Kerala News
പരിചയമുണ്ട്, സച്ചിന്‍ സാവന്തുമായി വഴിവിട്ട ബന്ധങ്ങളില്ല; വിശദീകരണവുമായി നവ്യയുടെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 30, 04:58 pm
Wednesday, 30th August 2023, 10:28 pm

തൃശൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരം തേടിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി നടി നവ്യ നായരുടെ കുടുംബം. ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധമില്ലെന്ന് കുടുംബം അറിയിച്ചു.

സച്ചിന്‍ സാവന്തുമായി ഒരേ റസിഡെന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്നത് മാത്രമാണ് പരിചയം. ഗുരുവായൂര്‍ സന്ദര്‍ശനത്തിനായി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. നവ്യയുടെ മകന്റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ നവ്യക്ക് പ്രതി ഉപഹാരങ്ങള്‍ ഒന്നും കൊടുത്തിട്ടില്ല. ഇ.ഡിയേയും ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

നടി നവ്യ നായരുമായി അടുത്ത ബന്ധമുണ്ടെന്നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന്റെ മൊഴി. ആഭരണങ്ങള്‍ അടക്കം നല്‍കിയിട്ടുണ്ടെന്ന് സച്ചിന്‍ സാവന്ത് ഇ.ഡിക്ക് മൊഴി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇതേത്തുടര്‍ന്നാണ് നവ്യയില്‍ നിന്ന് ഇ.ഡി വിവരങ്ങള്‍ തേടിയത്.

2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിന്‍ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായ സച്ചിനെ ജൂണ്‍ 27ന് ലഖ്നൗവില്‍ വെച്ചാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. കേസില്‍ പ്രത്യേക പി.എം.എല്‍.എ കോടതിയില്‍ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നവ്യയെക്കുറിച്ച് പരാമര്‍ശമുണ്ട്.

Content Highlight: Actress Navya Nair’s family has given an explanation on the news that the Enforcement Directorate has sought information