| Wednesday, 2nd March 2022, 3:15 pm

ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയ ഘട്ടം അതായിരുന്നു; നവ്യ നായര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവ്യ നായരുടെ പേര് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ വരുന്ന മുഖം ഒരുപക്ഷേ നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയുടേതായിരിക്കും. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയായിരുന്നു അത്.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് നവ്യ വിവാഹിതയാകുന്നതും സിനിമയില്‍ നിന്നും പിന്മാറുന്നതും. ഇനിയും ഏറെ മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കേണ്ട താരത്തിന്റെ സിനിമയില്‍ നിന്നുള്ള വിടവാങ്ങല്‍ ആരാധകരെയും സങ്കടത്തിലാഴ്ത്തിയിരുന്നു.

എന്നാല്‍ നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ് നവ്യ. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ ഈ രണ്ടാം വരവ്.

സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് നവ്യ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയ ഘട്ടം ഏതായിരുന്നുവെന്ന ചോദ്യത്തിന് കല്യാണം എന്ന തീരുമാനത്തിലേക്ക് എത്താന്‍ കുറച്ചു സമയമെടുത്തിട്ടുണ്ടെന്നായിരുന്നു നവ്യയുടെ മറുപടി.

‘കരിയര്‍ വിട്ടിട്ട് പോവണോ എന്ന് ചിന്തിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലല്ലോ. അതൊക്കെ ആലോചിച്ചപ്പോള്‍ കല്യാണമെന്നത് കണ്‍ഫ്യൂഷനുണ്ടാക്കിയിരുന്നു. ചില സഹപ്രവര്‍ത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. ശരിക്കുപറഞ്ഞാല്‍ വിവാഹത്തെ കുറിച്ച് മനസ്സില്‍ പേടിയുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കൊക്കെ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അത് വലിയ വാര്‍ത്തയുമാകും. അത് ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഘട്ടമായിരുന്നു’, നവ്യ പറയുന്നു.

കരിയറില്‍ ഉയരങ്ങളിലേക്ക് പോകുന്ന സമയത്തുണ്ടായ കൂടുമാറ്റം മാനസികമായി എങ്ങനെയാണ് ബാധിച്ചത് എന്ന ചോദ്യത്തിന് നവ്യയുടെ മറുപടി ഇങ്ങനെ ‘തുടര്‍ച്ചയായി ഒരുപാട് സിനിമകളിലഭിനയിച്ച് ഷൂട്ടും തിരക്കുകളുമായിരുന്ന സമയമായിരുന്നുവത്. കല്യാണാലോചന വന്നപ്പോള്‍ വലിയ വിഷമമൊന്നും തോന്നിയില്ല. പക്ഷേ കല്യാണശേഷം ബഹളവും ആരവവുമൊക്കെ ഒഴിഞ്ഞ് മുംബൈയിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു.

അതുവരെ ഫ്‌ളാറ്റില്‍ ജീവിക്കാത്ത ഞാന്‍ അവിടുത്തെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് കഴിയുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നുമില്ല, നാളെ ഒന്നും ചെയ്യാനില്ല. പക്ഷേ ഇന്നുവരെ അതിനെ കുറിച്ചോര്‍ത്ത് ദു:ഖിച്ചിട്ടില്ല. പുതിയ ഓരോ കാര്യങ്ങള്‍ ചെയ്തുപോന്നു. പാചകം പഠിച്ചു. പിന്നെ മോനുണ്ടായി. അവന്റെ കാര്യങ്ങളെല്ലാം നോക്കി ജീവിച്ചു. മകന്‍ വലുതായപ്പോള്‍ വീണ്ടും നൃത്തം ചെയ്യാന്‍ തുടങ്ങി. ഇപ്പോഴിതാ വീണ്ടും സിനിമ ചെയ്യാമെന്ന തോന്നലും വന്നു,’ നവ്യ പറയുന്നു.

Content highlight: Actress Navya Nair opens up about her life and career

We use cookies to give you the best possible experience. Learn more