സിനിമയിലേക്ക് തിരികെ വന്നപ്പോള്‍ തനിക്ക് അനുഭവപ്പെട്ട മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി നവ്യ നായര്‍. പഴയ നായികമാരില്‍ നിന്നും വ്യത്യസ്തമായി ഇന്നത്തെ നായികമാര്‍ പരസ്പരം സപ്പോര്‍ട്ട് ചെയ്യുന്നവരാണെന്ന് നവ്യ പറഞ്ഞു. താന്‍ തിരിച്ച് വന്നപ്പോള്‍ അത്തരത്തിലുള്ള പിന്തുണ മഞ്ജു വാര്യരടക്കമുള്ള പല താരങ്ങളില്‍ നിന്നും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.
പണ്ട് നായികമാരെ ഒതുക്കാനുള്ള ശ്രമങ്ങളൊക്കെ നടക്കുമായിരുന്നു എന്നും ഇന്ന് അങ്ങനെയല്ലെന്നും താരം പറഞ്ഞു. അത്തരത്തിലുള്ള അനുഭവങ്ങള്‍ തനിക്ക് നേരെയും ഉണ്ടായിട്ടുണ്ടെന്നും മറ്റ് പലരും പറഞ്ഞാണ് അക്കാര്യം താന്‍ അറിയുന്നതെന്നും നവ്യ പറഞ്ഞു. ആ കാര്യത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കവെ നവ്യ പറഞ്ഞു.
‘ഇന്നത്തെ നായികമാര്‍ പഴയതിനേക്കാളും സപ്പോര്‍ട്ടിങ്ങാണ്. ഇപ്പോള്‍ എന്റെ സിനിമയുടെ ഇന്നുമുതല്‍ എന്നുപറയുന്ന പോസ്റ്ററില്‍ മഞ്ജു ചേച്ചിയാണ് ഓഡിയന്‍സിനെ അഡ്രസ് ചെയ്യുന്നത്. പ്രൊഡക്ഷനില്‍ നിന്ന് ഇക്കാര്യം ആദ്യം പറഞ്ഞപ്പോള്‍ തന്നെ ചേച്ചിക്ക് ഭയങ്കര സന്തോഷമായിരുന്നു.
അതുപോലെ തന്നെ ഒരുത്തിയുടെ ട്രെയ്ലറും ടീസറുമൊക്കെ റിലീസ് ചെയ്തതും എനിക്ക് പരിചയമുള്ളതും, പുതിയതും പഴയതുമായിട്ടുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളാണ്. നായികമാരെ ഒതുക്കാന്‍ മറ്റ് നായികമാര്‍ ശ്രമിക്കുന്ന രീതിയൊന്നും ഇപ്പോഴില്ല. പണ്ട് ആ രീതിയൊക്കെ കുറച്ചുണ്ടായിരുന്നു.
അത്തരത്തിലുള്ള അനുഭവങ്ങള്‍ കുറച്ചൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്. അനുഭവങ്ങള്‍ വിശദീകരിക്കാനൊന്നും എന്നോട് പറയരുത്. അത് ഞാന്‍ ചെയ്യില്ല. എനിക്കെതിരെ അങ്ങനെ ചിലരൊക്കെ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവരൊക്കെ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. അതിന്റെ പൂര്‍ണ വിശദാംശം പറഞ്ഞ് തരാന്‍ എനിക്കറിയില്ല,’ നവ്യ നായര്‍ പറഞ്ഞു.
വി.കെ.പ്രകാശിന്റെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഒരുത്തീ. നീണ്ട ഇടവേളക്ക് ശേഷം നവ്യ നായര്‍ തിരിച്ചുവരവ് നടത്തിയ സിനിമ കൂടിയാണ് ഒരുത്തീ. സൈജു കുറുപ്പ്, കെ.പി.എ.സി ലളിത തുടങ്ങിയ താരങ്ങളാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: actress navya nair about malayalam cinema