| Monday, 3rd October 2022, 9:19 am

ഒരു പെര്‍ഫോമര്‍ എന്ന രീതിയില്‍ എന്നെ മാറ്റിയെടുത്ത സംവിധായകനും സിനിമയും ഇതാണ്: നമിത പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനായും സംവിധായകനായും മലായള സിനിമയില്‍ സ്വന്തമായി സ്ഥാനം നേടിയെടുത്ത താരമാണ് സിദ്ധാര്‍ത്ഥ് ശിവ. 101 ചോദ്യങ്ങള്‍, ഐന്‍, വര്‍ത്തമാനം, ആണ് എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തിലൂടെ പുറത്തിറങ്ങിയിട്ടുണ്ട്.

സിദ്ധാര്‍ത്ഥ് ശിവ എന്ന സംവിധായകന്‍ ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേതാവെന്ന നിലയിലും തന്നെ മാറ്റിയെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് നടി നമിത പ്രമോദ്. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സിദ്ധാര്‍ത്ഥ് ശിവയുടെ ‘ആണ്’ എന്ന സിനിമയില്‍ അഭിനയിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവെന്നും പെര്‍ഫോമറെന്ന നിലയില്‍ തന്നെ മാറ്റിയെടുന്ന സംവിധായകനാണ് സിദ്ധാര്‍ത്ഥ് ശിവ എന്നുമാണ് നമിത പറയുന്നത്.

”നായികയായി എന്നെ കൊണ്ടുവന്നത് സത്യന്‍ അങ്കിളാണ് (സത്യന്‍ അന്തിക്കാട്). വര്‍ക്ക് ചെയ്ത ഓരോ സംവിധായകരില്‍ നിന്നും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്.

ഒരു നാല് വര്‍ഷമായി നടിയെന്ന രീതിയില്‍ എന്നിലെ പോരായ്മകള്‍ ഞാന്‍ മനസിലാക്കി തുടങ്ങി. കൂടെ വര്‍ക്ക് ചെയ്യുന്ന, പുതിയ ജനറേഷനിലുള്ള ആക്ടേഴ്‌സിനെ കണ്ടും സിനിമയിലെ മാറ്റങ്ങളും കണ്ടാണ് അത് മനസിലാക്കിയത്.

ഒരു വര്‍ഷം മുമ്പ് സിദ്ധുവേട്ടന്റെ (സിദ്ധാര്‍ത്ഥ് ശിവ) ‘ആണ്’ എന്ന ഒരു സിനിമ ചെയ്തിരുന്നു. ഒരു വ്യക്തി എന്ന നിലയിലും അഭിനേതാവെന്ന നിലയിലും ഈ സിനിമയാണ് എന്റെ കരിയറിലെ ഏറ്റവും വലിയ ഐഓപ്പണര്‍, അല്ലെങ്കില്‍ പാത്ത് ബ്രേക്കിങ് മൂവി.

ഈ സിനിമയിലൂടെ എനിക്ക് കിട്ടിയ ട്രെയിനിങ്ങാണ് എന്നെ മാറ്റിയത്. ഏഴെട്ട് ദിവസത്തെ വര്‍ക്ക്‌ഷോപ്പിലൂടെ എനിക്ക് കിട്ടിയ എക്‌സ്‌പോഷര്‍ അത്രയും വലുതാണ്.

എന്നിലെ ആക്ടറിനെ സിദ്ധുവേട്ടന്റെ അത്രത്തോളം ഒരാളും എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട്, എന്നെനിക്ക് തോന്നുന്നില്ല. എന്റെ മോശം വശങ്ങളും നല്ല വശങ്ങളും എനിക്ക് മനസിലാക്കി തന്ന ഡയറക്ടറായിരുന്നു സിദ്ധുവേട്ടന്‍.

ഒരു പെര്‍ഫോമര്‍ എന്ന രീതിയില്‍ എന്നെ ഒരുപാട് മാറ്റിയ സിനിമയായിരുന്നു ആണ്.

ആദ്യമൊക്കെ അഭിനയിക്കുന്നതിന് മുമ്പ് കഥ കേള്‍ക്കും സ്‌ക്രിപ്റ്റ് വായിക്കും, ഡയലോഗ്‌സ് മനസിലാക്കും, പോകും, സിനിമയില്‍ അഭിനയിക്കും- ഇതായിരുന്നു പ്രോസസ്. പക്ഷെ അതല്ല പ്രോസസ്.

ഒരു ആക്ടര്‍ ഒരു ക്യാരക്ടറിലേക്ക് ഇന്‍വോള്‍വ്ഡായി ചെയ്യുമ്പോള്‍ എവിടെയെങ്കിലും ആ ക്യാരക്ടർ നമ്മുടെ റിയല്‍ ലൈഫിലെ ഏതെങ്കിലും ഒരു ഇമോഷനുമായി ഒരു പോയിന്റില്‍ വെച്ച് ടച്ചാവും. ആ ടച്ചായതിന് ശേഷം നമ്മള്‍ ചെയ്യുന്ന, ഉള്ളില്‍ നിന്ന് വരുന്ന ആ പെര്‍ഫോമന്‍സാണ് ഏറ്റവും ഭംഗിയുള്ള ക്രിയേഷന്‍ എന്ന് എനിക്ക് പഠിപ്പിച്ച് തന്നയാളാണ് സിദ്ധുവേട്ടന്‍,” നമിത പ്രമോദ് പറഞ്ഞു.

അതേസമയം, നാദിര്‍ഷയുടെ സംവിധാനത്തില്‍ ജയസൂര്യ നായകനായെത്തുന്ന ‘ഈശോ’യാണ് നമിതയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നമിത മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

Content Highlight: Actress Namitha Pramod says director Sidhartha Siva changed her as a person and as a performer 

We use cookies to give you the best possible experience. Learn more