| Friday, 30th September 2022, 12:56 pm

വിവാഹശേഷം അഭിനയിക്കില്ലെന്ന് പറഞ്ഞത് അന്നത്തെ പക്വതക്കുറവുകൊണ്ട്; പാര്‍ട്ണറിന് വേണ്ടി എന്തിന് കരിയര്‍ ഉപേക്ഷിക്കണം: നമിത പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ടനായികയാണ് നമിത പ്രമോദ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിവാഹശേഷം അഭിനയിക്കില്ലെന്ന് നമിത പറഞ്ഞിരുന്നു. എന്നാല്‍ ആ തീരുമാനം തെറ്റായിപോയി എന്ന് പറയുകയാണ് താരം.

പങ്കാളിയ്ക്ക് വേണ്ടി കരിയര്‍ മാറ്റിവയ്ക്കുമെന്നത് പക്വതയില്ലാത്ത പറച്ചിലായിരുന്നുവെന്നും അത്തരം തെറ്റിദ്ധാരണ മാറാനായി തന്നെ സ്വധീനിച്ചവരെക്കുറിച്ചും വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ് നമിത.

”കുറച്ച് നാളുകള്‍ക്ക് മുന്നേ ഞാന്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. കല്ല്യാണം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്നായിരുന്നു ഞാന്‍
അന്ന് പറഞ്ഞത്. വളരെ നല്ലൊരു തീരുമാനമാണ് നിങ്ങള്‍ എടുത്തത് എന്നായിരുന്നു പലരും എന്നോട് പറഞ്ഞത്.

മൂന്ന് നാല് വര്‍ഷം കഴിഞ്ഞു ഞാന്‍ അത് പറഞ്ഞിട്ട്. ആ കാര്യം പറയുമ്പോള്‍ ഉണ്ടായ സാഹചര്യം വ്യത്യസ്തമായിരുന്നു. അന്ന് ഞാന്‍ എടുത്ത തീരുമാനം കറക്ട് ആയിരുന്നോയെന്ന് അത് കഴിഞ്ഞിട്ട് ഞാന്‍ ആലോചിച്ചു. പക്വത ഇല്ലാത്ത ആറ്റിറ്റിയൂഡ് കൊണ്ട് ഞാന്‍ പറഞ്ഞ കാര്യമാണോ അതെന്ന് പിന്നീട് കുറേ ആലോചിച്ചു.

അത്തരത്തിലൊരു ആറ്റിറ്റിയൂഡ് കൊണ്ട് പറഞ്ഞ കാര്യമാണെന്ന് ഞാന്‍ തിരിച്ചറിയുകയും ചെയ്തു. ചിലപ്പോള്‍ ഞാന്‍ അഭിനയിക്കാം അഭിനയിക്കാതിരിക്കാം, എങ്ങനെ എനിക്ക് ഭാവിയെക്കുറിച്ച് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

എന്റെ പാര്‍ട്ണറിന് വേണ്ടി കരിയര്‍ ഉപേക്ഷിക്കാന്‍ പറ്റില്ല. ആ സമയത്ത് കരിയര്‍ നിര്‍ത്താന്‍ എനിക്ക് തോന്നുന്നില്ലെങ്കില്‍ നിര്‍ത്താന്‍ കഴിയില്ല. അത്തരമൊരു പ്രസ്താവന നടത്തിയതിന്റെ പേരില്‍ എനിക്ക് അതില്‍ നിന്നും മാറാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുകയാണെന്ന് കരുതുക, അത് എന്റെ ഭാവിയെ എത്രത്തോളം ബാധിക്കും.

വേറെ ഒന്നും ചെയ്യാനറിയാത്ത എനിക്ക് വിവാഹം കഴിഞ്ഞും അഭിനയം തുടരേണ്ടി വരും. ഇതൊന്നും ചിന്തിക്കാതെയാണ് ഞാന്‍ അന്ന് അത്തരമൊരു പ്രസ്താവന നടത്തിയത്. വളരെ തെറ്റായൊരു സ്റ്റേറ്റ്‌മെന്റ് തന്നെയായിരുന്നു അത്.

കാരണം എന്റെ കൂടെ വര്‍ക്ക് ചെയ്ത എത്രയാളുകള്‍ വിവാഹത്തിന് ശേഷവും അഭിനയിക്കുന്നുണ്ട്. നസ്രിയ, റിമ, അങ്ങനെ കുറേ പേര് വര്‍ക്ക് ചെയ്യുന്നുണ്ട്. ഭയങ്കരമായ മണ്ടത്തരമായിരുന്നു വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന് പറഞ്ഞത്. പക്വതയില്ലാത്ത പ്രസ്താവനയായിപ്പോയി.

എന്റെ തെറ്റായിരുന്നു. അങ്ങനെ തന്നെ പറയുന്നതില്‍ ഒരു കുഴപ്പവും തോന്നുന്നില്ല. കാരണം ഓരോ പ്രായം കൂടുമ്പോഴും നമ്മള്‍ പുരോഗമിക്കുകയാണ് വേണ്ടത്. അല്ലാതെ താഴോട്ട് പോകുകയല്ല.

അങ്ങനെയൊരു മാറ്റം എന്റെ ചിന്തയിലുണ്ടാകാനുള്ള കാരണം ഉള്ളിലുണ്ടായ മാറ്റമായിരിക്കാം അല്ലെങ്കില്‍ പരിചയപ്പെട്ട ആളുകളുടെ സ്വാധീനമായിരിക്കാം. അന്ന് 17,18 വയസ്സ് പ്രായമുള്ളവരായിരുന്നു എന്റെ സുഹൃത്തുക്കള്‍.

ഇപ്പോള്‍ എനിക്ക് 40വയസ്സിന് മുകളിലുള്ളവര്‍ വരെ സുഹൃത്തുക്കളായി ഉണ്ട്. എന്റെ സുഹൃത്ത് കല്ല്യാണം കഴിഞ്ഞ് പ്രസവിച്ചതിന് ശേഷവും ജോലി ചെയ്യുന്നുണ്ട്. അങ്ങനെ ജോലിക്ക് പോകാത്തവരെയും കാണുന്നുണ്ട്. അതൊക്കെ എന്നിലും മാറ്റം വരുത്തിയിട്ടുണ്ട്,” നമിത പറഞ്ഞു.

Content Highlight: Actress Namitha Pramod about her false statement, she would not act after marriage because of her immaturity at that time

We use cookies to give you the best possible experience. Learn more