തുല്യവേതനം വേണമെന്ന് പറയുന്നില്ല, പക്ഷേ നമ്മള്‍ പറയുന്ന വേതനത്തില്‍ നിന്നും ഒരുപാട് കുറച്ച് വിലപേശുന്നവരുണ്ട്: നമിത പ്രമോദ്
Entertainment news
തുല്യവേതനം വേണമെന്ന് പറയുന്നില്ല, പക്ഷേ നമ്മള്‍ പറയുന്ന വേതനത്തില്‍ നിന്നും ഒരുപാട് കുറച്ച് വിലപേശുന്നവരുണ്ട്: നമിത പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th September 2022, 5:20 pm

നിരവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ഭാഗമായ നടിയാണ് നമിത പ്രമോദ്. സിനിമയില്‍ സ്ത്രീകള്‍ക്ക് വളരെ കുറഞ്ഞ വേതനമാണ് നല്‍കുന്നതെന്ന് സ്വന്തം അനുഭവത്തിലൂടെ വണ്ടര്‍വാള്‍ മീഡിയയോട് പറയുകയാണ് നമിത.

”ഇപ്പോള്‍ സിനിമാ മേഖലയിലെ ചൂടന്‍ ചര്‍ച്ചയാണ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വേതനം. നടിമാര്‍ക്കും നടന്മാര്‍ക്കും ഒരേ വേതനമാക്കണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ ന്യായമായ വേതനം വേണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് ഞാന്‍ ചോദിക്കുന്നുമുണ്ട്.

കാരണം പലപ്പോഴും നമ്മള്‍ പറയുന്ന വേതനത്തില്‍ നിന്നും ഒരുപാട് കുറച്ച് വിലപേശുന്നവരുണ്ട്. ജനറലൈസ് ചെയ്ത് പറയുയുമ്പോള്‍ സിനിമയിലെ സ്ത്രീകളുടെ വേതനം വളരെ കുറവാണ്. അത് ബെറ്റര്‍ ആക്കിയാല്‍ നന്നാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

എല്ലാവരും വിലപേശി വേതനം തരുന്നവരാണ് എന്നല്ല. പക്ഷേ അങ്ങനെ ചെയ്യുന്ന ഒരുപാട് പേരുണ്ട്. ന്യായമായ വേതനം നല്‍കണമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

മാര്‍ക്കറ്റിങ്ങിന്റെ കാര്യമാണ് എല്ലാവരും പറയുന്നത്. അവരോട് എനിക്ക് ചോദിക്കാനുള്ളത്, ചിലപ്പോള്‍ മെയില്‍ ക്യാരക്ടറിന് കിട്ടുന്നതിനേക്കാള്‍ എത്രയോ കുറവാണ് അതേ തുല്യ അഭിനയം കാഴ്ചവെക്കുന്ന സ്ത്രീകള്‍ക്ക് കിട്ടുന്നത്.

ഞങ്ങള്‍ ഒരിക്കലും പറയുന്നില്ല വലിയ ആക്‌ടേസിന്റെ അത്ര തന്നെ വേതനം തരണമെന്ന്. പക്ഷേ വിലപേശാതെ ന്യായമായ വേതനം തന്ന് കൂടെ. അത്യാവശ്യം നല്ല വ്യത്യാസം പെയ്‌മെന്റില്‍ വരുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

പല അഭിമുഖത്തിലായി പലരും ഈ കാര്യം പറഞ്ഞിട്ടുണ്ട്. ചില സിനിമകള്‍ ബാര്‍ഗെയിനിങ് ചെയ്തതിന്റെ പേരില്‍ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കുറേ നല്ല സിനിമകളാണ് പോയതെല്ലാം.

നമ്മള്‍ നമ്മുടെ വാല്യൂവിന് അനുസരിച്ച് ഒരു വേതനം പറയുന്നതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. രണ്ട് വര്‍ഷം മുന്നേ എന്റെ അടുത്ത് ഒരു സിനിമയുമായി ചിലര്‍ വന്നിരുന്നു. ഞാന്‍ പറഞ്ഞ വേതനത്തേക്കാള്‍ എത്രയോ കുറവാണ് അവരെന്നോട് പറഞ്ഞത്.

ആ വേതനം ഞാന്‍ എന്റെ രണ്ടാമത്തെ സിനിമയ്ക്ക് വാങ്ങിട്ടുണ്ട്. അതാണ് അവര്‍ എനിക്ക് തരുമെന്ന് പറഞ്ഞത്. എനിക്ക് അതില്‍ വലിയ വിഷമം തോന്നി. ഇത്ര വാല്യൂവാണ് എനിക്ക് അവര്‍ കല്പിക്കുന്നതെറിഞ്ഞപ്പോള്‍ ഭയങ്കര വിഷമമായി.

അങ്ങനെ ഒരുപാട് സിനിമകള്‍ വേണ്ട എന്ന് വെച്ചിട്ടുണ്ട്. പക്ഷേ അത് കുഴപ്പമില്ല. അത്തരം സിനിമകള്‍ അഭിനയിക്കുന്നില്ല എന്ന് കരുതിയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. അവര്‍ നമ്മളെ മോശമായി പറയുമായിരിക്കും പക്ഷേ കുഴപ്പമില്ല.

എന്നാല്‍ നമ്മുടെ ടാലന്റ് മനസ്സിലാക്കി വേതനം തരുന്ന ഒത്തിരി ആളുകളുമുണ്ട്. എല്ലാവരെയും ജനറലൈസ് ചെയ്തല്ല ഞാന്‍ പറയുന്നത്. പൊതുവെ സ്ത്രീകള്‍ക്ക് വേതനം കുറവാണ്,” നമിത പറഞ്ഞു.

Content Highlight: Actress Namitha Pramoda says from her own experience that women are paid very less in films