ഉണ്ണി മുകുന്ദനും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചെത്തിയ ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍. ചിത്രത്തില്‍ ഫീമെയില്‍ റോള്‍ അവതരിപ്പിച്ചത് നമിത പ്രമോദാണ്.
ആ സിനിമ തനിക്ക് ലഭിച്ചത് പ്രാര്‍ത്ഥനയുടെ ഫലമാണെന്നും സിനിമക്ക് വേണ്ടി മൂക്കു കുത്തിയിരുന്നുവെന്നും താരം പറഞ്ഞു. മൂക്ക് കുത്താന്‍ തനിക്ക് ഇഷ്ടമായിരുന്നുവെന്നും പക്ഷെ ചേരുമോ എന്ന ഭയമായിരുന്നുവെന്നും നമിത പറഞ്ഞു.
സിനിമക്ക് വേണ്ടി മൂക്ക് കുത്തിയപ്പോള്‍ ധരിച്ച മൂക്കുത്തി ലാല്‍ ജോസ് പറഞ്ഞതനുസരിച്ച് താന്‍ വലിച്ച് ഊരിയെന്നും തുടര്‍ന്ന് മുഴുവന്‍ ചോര വന്നുവെന്നും നമിത പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”വളരെ ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു വിക്രമാദിത്യന്‍. ലാലു അങ്കിളിന്റെ പുള്ളിപുലികള്‍ നേരത്തെ ചെയ്തിട്ടുണ്ടായിരുന്നു. മാര്‍ച്ചിലായിരുന്നു ഷൂട്ട് പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് ഫൈനല്‍ എക്സാമായിരുന്നു.
ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. ഫൈനല്‍ എക്സാം ആയതിനാല്‍ അത് നഷ്ടപ്പെടുത്തണ്ട എന്നാണ് ലാലു അങ്കിള്‍ പറഞ്ഞത്. സിനിമ ഒരു പത്ത് ദിവസം മാറിപ്പോണേ എന്ന് ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുമായിരുന്നു. സിനിമ ഒരു മാസം എന്തോ വൈകി. ഞാനിത് ആരോടും പറയാനൊന്നും പോയിട്ടില്ല, ഞാന്‍ പ്രാര്‍ത്ഥിച്ച് വൈകിപ്പിച്ചതാണ്.
ചെയ്യാതെ പോയിരുന്നുവെങ്കില്‍ വലിയ റിഗ്രറ്റായേനെ. എന്റെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ മൂക്കു കുത്തി. മൂക്ക് കുത്താന്‍ ഇഷ്ടമായിരുന്നു. പക്ഷെ ചേരുമോ ഇല്ലയോ എന്ന സംശയമുണ്ടായിരുന്നു. ലാലു അങ്കിള്‍ മൂക്ക് കുത്തണമെന്ന് പറഞ്ഞപ്പോള്‍ സ്റ്റിക്കര്‍ പോരേയെന്ന് ഞാന്‍ ചോദിച്ചതാണ്. അതുപോര കുത്തണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ പോയി മൂക്ക് കുത്തി.
കുത്തിക്കഴിഞ്ഞ്, ഗണ്‍ ചെയ്യുന്ന സമയത്ത് അവര്‍ വലിയൊരു സ്റ്റോണ്‍ ആണ് ഇടുക. ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഇതെന്തോന്ന് എന്ന് ചോദിച്ചു. മൂക്കുത്തിയാണെന്ന് ഞാന്‍ പറഞ്ഞു. ഇത് മാറ്റണം, ഷോട്ടിന് പറ്റില്ല പഴയ അമ്മൂമ്മ ലുക്കാണെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ മൂക്കുത്തി വലിച്ചെടുത്തു.
കുത്തിക്കഴിഞ്ഞ് പതിനഞ്ച് ദിവസം കഴിഞ്ഞു മാത്രമെ ഊരാന്‍ പാടുള്ളൂ. ഞാന്‍ വലിച്ചെടുത്തതും ചോര വരാന്‍ തുടങ്ങി. മൊത്തം ചോര. സമീറ ചേച്ചി ഡയമണ്ടിന്റെ ചെറിയൊരു മൂക്കുത്തി തന്നു. പക്ഷെ ആണി ഇടാന്‍ പറ്റുന്നില്ല.
മൂക്കിന്റെ അകം നീരുവച്ചിരുന്നു. മുഴുവന്‍ ചോര. അന്ന് ആണിയിടാതെ കിടന്നുറങ്ങി. പിറ്റേന്നായപ്പോഴേക്കും മൂക്ക് കുത്തിയത് അടഞ്ഞു. അങ്ങനെ തട്ടാന്റെ അടുത്ത് പോയി ആ മുറിവില്‍ തന്നെ വീണ്ടും കുത്തി.
എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും വേദന അനുഭവിച്ചിട്ടില്ല. പിന്നീട് ചന്ദ്രേട്ടനിലും മൂക്കുത്തിയുണ്ടായിരുന്നു. രണ്ട് മൂന്ന് പടം കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ തോന്നി എനിക്കിത് ചേരില്ലെന്ന്. അങ്ങനെ അത് കളഞ്ഞു, എന്നിട്ട് പകരം ചെവി മൊത്തം കുത്തി,” നമിത പറഞ്ഞു.
content highlight: actress namitha pramod about vikramadhithyan movie