മരണം വരെ അഭിനയിക്കണം, വീട്ടിലിരിക്കരുതെന്നായിരുന്നു ആഗ്രഹം; ഈ നഷ്ടം സഹിക്കാവുന്നില്ല; കുറിപ്പുമായി നവ്യ
Malayalam Cinema
മരണം വരെ അഭിനയിക്കണം, വീട്ടിലിരിക്കരുതെന്നായിരുന്നു ആഗ്രഹം; ഈ നഷ്ടം സഹിക്കാവുന്നില്ല; കുറിപ്പുമായി നവ്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd February 2022, 11:12 am

കൊച്ചി: കെ.പി.എ.സി ലളിതയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി നവ്യ നായര്‍. ഈ നഷ്ടം തനിക്ക് സഹിക്കാനാവുന്നില്ലെന്നും ലളിതാന്റി തന്റെ സഹപ്രവര്‍ത്തക മാത്രമല്ല, സ്‌നേഹിതയും അമ്മയുമായിരുന്നെന്നും നവ്യ പറഞ്ഞു.

ഇഷ്ടപ്പെട്ടവരെ ഭഗവാനിങ്ങനെ വിളിക്കുമ്പോള്‍ നിശ്ശബ്ദയായി പോകുന്നെന്നും താരം ഫേസ്ബുക്കില്‍ എഴുതി. ‘ഒരുത്തീ’യിലും എന്റെ അമ്മ ജീവിതത്തിലും അങ്ങനെ തന്നെ. ”നമ്മള്‍ ഒരേ നക്ഷത്രമാടി, ചിത്തിര ” ഇനി അതു പറയാന്‍ ലളിതാന്റി ഇല്ല.

മരണം വരെ അഭിനയിക്കണം, വീട്ടിലിരിക്കേണ്ടി വരരുത്, അതായിരുന്നു ലളിതാന്റിയുടെ ആഗ്രഹം. അതങ്ങനെ തന്നെ നടന്നെന്നും നവ്യ പറയുന്നു. നവ്യ നായരുടെ ഏറ്റവും പുതിയ ചിത്രമായ ‘ഒരുത്തീ’യില്‍ താരത്തിന്റെ അമ്മയായി കെ.പി.എ.സി ലളിത അഭിനയിച്ചിരുന്നു.

നവ്യ നായരുടെ വാക്കുകള്‍:

എന്റെ ലളിതാന്റി … എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ‘ഒരുത്തീ’യിലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ”നമ്മള്‍ ഒരു നക്ഷത്രമാടി ,ചിത്തിര ” ഇനി അതു പറയാന്‍ ലളിതാന്റി ഇല്ല ..

എന്റെ സഹപ്രവര്‍ത്തകയല്ല , സ്‌നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ, നിശ്ശബ്ദയായി പോകുന്നു .. മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത്, അതായിരുന്നു ആഗ്രഹം. അതങ്ങനെ തന്നെ നടന്നു ..

ഇന്നലെ രാത്രിയോടെയായിരുന്നു കെ.പി.എ.സി ലളിതയുടെ മരണം. അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 74 വയസായിരുന്നു.

നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സണായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.

തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്.