| Tuesday, 22nd March 2022, 11:21 am

സിനിമയില്‍ നിന്നുള്ള ആ പ്രണയം എനിക്ക് തന്നെ വര്‍ക്ക് ഔട്ട് ആയില്ല, വീട്ടുകാരുടെ സമ്മതം പിന്നെയല്ലേ: നവ്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ ഒരു കഥാപാത്രവുമായി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയില്‍ രാധാമണിയെന്ന കഥാപാത്രത്തെ മികവുറ്റതാക്കാന്‍ നവ്യയ്ക്ക് സാധിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും മാറി നിന്ന പത്ത് വര്‍ഷമാണ് താന്‍ ജീവിതം നേരിട്ടറിഞ്ഞതെന്ന് പറയുകയാണ് നവ്യ നായര്‍. സ്വന്തമായി ഒന്നും ചെയ്യാന്‍ അറിയാത്ത, പൂര്‍ണമായും ഡിപ്പെന്റന്റ് ആയ ഒരാളായിട്ടാണ് താന്‍ വിവാഹജീവിതത്തിലേക്ക് കടന്നതെന്നും അതിന് ശേഷമാണ് ലൈഫിനെ ഫേസ് ചെയ്യാന്‍ തുടങ്ങിയതെന്നും നവ്യ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നവ്യ. ഒപ്പം സിനിമയിലുണ്ടായിരുന്ന തന്റെ പ്രണയത്തെ കുറിച്ചും താരം മനസുതുറക്കുന്നുണ്ട്.

‘ഈ കഴിഞ്ഞ പത്ത് വര്‍ഷം ആണ് ജീവിതം കൂടുതല്‍ നേരിട്ട് അറിഞ്ഞത്. അത്രയും കാലം അച്ഛനും അമ്മയും എന്റെ കൂടെ ഉണ്ട്. ഒരു സാധാരണ വ്യക്തിക്ക് അറിയുന്ന നിസാരകാര്യങ്ങള്‍ പോലും ചെയ്യാന്‍ അറിയാത്ത, ഇന്‍ഡിപെന്‍ഡന്റ് ആയി പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ഒരാളായിട്ടാണ് ഞാന്‍ വിവാഹം കഴിക്കുന്നത്. അതിന് ശേഷമാണ് ലൈഫിനെ ഞാന്‍ നേരിട്ട് ഫേസ് ചെയ്യാന്‍ തുടങ്ങിയത്.

ഒരു കടയില്‍ പോയി സാധനം വാങ്ങിക്കുക പോലുള്ള കാര്യങ്ങള്‍. ഇതൊക്കെ നിസാര കാര്യങ്ങളാണ്. പക്ഷേ ഞാന്‍ 15 വയസില്‍ സിനിമയില്‍ വന്ന ശേഷം നമ്മള്‍ സ്വന്തമായി ഒന്നും ചെയ്യുന്നില്ല. അങ്ങനെ ടോട്ടലി ഡിപ്പന്റന്റ് ആയിട്ടുള്ള വ്യക്തിയായിട്ടാണ് ഞാന്‍ വിവാഹിതയാകുന്നത്. എന്നെ രാവിലെ ലൊക്കേഷനിലേക്ക് എത്തിക്കുക പോലും അച്ഛനും അമ്മയുമാണ്. അവര്‍ അവിടെ എന്നെ കൊണ്ടുനിര്‍ത്തിക്കഴിയുമ്പോള്‍ ഞാന്‍ അഭിനയം തുടങ്ങും.

എല്ലാത്തിനും ഒരാള്‍ ഉള്ളപ്പോള്‍ നമ്മള്‍ അങ്ങനെയല്ലേ. ഇപ്പോള്‍ ഭാര്യമാര്‍ എല്ലാം ചെയ്ത് കൊടുക്കുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ ഇരിക്കുന്ന പോലെ ഞാന്‍ സുഖമായി ഇരുന്നു, നവ്യ പറഞ്ഞു.

വളര്‍ത്തിശീലിപ്പിച്ചത് ഇങ്ങനെ ആണോ എന്ന് വിവാഹശേഷം ഭര്‍ത്താവ് ചോദിച്ചില്ലേ എന്ന ചോദ്യത്തിന് ഉറപ്പായിട്ടും ചോദിച്ചു എന്നായിരുന്നു നവ്യയുടെ മറുപടി. അത് ആരായാലും ചോദിക്കുമല്ലോ എന്നും അതില്‍ ഒരു തെറ്റുമില്ലെന്നും നവ്യ പറഞ്ഞു.

