സൗണ്ട് തോമ എന്ന സിനിമയെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തനിക്ക് ക്രിഞ്ച് ഫീല്‍ തോന്നാറുണ്ടെന്ന് നടി നമിത പ്രമോദ്. ആ സമയത്ത് ചെയ്യേണ്ടതുകൊണ്ട് ചെയ്തതാണെന്നും ഇന്ന് ചെയ്തതൊക്കെ ഓര്‍ക്കുമ്പോള്‍ ക്രിഞ്ച് ഫീലാണെന്നും നമിത പറഞ്ഞു.
ചന്ദ്രട്ടന്‍ എവിടെയാ സിനിമ ചെയ്യുമ്പോള്‍ ഒരു റിലേഷന്‍ഷിപ്പോ ബ്രേക്കപ്പോ തനിക്ക് ഇല്ലായിരുന്നുവെന്നും അങ്ങനെയൊരു സമയത്ത് കല്യാണം കഴിഞ്ഞ ഒരാളെ പ്രേമിക്കുന്ന ലേഡിയായിട്ട് എങ്ങനെ അഭിനയിക്കുമെന്ന് ഒരുപിടുത്തവും ഇല്ലായിരുന്നുവെന്നും നമിത പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സൗണ്ട് തോമ എന്ന സിനിമ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് ക്രിഞ്ച് അടിക്കും. ആ സമയത്ത് അത് ചെയ്തതാണ്. അന്ന് ചെയ്തത് ഒക്കെ ഓര്‍ക്കുമ്പോള്‍ ക്രിഞ്ച് ഫീലാണ്.
ചന്ദ്രട്ടന്‍ എവിടെയാ കുഴപ്പമില്ല. പക്ഷെ എനിക്ക് ആ സിനിമ ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് എനിക്ക് ഒരു റിലേഷന്‍ഷിപ്പോ ബ്രേക്കപ്പോ ഇല്ല. അങ്ങനെയൊരു സമയത്ത് കല്യാണം കഴിഞ്ഞ ഒരാളെ പ്രേമിക്കുന്നു.
എങ്ങനെ ചെയ്യുമെന്ന് ഒരുപിടുത്തവും ഇല്ലായിരുന്നു. പിന്നെ ഡാന്‍സറായിട്ടാണ് അഭിനയിക്കുന്നത്. അതുകൊണ്ട് അവരുടെ കുറച്ച് മൂവ്‌മെന്റ്‌സ് പഠിച്ചു. അന്നെനിക്ക് കാര്യമായിട്ട് ഒന്നും അറിയില്ലായിരുന്നു,” നമിത പറഞ്ഞു.
കൂടാതെ തന്റെ പുതിയ കഫേയിലേക്ക് മമ്മൂട്ടി അപ്രതീക്ഷിതമായി വന്നതിനെക്കുറിച്ചും നമിത അഭിമുഖത്തില്‍ പറഞ്ഞു.
”കഫേ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ മമ്മൂക്കയുടെ അടുത്ത് ഞാന്‍ ഡയറക്ട് മെസേജ് അയച്ചു. എനിക്ക് ഭയങ്കര റെസ്‌പെക്ട് ഉള്ള ആളാണ് മമ്മൂക്ക. എനിക്ക് ഒത്തിരി ഇഷ്ടമാണ് അദ്ദേഹത്തെ.
ഞാന്‍ എന്റെ കഫേ തുടങ്ങുകയാണ്. എനിക്ക് ഭയങ്കര ആഗ്രഹമുണ്ട്, മമ്മൂക്ക എന്നെങ്കിലും വരണം എന്നൊക്കെ ഞാന്‍ പറഞ്ഞു. ബിസിനസ് തുടങ്ങിയതില്‍ ഒരുപാട് സന്തോഷമുണ്ട്. വരും എന്നാണ് മമ്മൂക്ക എനിക്ക് തിരിച്ച് മെസേജ് അയച്ചത്.
ഉച്ചകഴിഞ്ഞ് ഞാന്‍ ഉറങ്ങുമ്പോഴാണ് പിശാരടി ചേട്ടന്‍ എന്നെ വിളിച്ച് മമ്മൂക്ക വരുന്നുണ്ട് എന്ന കാര്യം പറഞ്ഞത്. എനിക്ക് ആകെ അതിശയമായിരുന്നു. മൊത്തത്തില്‍ അദ്ദേഹം കഫേ എല്ലാം കണ്ടു. നല്ല രസം ഉണ്ട് എന്നൊക്കെ പറഞ്ഞു. അദ്ദേഹം വരുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. എനിക്ക് പറയാന്‍ പറ്റാത്ത അത്രയും സന്തോഷമാണ് തോന്നിയത്,” നമിത പറഞ്ഞു.
content highlight: actress namitha pramod about sound thoma movie