Advertisement
Movie Day
ആരതി മറ്റൊരുത്തീ,'ഒരിത്തീ'യെന്ന് നവ്യ; ബസില്‍ വെച്ച് ഉപദ്രവിച്ചയാളെ പൊലീസിലേല്‍പ്പിച്ച യുവതിയെ അഭിനന്ദിച്ച് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 31, 10:38 am
Thursday, 31st March 2022, 4:08 pm

ബസ് യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയയാളെ ഓടിച്ചിട്ടുപിടിച്ച് പൊലീസിലേല്‍പ്പിച്ച ആരതിക്ക് അഭിനന്ദനങ്ങളുമായി നടി നവ്യ നായര്‍. സംഭവത്തിന്റെ വാര്‍ത്തക്ക് താഴെ രമ്യ എസ്. ആനന്ദ് എന്ന പ്രൊഫൈലില്‍ നിന്നുവന്ന ‘ഒരുത്തീ’ എന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് നവ്യ പങ്കുവെച്ചത്.

ആരതി മറ്റൊരുത്തീ, ഒരു’ത്തീ’, എന്നാണ് വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് നവ്യ ഫേസ്ബുക്കില്‍ കുറിച്ചത്.

കാഞ്ഞങ്ങാട് ടൗണില്‍ വെച്ച് സ്വകാര്യ ബസ് സമരം നടത്തിയപ്പോഴായിരുന്നു കരിവെള്ളൂര്‍ സ്വദേശിനി പി.ടി. ആരതിക്ക് ഉപദ്രവമേല്‍ക്കേണ്ടിവന്നത്. സ്വകാര്യ ബസ് പണിമുടക്ക് നടന്നപ്പോഴായിരുന്നു സംഭവം. സ്വകാര്യ ബസുകള്‍ ഇല്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു ആരതിയുടെ യാത്ര.

ബസില്‍ നല്ല തിരക്കായിരുന്നു. കരിവെള്ളൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടെക്ക് പോകുന്നതിനിടെയാണ് ആരതിക്ക് ദുരനുഭവം ഉണ്ടാകുന്നത്. ഇതോടെ ആരതി പിങ്ക് പൊലീസിനെ വിളിക്കാന്‍ ഫോണെടുക്കുത്തതോടെ, അടുത്ത സ്റ്റോപ്പായ കാഞ്ഞങ്ങാട്ട് വണ്ടി നിര്‍ത്തിയപ്പോള്‍ ഉപദ്രവിച്ചയാള്‍ ഇറങ്ങിയോടുകയുമായിരുന്നു.

പിന്നീട് പിന്നാലെയോടിയാണ് ഇയാളെ ആരതി പിടികൂടിയത്. ഉടനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മാണിയാട്ട് സ്വദേശിയായ 52 കാരന്‍ രാജീവനാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്. ഈ സംഭവം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായതിന് പിന്നാലെയാണ് അഭിനന്ദവുമായി നവ്യ എത്തിയത്.

അതേസമയം, വി.കെ. പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീ സിനിമ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നവ്യയുടെ ചിത്രത്തിലെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്.

കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. ചിത്രത്തില്‍ നവ്യയോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു വിനായകന്‍ അവതരിപ്പിച്ച എസ്.ഐ ആന്റണിയുടേത്.