എനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ്‌സുണ്ട്, ജീവിക്കാന്‍ എവിടെ നിന്നാണ് കാശുകിട്ടുന്നതെന്നൊക്കെയാണ് അവര്‍ ചോദിക്കുന്നത്: നമിത പ്രമോദ്
Entertainment news
എനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ്‌സുണ്ട്, ജീവിക്കാന്‍ എവിടെ നിന്നാണ് കാശുകിട്ടുന്നതെന്നൊക്കെയാണ് അവര്‍ ചോദിക്കുന്നത്: നമിത പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th October 2022, 8:28 pm

നമിത പ്രമോദ് തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകളെക്കുറിച്ച് പ്രതികരിക്കുകയാണ്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമന്റുകളെക്കുറിച്ച് നമിത പറഞ്ഞത്.

”എനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ്‌സുണ്ട്. എല്ലാവരെയും നമുക്ക് അങ്ങനെ കാറ്റഗറൈസ് ചെയ്യാന്‍ പറ്റില്ല. നമ്മള്‍ എന്ത് പറഞ്ഞാലും നമ്മുടെ വീഡിയോസിന്റെ താഴെ ഇഷ്ടം പോലെ മോശമായി കമന്റ് ചെയ്യുന്നവരുണ്ട്.

നല്ല വിമര്‍ശനങ്ങള്‍ ഞാന്‍ കേള്‍ക്കാറുണ്ട്. നമുക്ക് മാറ്റണം എന്നു തോന്നുന്ന അത്തരം വിമര്‍ശനങ്ങള്‍ അതില്‍ നിന്നും ഞാന്‍ എടുക്കാറുണ്ട്. പക്ഷേ ചില കമന്റുകള്‍ കാണാം ഇവള്‍ ജീവിച്ചിരിപ്പുണ്ടോ, ഇവള്‍ക്ക് ഇപ്പോള്‍ എന്താ പണി എന്ന രീതിയിലുള്ളത്.

 

അതില്‍ ഒരു കമന്റ് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. നമിത കരിയറില്‍ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ലാലോ, എവിടെ നിന്നാണ് ജീവിക്കാന്‍ കാശ് കിട്ടുന്നത് എന്നായിരുന്നു കമന്റ്. എന്റെ ലൈഫില്‍ സിനിമ മാത്രമല്ലയുള്ളത്. എനിക്ക് അച്ഛനുണ്ട് അമ്മയുണ്ട് അങ്ങനെ ഒരുപാട് സ്ഥലത്ത് നിന്നും വരുമാനമുണ്ട്. സിനിമയില്‍ നിന്നും മാത്രമല്ല എനിക്ക് വരുമാനം കിട്ടുന്നത്.

നല്ല രീതിയില്‍ കമന്റ് ചെയ്യുന്നവരുമുണ്ട് ഇതേ രീതിയില്‍ മോശമായി കമന്റ് ചെയ്യുന്നവരുമുണ്ട്. അവരുടെ ലൈഫില്‍ കുറേ മോശം അനുഭവമുണ്ടാകാം അതിന്റെ പേരില്‍ ഫ്രസ്ട്രറ്റഡായി ബാക്കിയുള്ളവരുടെ മേലേക്ക് തീര്‍ക്കുന്ന ഒരുപാട് ആളുകളുമുണ്ട്.

സോഷ്യല്‍ മീഡിയയിലെ പല കമന്റ്‌സും ഫേക്ക് ഐഡന്റിറ്റിയില്‍ നിന്നാണ് വരുന്നത്. സ്വന്തം പേര് പോലും വെളിപ്പെടുത്താന്‍ ധൈര്യമുണ്ടാകില്ല. പിന്നെ ഞാന്‍ അത് ശ്രദ്ധിക്കാതെ വിടുന്നതാണ്. പേഴ്‌സണല്‍ മെസേജ് അയക്കുന്നവര്‍ ഇപ്പോള്‍ വളരെ കുറവാണ്.

നമ്മുടെ അഭിമുഖം കണ്ട് വളരെ പോസിറ്റീവായി കമന്റ് ചെയ്യുന്നവരുണ്ട്. അവരുടെ ലൈഫില്‍ മോശം ആളുകളെയാണ് കണ്ടിട്ടുള്ളതെന്ന് വെച്ചിട്ട് എല്ലാവരും അങ്ങനെയല്ല. നമ്മള്‍ ഒരാളോട് വളരെ നന്നായി പെരുമാറുമ്പോള്‍ പലരും വിചാരിക്കുന്നത് നമ്മള്‍ അങ്ങനെയല്ല പകരം അതുപോലെ അഭിനയിക്കുകയാണെന്നാണ്. പുറത്ത് നിന്ന് കാണുന്നവര്‍ക്ക് ഞാനെങ്ങനെയാണ് എന്റെ ലൈഫ് എങ്ങനെയാണെന്ന് അറിയില്ല.

എന്റെ പോസ്റ്റിന്റെ അടിയില്‍ മോശമായി കമന്റ് ചെയ്ത ഒരാളുടെ കമന്റിന് ഒരു ചേച്ചി തിരിച്ച് കമന്റ് ഇട്ടിരുന്നു.  വളര്‍ന്ന് വരുന്ന കുട്ടികളുടെ പോസ്റ്റില്‍ ഈ രീതിയില്‍ കമന്റ് ഇട്ട് നിങ്ങള്‍ തന്നെയല്ലെ സ്വയം താഴുന്നതെന്ന്. ബഹുജനം പലവിധമെന്ന് അതില്‍ നിന്നും മനസിലാക്കാം.

content highlight: Actress Namitha pramod was responding hate comments