മിനി സ്‌ക്രീനില്‍ നിന്ന് വന്ന് ബിഗ് സ്‌ക്രീനില്‍ താരമായ യുവനടിമാരിലൊരാളാണ് നമിത പ്രമോദ്. ട്രാഫിക് എന്ന സിനിമയിലെ വേഷത്തിലൂടെയായിരുന്നു നമിതയുടെ സിനിമയിലേക്കുള്ള ചുവടുവെപ്പ്. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നായികയായെത്തി. തുടര്‍ന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ചന്ദ്രേട്ടന്‍ എവിടെയാ, കമ്മാരസംഭവം, അടി കപ്യാരേ കൂട്ടമണി, റോള്‍ മോഡല്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
2020ല്‍ റിലീസ് ചെയ്ത അല്‍ മല്ലുവാണ് നമിത പ്രമോദിന്റെ അവസാന മലയാള ചിത്രം. ചെറിയ ഇടവേളക്ക് ശേഷം ഈശോ ആണ് നമിതയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. ജയസൂര്യ നായകനാവുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നാദിര്‍ഷയാണ്. ഒക്ടോബര്‍ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധായകന്‍ ലാല്‍ ജോസ് തന്നോട് ഒരിക്കല്‍ ദേഷ്യപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ നമിത പ്രമോദ്.
വിക്രമാദിത്യന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു സംഭവം. സിനിമയിലെ ഒരു ഗാനരംഗത്തില്‍ വരികള്‍ തെറ്റായി പറഞ്ഞതാണ് ലാല്‍ ജോസ് വഴക്ക് പറഞ്ഞതിന് കാരണം. എല്ലാവരുടെയും മുന്നില്‍ വെച്ച് വഴക്ക് പറഞ്ഞപ്പോള്‍ താന്‍ വിളറിപ്പോയെന്നും നമിത പറഞ്ഞു.
‘ലാലു അങ്കിള്‍ എനിക്ക് അച്ഛനെ പോലെയാണ്. വിക്രമാദിത്യന്‍ സിനിമ ചെയ്യുന്ന സമയത്ത് അതിലൊരു കൊങ്കിണി ലൈന്‍ ഉണ്ട്. പാട്ടിനിടക്ക്. എനിക്കിപ്പോഴും അതറിഞ്ഞുകൂട. ഏഴെട്ട് ലൈന്‍ ഉള്ള കൊങ്കിണി വരി പാടാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പുള്ളിയെ പറ്റിക്കാന്‍ വേണ്ടി തെറ്റായി പാടി. ക്യാമറ വൈഡാണോ ക്ലോസ് ആണോ വെക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ എല്ലാവരും നില്‍ക്കുകയാണ്,
മൈക്കില്‍ കൂടെ കഴുതേ, പറ്റില്ലെങ്കില്‍ വേറെ പണിക്ക് പോടീ, എന്ന് പറഞ്ഞു. ഞാനിങ്ങനെ ചുവന്ന് വിളറി വെളുത്തു. പുള്ളി ഇത് കോമഡി ആയും സീരിയസ് ആയിട്ടും ഒക്കെയായിരിക്കും പറയുന്നത്. പക്ഷെ ഞാന്‍ നോക്കുന്നത് അതല്ല, എല്ലാവരും കേള്‍ക്കുന്നുണ്ട്,’ നമിത ചിരിച്ചു കൊണ്ട് പറഞ്ഞു.
വിക്രമാദിത്യന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ലാല്‍ ജോസ് ചിത്രങ്ങളില്‍ നമിത പ്രമോദ് ആയിരുന്നു നായിക. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെ നായകരാക്കി ലാല്‍ ജോസ് ചെയ്ത ചിത്രമാണ് വിക്രമാദിത്യന്‍. 2014 ല്‍ പുറത്തിറങ്ങിയ സിനിമ വന്‍ വിജയമാണ് നേടിയത്.
നിലവില്‍ ഗുരുസോമസുന്ദരം, ബേസില്‍ ജോസഫ് എന്നിവര്‍ അഭിനയിക്കുന്ന കപ്പ് എന്ന സിനിമയിലും നമിത പ്രമോദ് ആണ് നായിക.
Content Highlight: Actress Namitha Pramod talks about an incident while Shooting with Director Lal Jose