ഒരു റിലേഷന്‍ഷിപ്പ് ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തനിക്ക് പ്രണയം ഉണ്ടായിട്ടുണ്ടെന്നായിരുന്നു നവ്യയുടെ മറുപടി. ‘വിവാഹത്തിലേക്കൊന്നും അത് എത്തിയില്ല. അത് വര്‍ക്ക് ഔട്ട് ആയില്ലെന്ന് വേണമെങ്കില്‍ പറയാം.

വീട്ടുകാര്‍ എതിര്‍ത്തതാണോ എന്ന ചോദ്യത്തിന് തന്റെ കാര്യത്തില്‍ തന്നെ അത് വര്‍ക്ക് ഔട്ട് ആയില്ല, പിന്നെയല്ലേ വീട്ടുകാര്‍ എന്നായിരുന്നു നവ്യയുടെ മറുപടി.

സിനിമ മേഖലയില്‍ നിന്നായിരുന്നോ എന്ന ചോദ്യത്തിന് വേറെ ഏത് മേഖലയിലാണ് താന്‍ പോകുന്നത് എന്നായിരുന്നു നവ്യയുടെ മറുപടി. രാവിലെ മുതല്‍ വൈകീട്ട് വരെ ഞാന്‍ അവിടെ ആണല്ലോ എന്നും നവ്യ പറഞ്ഞു. ഏതെങ്കിലും നായകന്‍മാര്‍ ആയിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെയെങ്കില്‍ ആ പേര് ഞാന്‍ പറയുന്നതല്ലേ നല്ലതെന്നും നവ്യ ചോദിച്ചു.

കല്യാണത്തിന് മുന്‍പ് സിനിമയില്‍ നിന്ന് മാറിയിരിക്കാന്‍ പറ്റുമോ എന്ന് താന്‍ ആലോചിച്ചിരുന്നെന്നും പിന്നെ ആ സമയത്ത് തിരക്കുള്ള ഷൂട്ടും പരിപാടികളുമൊക്കെ ആയപ്പോള്‍ കുറച്ചു റെസ്റ്റ് എടുക്കാം അടിപൊളിയായിരിക്കുമെന്നാണ് വിചാരിച്ചതെന്നും നവ്യ പറയുന്നു.

കുഞ്ഞായപ്പോള്‍ പിന്നെ കുഞ്ഞിന്റെ പരിപാലനത്തിലും കുറേ നാള്‍ പോയി. അതിന് ശേഷം ഡാന്‍സ്, പിന്നെ ഫിറ്റ്‌നെസില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്തു. പിന്നെ ഡയരക്ട് ചെയ്താലോ എന്ന് ആലോചിച്ചു. ഒരു വര്‍ഷം അതിന് പിറകെ പോയി. പക്ഷേ വര്‍ക്ക് ഔട്ട് ആയില്ല.

സിനിമയില്‍ നിന്നും മാറി നിന്നതില്‍ ഒരു റിഗ്രെറ്റും ഇല്ല. ഇത് ഞാന്‍ എടുത്ത ഗ്യാപ് തന്നെയാണ്. ഡെസ്പറേറ്റ് ആയിരുന്നെങ്കില്‍ എനിക്ക് നേരത്തെ തന്നെ സിനിമ ചെയ്യാമായിരുന്നു. പിന്നെ 2012 ല്‍ ഞാന്‍ ചെയ്ത സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇനി തിരിച്ചുവരികയാണെങ്കില്‍ ആളുകളുടെ ഇഷ്ടം കളയാത്ത രീതിയിലുള്ള ഒരു ചിത്രമാകണമെന്നുണ്ടായിരുന്നു, നവ്യ പറയുന്നു.

ഇനി ഒരു മുഴുനീള നടിയായിരിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ കടുത്ത തീരുമാനമൊന്നും താന്‍ എടുത്തിട്ടില്ലെന്നും തന്റെ സിനിമകള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമായിരിക്കുമെന്നും താരം പറഞ്ഞു.

Content Highlight: Actress Navya Nair About Her Love

Latest Stories

We use cookies to give you the best possible experience. Learn more