയുടേയും കാലിന്റേയും ചേഷ്ടകളുമെല്ലാം ശ്രദ്ധിക്കും. അത്തരത്തില്‍ നമ്മള്‍ കാണുന്ന വ്യക്തികളില്‍ ഓരോരുത്തരും വ്യത്യസ്തരാകും. അവരൊക്കെ എന്നെ ചിലപ്പോള്‍ സ്വാധീനിക്കാറുണ്ട്, നവ്യ പറഞ്ഞു.
Content Highlight: Actress Navya nair share nandanam movie shoot and accident