എന്റെ മാതാപിതാക്കള്‍ ഇരു മതവിഭാഗത്തില്‍പ്പെട്ടവരാണ് ; എല്ലാ ജാതിമത വിഭാഗക്കാരേയും ഒരുപോലെയാണ് കണ്ടത്: നദിയ മൊയ്തു
മലയാള സിനിമയുടെ എവര്‍ഗ്രീന്‍ നായികയെന്ന് നദിയ മൊയ്തുവിനെ വിശേഷിപ്പിക്കാം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ ഗേളിയോട് മലയാളികള്‍ക്ക് ഇന്നും ഒരിഷ്ടക്കൂടുതലുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയപ്പോഴും പണ്ടത്തെ അതേ സ്‌നേഹത്തോടെയാണ് ആരാധകര്‍ നദിയയെ സ്വീകരിച്ചത്. സിനിമയിലേക്കുള്ള തന്റെ വരവിനെ കുറിച്ചും കുടുംബത്തില്‍ നിന്നും തനിക്ക് കിട്ടിയ പിന്തുണയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മലയാളമനോരമ വാര്‍ഷികപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നദിയ.
‘കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ മോഡലിങ് ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. കോളേജിലെ ഫോട്ടോഗ്രഫി ഡിപാര്‍ട്‌മെന്റില്‍ കുട്ടികളുടെ സ്ഥിരം മോഡലും ഞാനായിരുന്നു. പ്രൊഫഷണല്‍ മോഡലിങ്ങിലേക്ക് പലരും ക്ഷണിച്ചെങ്കിലും പോയില്ല. കുടുംബത്തിന്റേയോ സമൂഹത്തിന്റെയോ വിലക്കൊന്നും ഉണ്ടായിട്ടല്ല.
എല്ലാവര്‍ക്കും അറിയാം എന്റെ മാതാപിതാക്കള്‍ ഇരു മതവിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന്. അതുകൊണ്ട് തന്നെ എല്ലാ ജാതിമത വിഭാഗങ്ങളേയും ഒരുപോലെയാണ് കണ്ടിരുന്നതും,’ നദിയ മൊയ്തു പറഞ്ഞു.
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമ തനിക്ക് ലഭിച്ചത് സംവിധായകന്‍ ഫാസിലിന്റെ സഹോദരന്‍ ഖായീസ് വഴിയാണെന്നും നദിയ പറഞ്ഞു. അദ്ദേഹമാണ് എന്നെ കുറിച്ച് ഫാസിലിനോട് പറയുന്നത്. ആ സിനിമയ്ക്ക് പിന്നിലുള്ള എല്ലാവരേയും വീട്ടില്‍ എല്ലാവര്‍ക്കും അറിയാമെന്നുള്ളതുകൊണ്ടാണ് ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. പിന്നാലെ ഫാസില്‍ വന്ന് കഥ പറഞ്ഞു. 18 വയസുമാത്രമായിരുന്നു അന്ന് എന്റെ പ്രായം, നദിയ പറയുന്നു.
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് കഴിഞ്ഞ് പിന്നീടും നിരവധി സിനിമകള്‍ തന്നെ തേടിയെത്തിയെങ്കിലും ചെയ്തില്ലെന്നും വീണ്ടും നാല് മാസക്കാലത്തോളം കോളേജില്‍ പോയെന്നും എന്നാല്‍ സിനിമയില്‍ നിന്നും തുടരെ വിളികള്‍ എത്തിയതോടെ ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിയുകയായിരുന്നെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും വീണ്ടും അഭിനയരംഗത്ത് തുടര്‍ന്നാല്‍ അത് കുടുംബജീവിതത്തെ ബാധിക്കുമെന്ന് തോന്നിയതുകൊണ്ടാണ് ഇടവേളയെടുത്തതെന്നും താരം പറഞ്ഞു.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് സിനിമ വേണ്ടെന്ന് വെച്ചതില്‍ ഒരിക്കല്‍ പോലും സങ്കടം തോന്നിയിട്ടില്ലെന്നും മറിച്ച് സ്വകാര്യ ജീവിതത്തോട് കൂടുതല്‍ നീതി പുലര്‍ത്താനായെന്നാണ് തോന്നിയിട്ടുള്ളതെന്നും നദിയ അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Actress Nadhiya Moidu about her parents and cinema career