|

മമ്മൂക്കയുടെ മകനാണെന്ന രീതി ഒരിക്കലും ദുല്‍ഖറിനില്ല, വിക്രമാദിത്യന്‍ സിനിമ കഴിഞ്ഞതിന് ശേഷം എന്നെ ഇങ്ങനെയാണ് വിളിക്കുക: നമിത പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നമിത പ്രമോദ്. ദുല്‍ഖര്‍ സല്‍മാനുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് പറയുകയാണ് നമിത.

മമ്മൂട്ടിയുടെ മകനാണെന്ന് രീതിയിലുള്ള പെരുമാറ്റം ദുല്‍ഖറില്‍ നിന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് നടി പറഞ്ഞു. ഇന്ന് വലിയ പാന്‍ഇന്ത്യന്‍ സ്റ്റാറായിട്ട് പോലും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ മാറ്റമില്ലെന്നും നമിത ജാംഗോ സ്‌പെയ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”ദുല്‍ഖര്‍ ഭയങ്കര നല്ല വ്യക്തിയാണ്. നമ്മള്‍ എപ്പോള്‍ മെസേജ് അയച്ചാലും വളരെ സ്‌നേഹത്തോടെയാണ് മറുപടി തരാറുള്ളത്. അന്നും ഇന്നും ഒരു മാറ്റവും വരാത്ത ആളായിട്ടാണ് എനിക്ക് തോന്നുന്നത്.

വിക്രമാദിത്യനില്‍ അദ്ദേഹമെന്നെ ഈര്‍ക്കിലി ചമ്മന്തിയെന്നാണ് വിളിച്ചിരുന്നത് ഇന്നും അങ്ങനെ തന്നെയാണ് എന്നെ വിളിക്കുന്നത്. എന്തെങ്കിലും ചോദിച്ചാല്‍ യെസ് ഈര്‍ക്കിലി പറയൂ എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി.

എന്ത് ചോദിച്ചാലും വളരെ സ്‌നേഹത്തോടെയാണ് അദ്ദേഹം മറുപടി പറയുക. എപ്പോഴും നമുക്ക് അദ്ദേഹത്തോട് ഒരു ഇഷ്ടം തോന്നും അതുപോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമുണ്ടാവുക. മമ്മൂക്കയുടെ മകനാണെന്ന രീതിയിലുള്ള പെരുമാറ്റം അന്നും ഉണ്ടായിട്ടില്ല. ഇന്ന് അത്രയും വലിയ പാന്‍ഇന്ത്യന്‍ ആക്ടര്‍ ആണെന്ന ഫീല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴും ഇല്ല.

അനുപമയുടെ ജിം ട്രെയ്‌നര്‍ ആണെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ ആരോടും ജിം ട്രെയ്ന്‍ ചെയ്ത് തരുമോയെന്നൊന്നും ചോദിച്ചിട്ടില്ല. അത്തരത്തിലുള്ള ഹെല്‍പ്പ് അല്ല ഞാന്‍ പറഞ്ഞത്. നമ്മള്‍ എന്ത് ചോദിച്ചാലും വളരെ നന്നായി അത് പറഞ്ഞു തരും. അദ്ദേഹം വളരെ സ്വീറ്റാണ്,” നമിത പറഞ്ഞു.

നാദിര്‍ഷ സംവിധാനം ചെയ്ത ഈശോയാരുന്നു അടുത്ത് ഇറങ്ങിയ നമിതയുടെ സിനിമ. ജയസൂര്യ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സോണി ലിവിലായിരുന്നു റിലീസ് ചെയ്തത്.

content highlight: actress namitha pramod about dulquer salmaan