| Tuesday, 12th January 2021, 2:31 pm

പ്രതികരിക്കണം എന്ന് തോന്നുന്ന കാര്യങ്ങളില്‍ പ്രതികരിച്ചാല്‍ പോരെ, ഇതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല; വീ ഹാവ് ലഗ്‌സ് ക്യാമ്പയിനില്‍ ഇടപെടാത്തതിനെ കുറിച്ച് നമിത പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളില്‍ മാത്രമേ പ്രതികരിക്കുകയുള്ളൂവെന്നും എല്ലാ വിഷയങ്ങളിലും പ്രതികരിക്കണം എന്ന് നിര്‍ബന്ധമുണ്ടോയെന്നും നടി നമിത പ്രമോദ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ മറുപടി.

അടുത്തിടെ സോഷ്യല്‍മീഡിയയെ ഇളക്കി മറിച്ച വീ ഹാവ് ലഗ്‌സ് ക്യാമ്പയിനില്‍ ഇടപെടാതിരുന്നത് എന്തെന്ന ചോദ്യത്തിനായിരുന്നു അങ്ങനെ പ്രതികരിക്കണമെന്ന നിര്‍ബന്ധമുണ്ടോയെന്ന താരത്തിന്റെ ചോദ്യം.

‘ പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളില്‍ പ്രതികരിച്ചാല്‍ പോരേ? അതാണ് എന്റെ പോളിസി. ലോകത്ത് എന്ത് പ്രശ്‌നമുണ്ടായാലും അതില്‍ പ്രതികരിക്കണം എന്നില്ല. അങ്ങനെ ചിന്തിക്കുന്ന മനസ് അല്ല എന്റേത്. സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. സിനിമയല്ലാതെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്’, നടി പറഞ്ഞു.

ഇന്‍സ്റ്റഗ്രാം കൈകാര്യം ചെയ്യുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കാറ് എന്ന ചോദ്യത്തിന് കൈ തട്ടി ലൈവ് ഒന്നും ആയിപ്പോകരുത് അതാണ് ഏറ്റവും വലിയ പേടി എന്നായിരുന്നു നമിതയുടെ മറുപടി. എന്നെ നേരിട്ട് ബാധിക്കുന്ന കാര്യമായതുകൊണ്ട് വളരെ ശ്രദ്ധിച്ചേ ഓരോ ഫോട്ടോയും ഇടാറുള്ളൂ. നല്ല കമന്റുകള്‍ ലൈക്ക് ചെയ്യാറുണ്ട്. മോശമായതും വരാറുണ്ട്. അത് ഡിലീറ്റ് ചെയ്യും. അവരെ ബ്ലോക്ക് ചെയ്യും. ചിലരുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത് തേച്ചൊട്ടിച്ചിട്ടും ഉണ്ട്.

ഏതുനല്ല കാര്യത്തിനൊപ്പവും മോശം കാര്യവും ഉണ്ടാവുമല്ലോ ചിലര്‍ അങ്ങനെയാണ്. പിന്നെ സിനിമ പോലുള്ള ഷോ ബിസിനസില്‍ നില്‍ക്കുമ്പോള്‍ ഇത്തരം കമന്റുകള്‍ പ്രതീക്ഷിക്കണം. അത് നേരിടുകയാണ് വേണ്ടത്. നമിത പറഞ്ഞു.

പത്താം ക്ലാസില്‍ കണക്കിനൊഴിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ ആള്‍ സിനിമ തിരഞ്ഞെടുക്കാനും വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാനും നന്നായി കണക്കുകൂട്ടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് കരിയറില്‍ അങ്ങനെ ഒരു കണക്കുകൂട്ടലും നടത്തിയിട്ടില്ലെന്നായിരുന്നു നമിതയുടെ മറുപടി.

ഇതൊരു ജോലിയാണ്. അതുണ്ടെങ്കിലേ ജീവിക്കാനുള്ള പണം കിട്ടൂ എന്നും അറിയാം. എന്നാലും ഓടിനടന്ന് എല്ലാ സിനിമയിലും അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. സിനിമ മാത്രമാണ് കരിയര്‍ എന്നും തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ പഠനം തുടരുന്നു. ഒരിക്കലും പഠനം സിനിമയ്ക്ക് വേണ്ടി കോംപ്രമൈസ് ചെയ്തിട്ടില്ല, നമിത പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Namitha Pramod About the controversy

We use cookies to give you the best possible experience. Learn more