Movie Day
അല്‍പ്പമൊന്ന് മാറിയാല്‍ അശ്ലീലചുവ വരുമായിരുന്ന ഒരു സീന്‍; നോക്കെത്താ ദൂരത്തിലെ കറുത്ത കണ്ണട സീനിനെ കുറിച്ച് നദിയ
നദിയ മൊയ്തുവെന്ന അഭിനേത്രിയെ മലയാളികള്‍ക്ക് പപരിചയപ്പെടുത്തിയ ചിത്രമായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട്. മോഹന്‍ലാല്‍ – നദിയ മൊയ്തു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം അക്കാലത്തെ ഹിറ്റു ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തിലെ ഏറെ രസകരമായ കറുത്ത കണ്ണട സീന്‍ ചിത്രീകരിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നദിയ.
അല്‍പ്പമൊന്ന് തെറ്റിമാറിയാല്‍ അശ്ലീലചുവ വരുമായിരുന്ന ആ സന്ദര്‍ഭത്തെ അതീവ ഭംഗിയോടെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് ഫാസില്‍ എന്ന സംവിധായകന്റെ മികവ് തന്നെയാണെന്നാണ് നദിയ പറയുന്നത്. മനോരമയുടെ വാര്‍ഷികപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു നദിയ.
‘ ആ സീന്‍ ഫാസില്‍ വിശദീകരിക്കുമ്പോള്‍ തന്നെ ഞങ്ങളെല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. പക്ഷേ ഇപ്പോഴും ആളുകള്‍, പ്രത്യേകിച്ച് സിനിമാ മേഖലയിലുള്ളവര്‍ എന്നോട് ആ സീനിന്റെ മനോഹാരിതയെ കുറിച്ച് പറയാറുണ്ട്.
അല്‍പമൊന്ന് തെന്നി മാറിയാല്‍ അശ്ലീലച്ചുവ വരുമായിരുന്ന സന്ദര്‍ഭത്തെ അതീവ ഭംഗിയായി സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് ഫാസില്‍ എന്ന സംവിധായകന്റെ മികവ് തന്നെയാണ്.
ഇപ്പോള്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഏറെ വരുന്നുണ്ട്. പക്ഷേ 40 വര്‍ഷം മുന്‍പ് അത്തരത്തിലൊരു സിനിമയും തനി തന്റേടിയായ കഥാപാത്രവും സൃഷ്ടിക്കപ്പെട്ടു. ഓരോ സീനിലും ഞാന്‍ എന്തു ചെയ്യണമെന്ന് ഫാസില്‍ കാണിച്ചു തരുമായിരുന്നു.
അതിനൊപ്പം എന്റെ ചില മാനറിസങ്ങള്‍ കൂടി ചേര്‍ന്നേപ്പാള്‍ അത് ഗേളിയായി മാറി. എല്ലാറ്റിനും ഉപരി ലാലേട്ടന്റെ അതിമനോഹരമായ റിയാക്ഷനുകളാണ് ആ സീനിന്റെ യഥാര്‍ത്ഥ ജീവന്‍. അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് അത്തരത്തിലൊന്നും ലഭിച്ചില്ലെങ്കില്‍ ആ സീന്‍ ഇത്ര ആസ്വാദ്യകരമാകില്ലായിരുന്നു.
സെറീന മൊയ്തു എന്നായിരുന്നു എന്റെ യഥാര്‍ത്ഥ പേര്. ഈ സിനിമയിലാണ് ഞാന്‍ നാദിയയായി മാറിയത്. അതിന്റെ കാരണം ചോദിച്ചിട്ടില്ല. സംവിധായകന്‍ ജോഷി എന്നെ ‘ഗുണ്ട’ എന്നാണ് തമാശയ്ക്ക് വിളിച്ചിരുന്നത്.
സിനിമയുടെ തമിഴ് പതിപ്പ് കണ്ട് അക്കാലത്ത് ഗേളിയെപ്പോലൊരു ഗേള്‍ ഫ്രണ്ട് ഉണ്ടാകണണെന്ന് ആഗ്രഹിച്ചിരുന്നെന്ന് തമിഴിലെ ഒരു പ്രധാന സംവിധായകന്‍ എന്നോട് പറഞ്ഞിരുന്നു. എനിക്ക് ഇത്രയും മൈലേജ് കിട്ടിയ ഒരു കഥാപാത്രം വേറെയില്ല. ആ മൈലേജിലാണ് ഞാന്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്’, നദിയ മൊയ്തു പറയുന്നു.
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് കഴിഞ്ഞ് പിന്നീടും നിരവധി സിനിമകള്‍ തന്നെ തേടിയെത്തിയെങ്കിലും ചെയ്തില്ലെന്നും വീണ്ടും നാല് മാസക്കാലത്തോളം കോളേജില്‍ പോയെന്നും എന്നാല്‍ സിനിമയില്‍ നിന്നും തുടരെ വിളികള്‍ എത്തിയതോടെ ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിയുകയായിരുന്നെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീണ്ടും അഭിനയരംഗത്ത് തുടര്‍ന്നാല്‍ അത് കുടുംബജീവിതത്തെ ബാധിക്കുമെന്ന് തോന്നി. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് സിനിമ വേണ്ടെന്ന് വെച്ചതില്‍ ഒരിക്കല്‍ പോലും സങ്കടം തോന്നിയിട്ടില്ലെന്നും മറിച്ച് സ്വകാര്യ ജീവിതത്തോട് കൂടുതല്‍ നീതി പുലര്‍ത്താനായെന്നാണ് തോന്നിയിട്ടുള്ളതെന്നും നദിയ അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Actress nadhiya about Nokketha Doorathu Movie scenes and Mohanlal